- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ സമ്മതിക്കുന്നു; സഞ്ജു സാംസണെ വിട്ടുകളഞ്ഞത് വലിയ പിഴവായിരുന്നു; ക്യാച്ചുകളാണ് കളി ജയിപ്പിക്കുന്നത്; നിര്‍ഭാഗ്യവശാല്‍, അത് എന്റെ കയ്യില്‍ നിന്നില്ല; ഇന്ത്യക്കെതിരെ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു'; സഞ്ജുവിന്റെ ക്യാച്ച് വിട്ടത് വലിയ പിഴവെന്ന് തുറന്നു സമ്മതിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ മിന്നും ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. അതിനൊപ്പം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനത്തിലൂടെ കളിയിലെ താരമായി മാറിയത് ആരാധകര്‍ക്ക് ഇരട്ടിമധുരമായി മാറി. എന്നാല്‍ മത്സരത്തിന്റെ ഗതി മാറ്റിയത് മലയാളി താരം സഞ്ജു സാംസണിന്റെ ക്യാച്ച് കൈവിട്ടതാണെന്നും അത് തന്റെ വലിയ പിഴവായിരുന്നുവെന്നും മത്സരത്തിന് ശേഷം ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്ക് തുറന്നു സമ്മതിച്ചു. അത് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് പറഞ്ഞ ബ്രൂക്ക് സഞ്ജു മികച്ച ഇന്നിങ്സ് കളിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരേ സെഞ്ചുറി നേടിയ ജേക്കബ് ബെത്തലിനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഏഴു റണ്‍സ് ജയത്തോടെ ഇന്ത്യ ഫൈനലിലുമെത്തി.
ഞാന്‍ സമ്മതിക്കുന്നു, സാംസണെ വിട്ടുകളഞ്ഞത് വലിയ പിഴവായിരുന്നു. ഫീല്‍ഡിങ്ങില്‍ ഞങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. ഇന്ത്യക്കെതിരെ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. - ബ്രൂക്ക് പറഞ്ഞു. ക്യാച്ചുകളാണ് കളി ജയിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, അത് എന്റെ കയ്യില്‍ നിന്നില്ല. എനിക്ക് അത് പിടിക്കാന്‍ കഴിഞ്ഞില്ല. അതേസമയം സഞ്ജു വളരെ മികച്ച ഇന്നിങ്‌സ് കളിച്ചു. ഒരുപക്ഷേ അവര്‍ക്ക് കളി നേടിക്കൊടുത്തത് അതാണെന്ന് പറയാം.'- ബ്രൂക്ക് പറഞ്ഞു.
മൂന്നാം ഓവറിലാണ് ബ്രൂക്ക് സഞ്ജുവിനെ വിട്ടുകളയുന്നത്. പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ ആദ്യ ഓവറില്‍ ഫോറും സിക്‌സും നേടി സഞ്ജു തകര്‍പ്പന്‍ തുടക്കമിട്ടതിന് പിന്നാലെയാണ് സംഭവം. ആര്‍ച്ചറിന്റെ പന്തില്‍ സഞ്ജുവിന്റെ ഷോട്ട് മിഡ് ഓണില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് കൈവിട്ടു. ആ സമയം താരത്തിന്റെ വ്യക്തിഗത സ്‌കോര്‍ 15-ലെത്തിയിരുന്നതേയുള്ളൂ. പിന്നീട് സഞ്ജു പിഴവൊന്നും വരുത്തിയില്ല. ലിയാം ഡോസനെ സിക്സിന് പറത്തി അര്‍ധസെഞ്ചുറി ആഘോഷിക്കുമ്പോള്‍ സഞ്ജു 26 പന്ത് നേരിട്ടിട്ടുണ്ടായിരുന്നുള്ളു. ഇന്ത്യക്കെതിരേ വിജയിക്കാനായില്ലെങ്കിലും ബെത്തലിന്റേത് അവിശ്വസനീയ പ്രകടനമായിരുന്നുവെന്ന് ബ്രൂക്ക് പറഞ്ഞു. ആദ്യ പന്ത് മുതല്‍ തന്നെ എന്താണ് ചെയ്യാനാവുകയെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. ഞങ്ങള്‍ ഒരു നല്ല ടൂര്‍ണമെന്റ് കളിച്ചു. ഞങ്ങള്‍ കളിച്ച രീതിയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തോറ്റുപോയി.- ' ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു.
മറുപടി ബാറ്റിങ്ങില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഘട്ടത്തിലാണ് ഇംഗ്ലണ്ടിനെ ജേക്കബ് ബെത്തല്‍ കരകയറ്റിയത്. മുന്‍ നിര ബാറ്റര്‍മാരെല്ലാം വേഗം കൂടാരം കയറിയതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ വില്‍ ജാക്സിനെയും കൂട്ടുപിടിച്ച് ബെത്തല്‍ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ച ഇരുവരും പതിയെ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ മങ്ങിത്തുടങ്ങി. 13 ഓവര്‍ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഏഴോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 94 റണ്‍സായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച ബെത്തലും വില്‍ ജാക്സും ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചെങ്കിലും പിന്നീട് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന ഓവറുകളില്‍ സമചിത്തതയോടെ പന്തെറിഞ്ഞ ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ ജയത്തിലെത്തിക്കുകയായിരുന്നു.


