മുംബൈ: അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ട് ഇന്ത്യയെ ആറാം തവണയും കിരീടത്തിലേക്ക് നയിച്ച മാസ്മരിക ഇന്നിംഗ്‌സിലൂടെ വൈഭവ് സൂര്യവംശിയെന്ന 14-കാരന്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയമാണ്. 80 പന്തില്‍ 175 റണ്‍സ് അടിച്ചുകൂട്ടി ചരിത്രം കുറിച്ച ഈ കൗമാരതാരം കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വരുന്ന വിചിത്രമായ നിയമക്കുരുക്കുകളാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കിരീടപ്രതീക്ഷയുമായി എത്തിയ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ഒറ്റയ്ക്ക് തല്ലിത്തകര്‍ത്താണ് വൈഭവ് ഇന്ത്യയ്ക്ക് ആറാം അണ്ടര്‍ 19 ലോകകപ്പ് കിരീടം സമ്മാനിച്ചത്. 80 പന്തില്‍ നിന്ന് 175 റണ്‍സ് അടിച്ചെടുത്ത ആ ഇന്നിങ്സിനിടെ പിറന്നത് റെക്കോഡുകളുടെ ഒരു പെരുമഴ തന്നെയായിരുന്നു. 15 സിക്സും 15 ഫോറും പിറന്ന വൈഭവിന്റെ ഇന്നിങ്സോടെ ഫൈനലില്‍ ഇന്ത്യ മേല്‍ക്കൈ നേടിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷം അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റില്‍ വൈഭവ് അടിച്ചെടുത്ത റണ്‍സിനും തിരുത്തിക്കുറിച്ച റെക്കോഡുകള്‍ക്കും കണക്കില്ല. സ്വാഭാവികമായും വൈഭവിനെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് ഉടന്‍ തന്നെ പരിഗണിക്കണമെന്ന മുറവിളികള്‍ ചുറ്റും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു താരത്തെ ഇത്തവണത്തെ ടി20 ലോകകപ്പിലടക്കം കളിപ്പിക്കാമായിരുന്നില്ലേ എന്നും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ബിസിസിഐ വിചാരിച്ചാലും ഇപ്പോള്‍ വൈഭവിനെ സീനിയര്‍ ടീമിലെടുക്കാന്‍ സാധിക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഒരു നിയമം കാരണമാണത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കണമെങ്കില്‍ ഒരു താരത്തിന് ചുരുങ്ങിയത് 15 വയസ് തികഞ്ഞിരിക്കണം എന്നാണ് നിയമം. യുവ അത്ലറ്റുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി 2020-ല്‍ അവതരിപ്പിച്ചതാണ് ഈ നിയമം. 2011 മാര്‍ച്ച് 27-നാണ് വൈഭവ് ജനിച്ചത്. അതായത് അണ്ടര്‍ 19 ലോകകപ്പ് വിജയിക്കുമ്പോഴും വൈഭവിന് 15 വയസ് തികഞ്ഞിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിനായി എത്ര തന്നെ സെഞ്ചുറികള്‍ നേടിയാലും ഐപിഎല്ലില്‍ രാജസ്ഥാനായി എങ്ങനെ തകര്‍ത്ത് കളിച്ചാലും 2026 മാര്‍ച്ച് 27-ന് ശേഷമല്ലാതെ ദേശീയ ടീം സെലക്ടര്‍മാര്‍ക്ക് വൈഭവിന്റെ പേര് സീനിയര്‍ ടീമിലേക്ക് പരിഗണിക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെ സീനിയര്‍ കുപ്പായം അണിയാന്‍ കൗമാര പ്രതിഭ കാത്തിരിക്കേണ്ടി വരും.

സീനിയര്‍ ടീമിലെത്താനുള്ള പ്രായം വൈഭവിനായിട്ടില്ല. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ, ഇന്ത്യയ്ക്കായി ഇനി ഒരു അണ്ടര്‍ 19 ലോകകപ്പ് കളിക്കാന്‍ വൈഭവിനാവില്ല. 2028-ലെയും 2030-ലെയും അണ്ടര്‍ 19 ലോകകപ്പുകളില്‍ പങ്കെടുക്കാന്‍ പ്രായം കൊണ്ട് വൈഭവിന് സാധിക്കും. കാരണം അപ്പോഴും താരത്തിന്റെ പ്രായം 19 വയസില്‍ താഴെയായിരിക്കും. എന്നാല്‍ ബിസിസിഐയുടെ 'വണ്‍-ടൂര്‍ണമെന്റ്' നിബന്ധന വൈഭവിന് ഇവിടെ തടസമാകുക. ഈ നിബന്ധന കാരണം ഒരു തവണ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചാല്‍ പിന്നീട് ആ താരത്തെ അതേ ടൂര്‍ണമെന്റിനുള്ള ടീമിലേക്ക് പിന്നീട് പരിഗണിക്കില്ല. അണ്ടര്‍ 19 സര്‍ക്യൂട്ടിലെ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനും ജൂനിയര്‍ തലത്തില്‍ വ്യാപകമായിരുന്ന പ്രായത്തട്ടിപ്പ് അവസാനിപ്പിക്കാനുമായി 2016 മുതലാണ് ബിസിസിഐ ഈ നിബന്ധന കര്‍ശനമാക്കിയത്. ജൂനിയര്‍ തലത്തില്‍ മാത്രം ഒതുങ്ങാതെ താരങ്ങളെ സീനിയര്‍ ടീമിലേക്ക് വളരാന്‍ പ്രേരിപ്പിക്കുക എന്നതാണ് രാഹുല്‍ ദ്രാവിഡ് മുന്നോട്ടുവെച്ച ഈ നിയമത്തിന്റെ ലക്ഷ്യം. അതിനാല്‍ തന്നെ ഇത്തവണ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വൈഭവിനെ അടുത്ത തവണ അണ്ടര്‍ 19 ലോകകപ്പില്‍ നമുക്ക് കാണാന്‍ സാധിക്കില്ല.

'ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല'

ഫൈനല്‍ മത്സരത്തിന് തലേദിവസം തനിക്ക് ഒരു മണിക്കൂര്‍ പോലും ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് വൈഭവ് വെളിപ്പെടുത്തി. 'ഇന്ത്യക്കായി ഭാവിയില്‍ സീനിയര്‍ ലോകകപ്പുകള്‍ കളിച്ചേക്കാം, പക്ഷേ അണ്ടര്‍-19 ലോകകപ്പ് കളിക്കാന്‍ ഇനി ഒരിക്കലും അവസരം ലഭിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ആ സമ്മര്‍ദ്ദവും ആവേശവും കാരണമാണ് ഉറക്കം നഷ്ടപ്പെട്ടത്,' താരം പറഞ്ഞു. 'റേ സ്‌പോര്‍ട്‌സിന്' നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ആ ഉറക്കമില്ലാത്ത രാത്രിക്ക് ശേഷം വൈഭവ് കളിക്കളത്തില്‍ തീപ്പൊരി ചിതറിച്ചപ്പോള്‍ പിറന്നത് ഇന്ത്യയുടെ ആറാം ലോകകിരീടമാണ്.

ഫൈനല്‍ മത്സരത്തെ 'സാധാരണ കളി'യായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് സാധ്യമായിരുന്നില്ല. മത്സരത്തിന്റെ തലേദിവസം രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരു മണിക്കൂര്‍ പോലും തികച്ചുറങ്ങിയിട്ടുണ്ടാകില്ല. കാരണം എത്രയൊക്കെ സാധാരണ കളിയായി കാണാന്‍ ശ്രമിച്ചാലും ഒരു സമ്മര്‍ദ്ദം ഞങ്ങളില്‍ ഉണ്ടായിരുന്നു. ഇന്ത്യക്കായി ഭാവിയില്‍ സീനിയര്‍ തലത്തില്‍ ലോകകപ്പുകള്‍ കളിക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കാന്‍ ഇനി ഒരിക്കലും അവസരം ലഭിക്കില്ല. അത് ഏതൊരു താരത്തിനും മറക്കാനാവാത്ത നിമിഷമാണെന്നും വൈഭവ് പറഞ്ഞു.

തന്റെ കരിയറിലെ ഒരേയൊരു അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ അവിസ്മരണീയമാക്കാന്‍ എന്തായാലും വൈഭവിനായി. 80 പന്തില്‍ നിന്ന് 175 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ്, ഐസിസി ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ ഒരു ഫൈനലില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യ്ക്തിഗ സ്‌കോറെന്നറെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. 55 പന്തില്‍ നിന്നായിരുന്നു വൈഭവ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇന്നലെ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആറാം തവണയും കിരീടം ചൂടിയത്.

സൂര്യവംശിയുടെ റെക്കോഡുകള്‍

സീനിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടെ ഐ.സി.സി. അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഫൈനലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് വൈഭവ് സൂര്യവംശി വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരേ നേടിയത്. 2022 വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ, ഓസ്‌ട്രേലിയയുടെ അലിസ ഹീലി നേടിയ (170 റണ്‍സ്) റെക്കോഡ് മറികടന്നു.

ഏകദിനത്തിലെ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ് (15) എന്ന റെക്കോഡിട്ടു. ഡിസംബറില്‍ യു.എ.ഇ.യ്ക്കെതിരേ 14 സിക്‌സ് നേടിയ സ്വന്തം റെക്കോഡ് മറികടന്നു.

15 ഫോറും 15 സിക്‌സും നേടി. ബൗണ്ടറികളിലൂടെ മാത്രം 150 റണ്‍സടിച്ച് യൂത്ത് ഏകദിനത്തിലെ റെക്കോഡിട്ടു.

യൂത്ത് ഏകദിനത്തിലെ വേഗമേറിയ 150 (71 പന്തില്‍ 150).

യൂത്ത് ഏകദിനത്തിലെ 25 ഇന്നിങ്‌സില്‍ വൈഭവ് 110 സിക്‌സ് നേടി. ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ സിക്‌സ്.