കൊളംബോ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി ജയവുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സിംബാബ്വെ. ലോക ക്രിക്കറ്റിലെ തന്ന വമ്പന്മാരായ, മുന്‍ ചാംപ്യന്മാരായ, ഇത്തവണയും ചാംപ്യന്മാരാകാന്‍ സാധ്യതയുണ്ടെന്ന് കല്‍പ്പിക്കപ്പെടുന്ന ഓസ്‌ട്രേലിയയെ 23 റണ്‍സിന് കീഴടക്കിയാണ് സിംബാബ്വെ ചരിത്ര ജയം സ്വന്തമാക്കിയത്. കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കംഗാരുക്കളെ 23 റണ്‍സിനാണ് സിംബാബ്വെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത സിംബാബ്വെ 20 ഓവറില്‍ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 19. 3 ഓവറില്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.

നാല് ഓവറില്‍ 17 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ബ്ലെസ്സിങ് മുസറബാനിയും 3.3 ഓവറില്‍ 23 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ബ്രാഡ് ഇവാന്‍സും ചേര്‍ന്നാണ് ഓസീസിനെ കെട്ടുകെട്ടിച്ചത്. ഓസീസ് ബാറ്റിങ് നിരയെ തുടക്കത്തില്‍ തന്നെ വിറപ്പിക്കാന്‍ സിംബാബ്വെയ്ക്കായി. 4.3 ഓവറില്‍ ജോഷ് ഇംഗ്ലിസ് (8), കാമറൂണ്‍ ഗ്രീന്‍ (0), ടിം ഡോവിഡ് (0), ട്രാവിസ് ഹെഡ് (17) എന്നിവരെ പുറത്താക്കിയ അവര്‍ ഓസീസിനെ നാലിന് 29 റണ്‍സെന്ന നിലയിലാക്കി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഗ്ലെന്‍ മാക്സ്വെല്‍ - മാറ്റ് റെന്‍ഷോ സഖ്യം ഓസീസിനെ കളിയിലേക്ക് തിരിച്ചെത്തിച്ചിരുന്നു. 59 പന്തില്‍ നിന്ന് ഇരുവരും 77 റണ്‍സ് ചേര്‍ത്തതോടെ മത്സരം ഓസീസിന് അനുകൂലമായെന്ന് തോന്നിച്ചു. എന്നാല്‍ 15-ാം ഓവറില്‍ മാക്സ്വെല്ലിനെ പുറത്താക്കി റയാന്‍ ബര്‍ലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 32 പന്തില്‍ നിന്ന് 31 റണ്‍സെടുത്തായിരുന്നു മാക്സ്വെല്ലിന്റെ മടക്കം.




പിന്നാലെ പരിക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങിയ മാര്‍ക്കസ് സ്റ്റോയ്നിസിനെയും (6) പുറത്താക്കി സിംബാബ്വെ ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. എന്നാല്‍ റെന്‍ഷോ ക്രീസിലുള്ളത് വെല്ലുവിളിയായി. ഒടുവില്‍ 19-ാം ഓവറിലെ നാലാം പന്തില്‍ റെന്‍ഷോടെ മടക്കി മുസറബാനിയാണ് മത്സരം പൂര്‍ണമായും സിംബാബ്വെയുടെ വരുതിയിലാക്കിയത്. 20-ാം ഓവറിലെ മൂന്നാം പന്തില്‍ മാത്യു കുനെമാന്‍ റണ്ണൗട്ടായതോടെ സിംബാബ്വെയ്ക്ക് ചരിത്ര ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. 56 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത ബ്രിയാന്‍ ബെന്നെറ്റാണ് അവരുടെ ടോപ് സ്‌കോറര്‍. 21 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ടി. മറുമാനിയും 30 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത റയാന്‍ ബര്‍ളും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 25 റണ്‍സോടെ പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റില്‍ ബ്രയാന്‍ ബെന്നറ്റും മരുമാനിയും ചേര്‍ന്ന് 61 റണ്‍സെടുത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ ബെന്നറ്റ് റയാന്‍ സഖ്യം 70 റണ്‍സെടുത്തു.