- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് കളിക്കണമെന്ന് ഷാന്റോ; മിണ്ടിയാല്‍ സുരക്ഷാ ഭീഷണിയെന്ന് ലിറ്റണ്‍ ദാസ്; ഐസിസിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് നസ്‌റുല്‍; ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്തേക്ക്? ഇന്ത്യയോടുള്ള പകയില്‍ പണി കിട്ടുന്നത് സ്വന്തം താരങ്ങള്‍ക്ക്

ധാക്ക: മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ ടീമില്‍ നിന്നും പുറത്താക്കിയതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം ട്വന്റി 20 ലോകകപ്പ് ബഹിഷ്‌കരണത്തില്‍ വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ലോകകപ്പില്‍ കളിക്കണമെന്ന ആവശ്യം തുറന്നുപറഞ്ഞ് ക്രിക്കറ്റ് താരങ്ങള്‍. ബംഗ്ലദേശിന്റെ സൂപ്പര്‍ താരം നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ലോകകപ്പ് മുടങ്ങരുതെന്നാണ് ആഗ്രഹമെന്ന് തുറന്നടിച്ചത്. ഐസിസി അനാവശ്യ സമ്മര്‍ദമാണ് ചെലുത്തുന്നതെന്നും വേദി മാറ്റിയാല്‍ അല്ലാതെ ലോകകപ്പില്‍ പങ്കെടുക്കില്ലെന്നുമുള്ള ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെതിരെയാണ് ഷാന്റോ രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം ബംഗ്ലദേശ് ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതു തന്റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നും ബംഗ്ലദേശ് ക്യാപ്റ്റന്‍ ലിറ്റന്‍ ദാസ് പറഞ്ഞു. ബംഗ്ലദേശ് പ്രീമിയര്‍ ലീഗ് മത്സരത്തിനുശേഷം അവതാരകന്റെ ചോദ്യത്തിനു മറുപടി പറയുന്നതിനിടെയാണ് സുരക്ഷയെക്കുറിച്ച് ലിറ്റന്‍ ദാസ് ആശങ്ക പങ്കുവച്ചത്.
ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍നിന്നു മാറ്റണമെന്നാണ് ബംഗ്ലദേശിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം ഐസിസി തള്ളിയതോടെ ബംഗ്ലദേശ് ലോകകപ്പ് ബഹിഷ്‌കരണത്തിന് ഒരുങ്ങുകയാണ്. തീരുമാനം പറയാന്‍ ബുധനാഴ്ച വരെയാണ് ബംഗ്ലദേശിന് സമയം അനുവദിച്ചത്. ഇതിനിടെയാണ് ഷാന്റോയും ലിറ്റന്‍ ദാസും അഭിപ്രായം പ്രകടിപ്പിച്ചത്.
ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകുന്നത് സംബന്ധിച്ചോ വിവാദത്തിലോ കളിക്കാരുമായി ബോര്‍ഡ് ഒരുതരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും പക്ഷേ കളിക്കാരെല്ലാവരും ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും ഷാന്റോ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ വിവാദങ്ങള്‍ കളിക്കാരെ മാനസികമായി തകര്‍ത്തിട്ടുണ്ട്. ഇത് വളരെ ദുര്‍ഘടമായ സമയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്ക് എപ്പോഴും കളിക്കാനാണ് ഇഷ്ടം. പ്രത്യേകിച്ചും ലോകകപ്പ് പോലെ ഒരു ഇവന്റ് നടക്കുമ്പോള്‍ അവിടെ ഉണ്ടാകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ലോകകപ്പ് കൃത്യമായ ഇടവേളകളിലല്ലേ വരുന്നത്. പ്രത്യേകിച്ചും 50 ഓവര്‍ ഫോര്‍മാറ്റ് നാലു വര്‍ഷത്തിലൊരിക്കലേ വരൂ. ക്രിക്കറ്റ് കളിക്കാന്‍ ഇത്ര വിശാലമായ അവസരം ലഭിക്കുന്നത് ഭാഗ്യമായാണ് ഞങ്ങളെല്ലാവരും കരുതുന്നത്'- ഷാന്റോ വ്യക്തമാക്കി.
''ഞങ്ങള്‍ ലോകകപ്പ് കളിക്കുമെന്നു നിങ്ങള്‍ക്ക് ഉറപ്പുണ്ടോ തീരുമാനം അനിശ്ചിതമായി തുടരുകയാണെന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ ആര്‍ക്കും കൃത്യമായ ഉത്തരമുണ്ടാകില്ല. നിങ്ങള്‍ ഇനി എന്താണു ചോദിക്കാന്‍ പോകുന്നതെന്ന് നന്നായി അറിയാം. പക്ഷേ അത് എന്റെ സുരക്ഷയെ ബാധിക്കും. അതുകൊണ്ടു തന്നെ ഉത്തരം പറയാന്‍ താല്‍പര്യമില്ല''ലിറ്റന്‍ ദാസ് പ്രതികരിച്ചു.
