- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാംഖഡെയില്‍ വിജയസൂര്യന്‍! കുഞ്ഞന്‍മാരായ യുഎസ്എയ്ക്ക് മുന്നില്‍ വിയര്‍ത്ത് ജയിച്ച് ഇന്ത്യ; ബാറ്റിംഗിലെ പാളിച്ചകള്‍ ബൗളിംഗില്‍ തീര്‍ത്തു; രക്ഷകനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍! സിറാജിന്റെ തിരിച്ചുവരവ്; ട്വന്റി 20 ലോകകപ്പില്‍ ജയത്തുടക്കം

മുംബൈ: ട്വന്റി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആവേശകരമായ മത്സരത്തില്‍ യു.എസ്.എയെ 29 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ബൗളിംഗില്‍ ഇന്ത്യയെ വിറപ്പിച്ച അമേരിക്കക്ക് പക്ഷെ ബാറ്റിംഗില്‍ ആ മികവ് പുറത്തെടുക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അമേരിക്കയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സിലൊതുങ്ങി. 162 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉണര്‍ത്താതെയാണ് അമേരിക്ക വാംഖഡെയില്‍ അടിയറവ് പറഞ്ഞത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 161-8, അമേരിക്ക 20 ഓവറില്‍ 132-8.
162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അമേരിക്കക്ക് തുടക്കത്തിലെ അടിതെറ്റി. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറില്‍ ആന്‍ഡ്രീസ് ഗൗസ് സിക്‌സ് അടിച്ച് ഞെട്ടിച്ചെങ്കിലും അതേ ഓവറില്‍ ഗൗസിനെ(6) മടക്കി സിറാജ് പ്രതികാരം തീര്‍ത്തു. മൂന്നാ ഓവറില്‍ അര്‍ഷ്ദീപ് സിംഗ് ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേലിനെ(0) പൂജ്യത്തിന് മടക്കി. തന്റെ രണ്ടാം ഓവറില്‍ സായ്‌തേജ മുക്കാമല്ലയെ(2) കൂടി മടക്കിയ സിറാജ് അമേരിക്ക തല ഉയര്‍ത്തില്ലെന്ന് ഉറപ്പിച്ചു. മിലിന്ദ് കുമാറും സഞ്ജയ് കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് അമേരിക്കയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയെങ്കിലും റണ്‍നിരക്ക് കുറവായിരുന്നത് ഇന്ത്യക്ക് ആശ്വാസമായി. സഞ്ജയ് കൃഷ്ണമൂര്‍ത്തിയെ(37) അക്‌സറും മിലിന്ദ് കുമാറിനെ(34) വരുണ്‍ ചക്രവര്‍ത്തിയും പുറത്താക്കിയതോടെ പ്രതീക്ഷ നഷ്ടമായ അമേരിക്കയ്ക്ക് ശുഭം രഞ്ജനെ(37) നടത്തിയ ചെറുത്തു നില്‍പ്പ് തോല്‍വിഭാരം കുറച്ചു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപും അക്‌സറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ യു.എസ്.എക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് എത്തുമ്പോഴേക്കും മൂന്ന് ബാറ്റര്‍മാര്‍ കൂടാരം കയറിയതോടെ യു.എസ്.എയുടെ നില പരുങ്ങലിലായി. എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിലിന്ദ് കുമാര്‍-സഞ്ജയ് കൃഷ്ണമൂര്‍ത്തി സഖ്യം പതിയെ യു.എസ്.എയെ മുന്നോട്ട് നയിച്ചു. എന്നാല്‍, മിലിന്ദ് കുമാറിനെ പുറത്താക്കി വരുണ്‍ കൂട്ടുകെട്ട് പൊളിച്ചു. സഞ്ജീവ് കൃഷ്ണമൂര്‍ത്തിയും പിടിച്ച് നില്‍ക്കാന്‍ നോക്കിയെങ്കിലും പട്ടേലിന് മുന്നില്‍ വീണു. പിന്നീടെത്തിയ ഹര്‍മീത് സിങ്ങിനേയും മുഹമ്മദ് മൊഹ്‌സിനേയും ഇന്ത്യന്‍ ബൗളര്‍മാര്‍ അതിവേഗം മടക്കി അയച്ചു. ഒടുവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയില്‍ യു.എസ് പോരാട്ടം അവസാനിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്‌നിര ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ യു.എസിന് മുമ്പില്‍ അടിപതറുന്നതാണ് ഇന്ന് മുംബൈയില്‍ കണ്ടത്. 84 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. സൂര്യകുമാറിന്റെ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് വലിയ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ തന്നെ യുഎസ്എ ബോളര്‍മാര്‍ ഞെട്ടിച്ചു. ആദ്യ ഓവറില്‍ സൗരഭ് നേത്രവല്‍ക്കറിനെ നേരിട്ട ഇഷാന്‍ കിഷന്‍ ശരിക്കും വിയര്‍ത്തു. ആദ്യ പന്തുകളില്‍ ടച്ച് കിട്ടാന്‍ ബുദ്ധിമുട്ടിയ ഇഷാന്‍, അഞ്ചാം പന്തില്‍ ഒരു സിക്‌സര്‍ പറത്തി താളം കണ്ടെത്തി. എന്നാല്‍ രണ്ടാം ഓവറില്‍ അലി ഖാനാണ് ഇന്ത്യയെ ശരിക്കും ഞെട്ടിച്ചത്. രണ്ടാ ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഗോള്‍ഡ് ഡക്കായി അലി ഖാന്‍ മടക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കാകുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് അഭിഷേക്. ഗൗതം ഗംഭീര്‍,ആശിഷ് നെഹ്‌റ, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ എന്നിവരാണ് ഇതിനു മുന്‍പ് ഇങ്ങനെ പുറത്തായവര്‍.
