മുംബൈ: റണ്‍മല കയറിയ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന്റെ ഓരോ നിമിഷവും ആരാധകര്‍ക്ക് ത്രസിപ്പിക്കുന്ന അനുഭവമായിരുന്നു. ഇംഗ്ലണ്ട് ചേസിങ്ങില്‍ പിടിമുറുക്കിയതോടെ ജയസാധ്യതകള്‍ മാറിമറഞ്ഞു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ജയം നേടുമോ എന്ന് സംശയിക്കവെ മത്സരത്തിന്റെ ഗതി മാറ്റിയത് ബുമ്രയുടെ അവസാന ഓവറുകളായിരുന്നു.

ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്താനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. ആരാധകരും അത് പ്രതീക്ഷിച്ചിരുന്നു. അ കൂട്ടത്തില്‍ മഹേന്ദ്ര സിങ് ധോനിയുടെ ഭാര്യ സാക്ഷിയുമുണ്ടായിരുന്നു. എന്നാല്‍ ഒരു നിമിഷം സാക്ഷിക്ക് അബദ്ധം പറ്റി. ഇംഗ്ലണ്ട് ബാറ്റര്‍ ഔട്ടാണെന്ന് കരുതിയ അവര്‍ തുള്ളിച്ചാടുകയായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഈ വീഡിയോ വന്‍ വൈറലാണ്.

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 18-ാം ഓവറിലാണ് സംഭവം. 17 ഓവറില്‍ 209-5 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. നെഞ്ചിടിപ്പോടെയാണ് ആരാധകര്‍ ശേഷിക്കുന്ന പന്തുകള്‍ കണ്ടുകൊണ്ടിരുന്നത്. ബുംറ എറിഞ്ഞ പന്ത് സാം കറനാണ് നേരിട്ടുകൊണ്ടിരുന്നത്. ഒരു ഷോട്ട് കളിക്കാനുള്ള ശ്രമമായിരുന്നെങ്കിലും കറന് അതിന് സാധിച്ചില്ല. പന്ത് കറന്റെ ബാറ്റില്‍ തട്ടുകയും മൈതാനത്ത് പിച്ചുകുത്തി നേരെ ബുംറയുടെ കൈകളിലെത്തി. ഭൂരിഭാഗം പേര്‍ക്കും ഇത് ഡോട്ട്ബോളാണെന്ന് മനസിലായെങ്കിലും സാക്ഷിക്ക് മനസിലായില്ല. ഇത് ക്യാച്ചാണെന്ന് കരുതി സാക്ഷി തുള്ളിച്ചാടുകയായിരുന്നു.

എന്നാല്‍ ഇടനെ തന്നെ അടുത്തുണ്ടായിരുന്ന ധോനി ഇടപെട്ടു. അത് ഔട്ടല്ലെന്നും അവിടെ ഇരിക്കൂവെന്നും ധോനി പറയുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ധോനി സംഭവം വിശദീകരിച്ചു. അപ്പോഴാണ് ഇംഗ്ലണ്ട് ബാറ്റര്‍ ഔട്ടല്ലെന്ന് സാക്ഷിക്ക് മനസിലായത്. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍ വൈറലാണ്. മഹേന്ദ്രസിങ് ധോനിയുള്‍പ്പെടെ ഒട്ടേറെപ്പേര്‍ വാംഖഡെ സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജെയ്ഷാ, ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും വന്നു.