കളിക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കിലും ബോര്‍ഡില്‍ എന്താണ് നടക്കുന്നതെന്നതിനെ കുറിച്ച് തനിക്ക് കാര്യമായ ധാരണ ഇല്ലെന്നും ആഭ്യന്തര കാര്യങ്ങള്‍ അന്വേഷിക്കുകയോ അറിയുകയോ ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അന്തിമ തീരുമാനം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്റേതാണെന്നും എല്ലാം ശുഭകരമായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. വിവാദത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍ ബംഗ്ലദേശിന്റെ ട്വന്റി20 ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട് ബിസിബി കളിക്കാരോട് ഔദ്യോഗിക ആശയ വിനിമയം നടത്തിയിട്ടില്ലെന്നും സുരക്ഷാ കാരണങ്ങളെ തുടര്‍ന്നെടുത്ത തീരുമാനത്തില്‍ കളിക്കാരുടെ അഭിപ്രായം തേടിയിട്ടില്ലെന്നുമാണ് ദാസ് പറഞ്ഞത്.
ലോകകപ്പില്‍ കളിക്കില്ലെന്ന കാര്യത്തില്‍ ബംഗ്ലദേശ് കടുംപിടിത്തം തുടര്‍ന്നാല്‍ പകരക്കാരായി സ്‌കോട്‌ലന്‍ഡിനെ കളിപ്പിക്കാനുള്ള ആലോചനയിലാണു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ബംഗ്ലദേശ് തീരുമാനം മാറ്റില്ലെന്നു രാജ്യത്തെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ പ്രതികരിച്ചിരുന്നു. ''ഞങ്ങളെ നിര്‍ബന്ധിച്ച് ഇന്ത്യയില്‍ കളിപ്പിക്കാന്‍ സാധിക്കില്ല. ബംഗ്ലദേശിനെ ലോകകപ്പില്‍നിന്നു പുറത്താക്കുമെന്ന് ആരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ബിസിസിഐയ്ക്കു വഴങ്ങി ഐസിസി ഞങ്ങളെ സമ്മര്‍ദത്തിലാക്കാനാണു ശ്രമിക്കുന്നതെങ്കില്‍ അതു നടക്കില്ല.''നസ്‌റുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ബംഗ്ലദേശില്‍ ഹിന്ദു വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ബംഗ്ലദേശ് താരങ്ങളെ ഐപിഎല്‍ കളിപ്പിക്കരുതെന്ന് വിവിധ സംഘടനകള്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇതോടെ ഐപിഎല്‍ ലേലത്തില്‍ വിറ്റുപോയ ഒരേയൊരു ബംഗ്ലദേശ് താരമായ മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്താക്കി. പിന്നാലെയാണ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന് ബംഗ്ലദേശ് ഭീഷണി മുഴക്കിയത്. എന്നാല്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ഹിന്ദു മത വിശ്വാസിയായ ലിറ്റന്‍ ദാസിനെ ബംഗ്ലദേശ് ക്യാപ്റ്റനാക്കി. ഐപിഎല്‍ മത്സരങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിന് ബംഗ്ലദേശില്‍ വിലക്കുണ്ട്.
ഐപിഎല്‍ മിനി ലേലത്തില്‍ ഒന്‍പത് കോടിയിലേറെ രൂപയ്ക്ക് ബംഗ്ലദേശ് താരമായ മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എടുത്തിരുന്നു. എന്നാല്‍ ഇന്ത്യബംഗ്ലദേശ് ബന്ധം വഷളായതോടെ ഐപിഎലില്‍ നിന്ന് മുസ്തഫിസുറിനെ റിലീസ് ചെയ്യാന്‍ ബിസിസിഐ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നം സങ്കീര്‍ണമായത്. ഇന്ത്യയിലേക്ക് ട്വന്റി20 ലോകകപ്പിനായി എത്തുകയില്ലെന്നും ബംഗ്ലദേശിന്റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമായിരുന്നു ബിസിബിയുടെ ആവശ്യം. എന്നാല്‍ ഇത് ഐസിസി അംഗീകരിച്ചില്ല. തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ബിസിബി സൂചന നല്‍കിയത്. ബംഗ്ലദേശ് ഒഴിവായാല്‍ സ്‌കോട്‌ലന്‍ഡാവും പകരക്കാരാവുക. എന്നാല്‍ ഇത് സംബന്ധിച്ച് സ്‌കോട്‌ലന്‍ഡ് ബോര്‍ഡുമായി ഐസിസി ആശയവിനിമയം നടത്തിയിട്ടില്ല. തീരുമാനമറിയിക്കാന്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഐസിസി ഇന്ന് കൂടിയാണ് സമയം അനുവദിച്ചിരിക്കുന്നത്.


