ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. തീരുമാനം രാജ്യാന്തര ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടാനുള്ള സാധ്യത ഏറെ. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്നായിരുന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (PCB) പ്രഖ്യാപനം. എന്നാല്‍, ഈ 'ബഹിഷ്‌കരണ നാടകത്തിന്' ഐസിസി അംഗരാജ്യങ്ങളില്‍ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യം വെറും തന്ത്രമാണെന്നും ഇതില്‍ കഴമ്പില്ലെന്നും മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ തുറന്നടിച്ചതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലോകത്ത് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ തേടി പാക്ക് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരു ബോര്‍ഡ് പോലും പാക്കിസ്ഥാനെ പിന്തുണച്ച് രംഗത്തുവരാന്‍ തയ്യാറായില്ല. ഇതോടെ ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാമെന്ന് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പാക് നീക്കത്തിലെ വൈരുദ്ധ്യങ്ങള്‍ ഐസിസിയിലെ മറ്റ് അംഗ രാജ്യങ്ങള്‍ ചോദ്യം ചെയ്തതോടെ ഉത്തരമില്ലാത്ത അവസ്ഥയിലാണ് പിസിബി. ഈയിടെ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ യാതൊരു എതിര്‍പ്പുമില്ലാതെ ഇന്ത്യയ്ക്കെതിരെ കളിച്ച പാകിസ്ഥാന്‍, മുതിര്‍ന്നവരുടെ ടീമിന്റെ കാര്യത്തില്‍ മാത്രം രാഷ്ട്രീയം കലര്‍ത്തുന്നത് എന്തുകൊണ്ടെന്നാണ് പ്രധാന ചോദ്യം. ഇന്ത്യ-പാക്ക് പോരാട്ടം നടക്കുന്നത് നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്. ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരാന്‍ പറഞ്ഞ സുരക്ഷാ കാരണങ്ങള്‍ ശ്രീലങ്കയിലെ മത്സരത്തിന് ബാധകമല്ലെന്ന് ഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത് എന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ തുറന്നടിച്ചു. ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്ന പാകിസ്ഥാന്റെ വാദം, ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു പ്രതിസന്ധി മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കാണുന്നത്. പാക്ക് സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതല്ലാതെ ബഹിഷ്‌കരണത്തെക്കുറിച്ച് ഐസിസിയുമായി ഔദ്യോഗികമായി ബന്ധപ്പെടാന്‍ പിസിബി ഇതുവരെ തയ്യാറായിട്ടില്ല. ഔദ്യോഗികമായ ആശയവിനിമയത്തിന്റെ അഭാവവും പിസിബിയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ കാരണമായെന്നും വിലയിരുത്തലുണ്ട്.

പാക്കിസ്ഥാന്റെ ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശശുദ്ധിയെയും വൈരുദ്ധ്യങ്ങളും മറ്റ് അംഗ ബോര്‍ഡുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈയിടെ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ യാതൊരു പ്രതിഷേധമോ ബഹിഷ്‌കരണ ഭീഷണിയോ ഇല്ലാതെ പാക്കിസ്ഥാന്‍ യുവ ടീം ഇന്ത്യയ്ക്കെതിരെ കളിച്ചിരുന്നു.ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുന്നത് നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണെന്നും ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരാന്‍ പറഞ്ഞ സുരക്ഷാ പ്രശ്‌നങ്ങള്‍ ശ്രീലങ്കയിലെ മത്സരത്തിന് ബാധകമല്ലെന്നും മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ നിലപാടെടുത്തു.

ഐസിസിയുടെ ഔദ്യോഗിക മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ട് പോയാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് സാമ്പത്തികമായി തകരും. ഏകദേശം 38 മില്യണ്‍ ഡോളറില്‍ (300 കോടിയിലധികം രൂപ) പാക് ക്രിക്കറ്റ് ബോര്‍ഡ് പിഴ ഒടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാല്‍ പാക്കിസ്ഥാന് ലോകകപ്പ് പോയിന്റുകള്‍ നഷ്ടമാകും. ഭാവി ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കും നേരിടാം.

അതേ സമയം ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ വിലക്കാന്‍ ഐസിസിക്കു കഴിയില്ലെന്ന് ഐസിസി മുന്‍ ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി വ്യക്തമാക്കി. മുന്‍ പിസിബി ചെയര്‍മാന്‍ കൂടിയാണ് മാനി. പാക്കിസ്ഥാനെതിരായ വിലക്ക് പ്രായോഗികമല്ലെന്ന് ഇഹ്‌സാന്‍ മാനി പറഞ്ഞു. തീരുമാനം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേതാണെന്നും പിസിബിക്ക് അതില്‍ പങ്കില്ലെന്നതുമാണ് ഇതിനു കാരണമായി മാനി പറയുന്നത്.

മാത്രമല്ല, 2025ല്‍ ചാംപ്യന്‍സ് ട്രോഫി മത്സരത്തിനായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയെ ആരും വിലക്കിയിരുന്നില്ലെന്നും മാനി ചൂണ്ടിക്കാട്ടി. ''സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ പാക്കിസ്ഥാനെതിരെ യാതൊരു ഉപരോധവും ഉണ്ടാകില്ല. 2025ലെ ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ്.'' ഇഹ്‌സാന്‍ മാനി പറഞ്ഞു.

ഇരട്ടത്താപ്പ് പറ്റില്ലെന്നും നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഐസിസി പക്ഷം പിടിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. ക്രിക്കറ്റില്‍ സര്‍ക്കാരുകള്‍ക്ക് കയറി ഇടപെടാനുള്ള അവസരവും ഐസിസി നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 2003 മുതല്‍ 2006 വരെ ഐസിസി ചെയര്‍മാനായി സേവനമനുഷ്ഠിച്ചയാളാണ് ഇഹ്‌സാന്‍ മാനി.

ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഞായറാഴ്ചയാണ് പാക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പക്ഷേ ഇന്ത്യയ്‌ക്കെതിരെ ടീം കളിക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പിസിബി ഇക്കാര്യം ഇതുവരെയും ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ബംഗ്ലദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി പകരം സ്‌കോട്ട്‌ലന്‍ഡിനെ പ്രഖ്യാപിച്ചത് മുതല്‍ പാക്കിസ്ഥാനും ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണി പിസിബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വി മുഴക്കിയിരുന്നു. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരാവും കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും നിലപാടെടുത്തു.

ഗ്രൂപ്പ് എയില്‍ ഇന്ത്യ, നമീബിയ, നെതര്‍ലന്‍ഡ്‌സ്, യുഎസ്എ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് പാക്കിസ്ഥാനുള്ളത്. സല്‍മാന്‍ അലി ആഗ നയിക്കുന്ന പാക് ടീം ഇന്നലെ വൈകിട്ടോടെ കൊളംബോയിലെത്തി. ഫെബ്രുവരി ഏഴിന് നെതര്‍ലന്‍ഡ്സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി നാളെ അയര്‍ലന്‍ഡിനെതിരെ പാക്കിസ്ഥാന്‍ സന്നാഹ മത്സരവും കളിക്കും.