രണ്ടാം വിക്കറ്റില്‍ ഇഷാനും തിലകും ചേര്‍ന്ന് വമ്പന്‍ അടികളുമായി ഇന്നിങ്‌സ് മുന്നോട്ടു നീക്കിയെങ്കിലും ആറാം ഓവര്‍ എറിയാന്‍ എത്തിയ ഷഡ്ലി വാന്‍ ഷാല്‍ക്വിക്ക് ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. രണ്ടാം പന്തില്‍ ഇഷാന്‍ കിഷനെ(16 പന്തില്‍ 20) വീഴ്ത്തിയ ഷഡ്ലി, അഞ്ചാം പന്തില്‍ തിലകിനെയും (16 പന്തില്‍ 25), ആറാം പന്തില്‍ ശിവം ദുബെയെയും മടക്കുകയായിരുന്നു. ഒരു റണ്‍സിനിടെയാണ് മൂന്നു വിക്കറ്റും വീണത്. ഇതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 4ന് 46 എന്ന നിലയിലായി ഇന്ത്യ. 2024 ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ പവര്‍പ്ലേ സ്‌കോറാണിത്.
ഇതിനു ശേഷം സൂര്യകുമാര്‍ യാദവ് റിങ്കു സിങ് സഖ്യം അല്‍പനേരം ക്രീസില്‍ പിടിച്ചുനിന്നെങ്കിലും 12ാം ഓവറില്‍ റിങ്കുവിനെ (14 പന്തില്‍ 6) മുഹമ്മദ് മൊഹ്സിന്‍ വീഴ്ത്തി. പിന്നീട് പ്രതീക്ഷ നല്‍കി ക്രീസിലെത്തിയത് ഉജ്വല ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിനെ (6 പന്തില്‍ 5) ഹര്‍മീത് സിങ്ങും മടക്കി. ഇതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. ഏഴാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പും ഇതും തന്നെ.
11 പന്തില്‍ 14 റണ്‍സെടുത്ത അക്ഷറിനെ, 17ാം ഓവറില്‍ ഹര്‍മീത് സിങ് മടക്കി. പിന്നീടെത്തിയ അര്‍ഷ്ദീപ് സിങ് (6 പന്തില്‍ 4) ഒരറ്റത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 19ാം ഓവറില്‍ ഷഡ്ലി വാന്‍ ഷാല്‍ക്വിക്ക് പുറത്താക്കുകയായിരുന്നു. അവസാന ഓവറില്‍ രണ്ടു സിക്‌സും രണ്ടു ഫോറും സഹിതം 21 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ സ്‌കോര്‍ 160 കടത്തിയത്. പത്താമനായി ഇറങ്ങിയ വരുണ്‍ ചക്രവര്‍ത്തി (0) അവസാന പന്തില്‍ റണ്ണൗട്ടായി. ഇന്ത്യന്‍ നിരയില്‍ രണ്ടു പേര്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ആറു പേര്‍ രണ്ടക്കം കാണാതെ പുറത്തായി. യുഎസിനായി ഷഡ്ലി വാന്‍ ഷാല്‍ക്വിക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍മീത് സിങ് രണ്ടും അലി ഖാന്‍, മുഹമ്മദ് മൊഹ്സിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


