അഹമ്മദബാദ്: ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങളാണ് ആരാധകര്‍ക്ക് ഇടയിലെ സംസാര വിഷയം. പ്രത്യേകിച്ച് ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനം. മോശം ഫോമിന്റെ പേരില്‍ മാറ്റി നിര്‍ത്തിയ ശേഷം തിരിച്ചുവരവില്‍ തുടര്‍ച്ചയായ രണ്ട് അര്‍ദ്ധ സെഞ്ചുറികളുമായി ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ച സഞ്ജുവിനെ നെഞ്ചേറ്റുകയാണ് ആരാധകര്‍. അതിനിടെ സഞ്ജു സാംസണ്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ നിര്‍ണ്ണായക സെമി ഫൈനലില്‍ നേടിയ 89 റണ്‍സാണ് സഞ്ജുവിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. വെറും നാല് മത്സരങ്ങളില്‍ നിന്ന് 232 റണ്‍സ് നേടിയ സഞ്ജുവിന്റെ ബാറ്റിംഗ് മികവ് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

അതേ സമയംലോകകപ്പിലെ മികച്ച താരത്തിനുള്ള ഐസിസിയുടെ നാമനിര്‍ദ്ദേശ പട്ടികയിലും സഞ്ജു ഇടംപിടിച്ചുകഴിഞ്ഞു. ഫൈനലില്‍ കടന്ന ഇന്ത്യന്‍ നിരയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് പട്ടികയില്‍ ഭൂരിഭാഗവും.

എട്ടു മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തി വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുണ്ടെങ്കിലും, ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തില്‍ സഞ്ജു സാംസണ്‍ ചെലുത്തിയ സ്വാധീനമാണ് ഐസിസി പരിഗണിച്ചത്. മാത്രമല്ല, ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം ഇഷാന്‍ കിഷനാണ്. അദ്ദേഹത്തേയും പരിഗണിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക ക്വാര്‍ട്ടര്‍ ഫൈനലിലും, ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും സഞ്ജു തുടര്‍ച്ചയായി മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ കളിച്ചിരുന്നു. ഈ ഇന്നിംഗ്സുകള്‍ കാരണമാണ് സഞ്ജു പട്ടികയില്‍ ഇടം പിടിച്ചത്. അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിലും സഞ്ജുവില്‍ നിന്ന് രാജ്യം വലിയ പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സഞ്ജു തന്നെയായിരിക്കും ലോകകപ്പിലെ താരം.

സഞ്ജുവിനെ കൂടാതെ എട്ടു താരങ്ങളാണ് പട്ടികയിലുള്ളത്

വില്‍ ജാക്സ് (ഇംഗ്ലണ്ട്): എട്ടു മത്സരങ്ങളില്‍ നിന്ന് നാല് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടിയ ജാക്സ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

സാഹിബ്സാദ ഫര്‍ഹാന്‍ (പാകിസ്ഥാന്‍): പാകിസ്ഥാന്‍ നേരത്തെ പുറത്തായെങ്കിലും, ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 383 റണ്‍സ് നേടി ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഫര്‍ഹാന്‍ മാറി.

ലുങ്കി എന്‍ഗിഡി, എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് നിരയുടെ നട്ടെല്ലായി എന്‍ഗിഡി മാറിയപ്പോള്‍, മൂന്ന് അര്‍ദ്ധസെഞ്ച്വറികളുമായി ക്യാപ്റ്റന്‍ മാര്‍ക്രം ബാറ്റിംഗില്‍ തിളങ്ങി.

രചിന്‍ രവീന്ദ്ര, ടിം സീഫെര്‍ട്ട് (ന്യൂസിലന്‍ഡ്): ഓള്‍റൗണ്ട് പ്രകടനത്തിലൂടെ രചിന്‍ രവീന്ദ്ര കിവികളുടെ ഫൈനല്‍ പ്രവേശനത്തില്‍ വലിയ പങ്കുവഹിച്ചു.

ഷാഡ്ലി വാന്‍ ഷാല്‍ക്വിക് (യുഎസ്എ): ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ യുഎസ് പുറത്തായെങ്കിലും, വെറും നാല് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തി ഷാല്‍ക്വിക് വിസ്മയിപ്പിച്ചു.

വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് ഷാല്‍ക്വിക്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തിന് ശേഷം വിജയിയെ പ്രഖ്യാപിക്കും. പക്ഷേ, വരുണ്‍ കൂടുതല്‍ മത്സരങ്ങള്‍ ലോകകപ്പില്‍ കളിച്ചു.

റണ്‍വേട്ടയിലും സഞ്ജു കുതിക്കുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 77.33 ശരാശരിയും 201.73 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ലോകകപ്പില്‍ ഫിന്‍ അലന് പിന്നില്‍ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റുള്ള താരം സഞ്ജുവാണ്. 16 സിക്സുകളും സഞ്ജു പറത്തി. ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മുന്നില്‍ നില്‍ക്കെ ആദ്യ പത്തിലെത്താനുള്ള അവസരം സഞ്ജുവിനുണ്ട്.

അതേസമയം, ഏഴ് മത്സരങ്ങള്‍ (6 ഇന്നിംഗ്‌സുകള്‍) കളിച്ച ഫര്‍ഹാനാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 383 റണ്‍സാണ് താരം നേടിയത്. ശരാശരി 76.60. സ്‌ട്രൈക്ക് റേറ്റ് 160.25. രണ്ട് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും താരം നേടി. ഒരു ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരവും ഫര്‍ഹാന്‍ ആയിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 292 റണ്‍സ് അടിച്ചെടുത്ത സിംബാബ്വെ താരം ബ്രയാന്‍ ബെന്നറ്റ് രണ്ടാമത്. ഇതില്‍ നാല് തവണ താരം പുറത്തായിട്ടില്ല. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ബെന്നറ്റിന്റെ ഉയര്‍ന്ന സ്‌കോര്‍ 97 റണ്‍സ്. ശരാശരി 146.00. സ്‌ട്രൈക്ക് റേറ്റ് 134.56.

ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ മൂന്നാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് (7 ഇന്നിംഗ്സ്) 289 റണ്‍സ് അലന്‍ നേടി. 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മാര്‍ക്രം മൂന്നാം സ്ഥാനത്താണ്. എട്ട് മത്സരങ്ങള്‍ കളിച്ച താരം 286 റണ്‍സ് നേടി. പുറത്താവാതെ നേടിയ 86 റണ്‍സാണ് മാര്‍ക്രമിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയോടെ ജേക്കബ് ബേതല്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. 8 മത്സരങ്ങളില്‍ 280 റണ്‍സാണ് ബേതല്‍ നേടിയത്. 105 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ന്യൂസിലന്‍ഡ് താരം ടിം സീഫെര്‍ട്ട് ആറാമത്. എട്ട് മത്സരം പൂര്‍ത്തിയാക്കിയ സീഫെര്‍ട്ട് നേടിയത് 274 റണ്‍സ്. പുറത്താവാതെ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇഷാന്‍ കിഷന്‍ ഏഴാം സ്ഥാനത്താണ്. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാം സ്ഥാനത്തും കിഷന്‍ തന്നെ. എട്ട് മത്സരങ്ങളില്‍ നിന്ന് 263 റണ്‍സാണ് കിഷന്‍ നേടിയത്. 77 റണ്‍സാണ് കിഷന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ 18 പന്തില്‍ 39 റണ്‍സെടുത്തിരുന്നു കിഷന്‍. രണ്ട് അര്‍ധ സെഞ്ചുറികളും താരം നേടി.

എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 248 റണ്‍സാണ് നേടിയത്. എട്ട് മത്സരങ്ങള്‍ കളിച്ചു. രണ്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 41.33 ശരാശരിയുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 85 റണ്‍സ്. 186.46 സ്‌ട്രൈക്ക് റേറ്റും ഹെറ്റ്‌മെയര്‍ക്കുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒമ്പതാമത്. എട്ട് മത്സരങ്ങള്‍ കളിച്ച സൂര്യ 242 റണ്‍സാണ് നേടിയത്. പുറത്താകാതെ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് പത്താം സ്ഥാനത്ത. എട്ട് മത്സരങ്ങളില്‍ 235 റണ്‍സ് ബ്രൂക്ക് നേടി. ഉയര്‍ന്ന സ്‌കോര്‍ 100.