ഹൈദരാബാദ്: ആവേശ് ഖാന്റെ ആവേശം അതിരുവിട്ടോ? സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സീസണിലെ ആദ്യ ജയം കുറിച്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ വിജയനിമിഷങ്ങളില്‍ പേസ് ബൗളര്‍ ആവേശ ഖാന്റെ അതിരുവിട്ട ആഘോഷമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. അമ്പയറിംഗ് പിഴവുകളടക്കം ചൂണ്ടിക്കാട്ടി ഹൈദരാബാദ് പരാതി നല്‍കിയതോടെ ലക്‌നൗ താരത്തിനെതിരെ നടപടി വരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഹൈദരാബാദിനെതിരെ ലഖ്നൗ വിന്റ (എല്‍എസ്ജി) വിജയമുറപ്പിച്ചത് ഋഷഭ് പന്തിന്റെ ബൗണ്ടറിയോടെയായിരുന്നു. ആ പന്ത് ബൗണ്ടറിയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ എല്ലാവരും ആവേശത്തില്‍ മതിമറക്കുന്നു. എന്നാല്‍ ആ പന്ത് ബൗണ്ടറിയിലെത്തുന്നതിന് മുമ്പ് തന്നെ ആഘോഷം തുടങ്ങിയ ഒരാളുണ്ടായിരുന്നു,. ആവേശ് ഖാന്‍.. ജയദേവ് ഉനദ്കട്ടിന്റെ 20-ാം ഓവറില്‍ രണ്ട് പന്തില്‍ ഒരു റണ്‍ വേണ്ടിയിരുന്നപ്പോള്‍, പന്ത് ഉനദ്കട്ടിനെ ലോംഗ് ഓഫിലേക്ക് ബൗണ്ടറി പായിക്കുന്നു. എന്നാല്‍ പന്ത് ബൗണ്ടറിയിലെത്തുന്നത് വരെ കാത്തിരിക്കാതെ ഡഗൗട്ടില്‍ നില്‍ക്കുകയായിരുന്ന എല്‍ എസ് ജിയുടെ ആവേഷ് ഖാന്‍ ബാറ്റ് കൊണ്ട് അടിച്ചകറ്റി ആഘോഷിക്കാന്‍ തുടങ്ങുന്നു.

അപ്പോഴും പന്ത് ബൗണ്ടറി ലൈന്‍ കടന്നിരുന്നില്ല.. ആവേശിന്റെ വിചിത്രമായആഘോഷം കണ്ട് അപ്പോള്‍ ടീമംഗങ്ങള്‍ തന്നെ തലയില്‍ കൈവെക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് അംപയറുടെ കണ്ണില്‍ മാത്രം അത് പെട്ടില്ല. അംപയറിങിന്റെ ഭാഗത്ത് നിന്ന് ആരും ഇടപെട്ടുമില്ല. ഇടപ്പെട്ടിരുന്നുവെങ്കില്‍ ഒരുപക്ഷേ, എല്‍ എസ് ജിയുടെം വിജയം തന്നെ റദ്ദായേനെ. ആദ്യ ജയത്തില്‍ ഗോയങ്കയുടെ മുഖത്തെ ആനന്ദാശ്രുക്ക് പകരം സങ്കടക്കടല്‍ ഇരച്ചുമറിഞ്ഞേനെ.

സണ്‍റൈസേഴ്സിന് എതിരായ മത്സരത്തില്‍ ഋഷഭ് പന്തിന്റെ ഒറ്റയാള്‍ പ്രകനമാണ് ലഖ്‌നൗക്ക് വിജയം സമ്മാനിച്ചത്. 52 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയ അദ്ദേഹം അവസാനം വരെ പിടിച്ച് നിന്ന് ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട പന്ത് ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ ഈ മത്സരത്തിലേക്ക് വന്നപ്പോള്‍ ഒരു ഘട്ടത്തില്‍ കളി കൈവിടുമെന്ന ഘട്ടത്തില്‍ നിന്നാണ് പന്ത് മികച്ച ഫോമോടെ കളിയെ ഡീപ്പിലേക്ക് കൊണ്ടുപോയതും ടീമിനെ വിജയത്തിലവേക്കെത്തിച്ചതും. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും പന്ത് പാറപോലെ ഉറച്ച് നില്‍ക്കുകയായിരുന്നു,. അവസാന ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടിയാണ് പന്ത് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. അതിലെ മൂന്നാമത്തെ ബൗണ്ടറി അഥവാ വിജയ റണ്‍സാണ് ആവേശിന്റെ ആവേശത്തില്‍ കുടുങ്ങിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ ഋഷഭ് പന്തിന്റെ അപരാജിത അര്‍ധസെഞ്ചുറി കരുത്തില്‍ (68*) ഒരു പന്ത് ബാക്കി നിര്‍ത്തിയായിരുന്നു ലക്‌നൗ 5 വിക്കറ്റിന് ജയിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ലക്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ ഋഷഭ് പന്ത് സ്‌കോര്‍ തുല്യമാക്കി. പിന്നീടുള്ള നാലു പന്തില്‍ ഒരു റണ്‍സായിരുന്നു ലക്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോളായെങ്കിലും അഞ്ചാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെ ഋഷഭ് പന്ത് ബൗണ്ടറിയിലേക്ക് പായിച്ചു. ബൗണ്ടറിയില്‍ ഫീല്‍ഡര്‍മാരാരും ഇല്ലാതിരുന്നതിനാല്‍ അത് ഉറപ്പായും ബൗണ്ടറി കടക്കുമെന്ന് ഉറപ്പായിരുന്നു. ആ പന്താണ് ആവേശ് ഖാന്‍ തിരിച്ചടിച്ചത്.

പന്ത് ബൗണ്ടറികടക്കാത്ത സാഹചര്യത്തില്‍ അത് ഡെഡ് ബോളാണെന്നാണ് ഹൈദരാബാബാദ് ബിസിസിഐക്ക് രേഖാമൂലം പരാതി നല്‍കിയത്. സീസണിലെ അമ്പയറിംഗ് പിഴവുകളും ഹൈദരാബാദ് പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ടെന്നാണ് ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തില്‍ ഹെന്റിച്ച് ക്ലാസനെ പുറത്താക്കാന്‍ ഫില്‍ സാള്‍ട്ട് എടുത്ത വിവാദ ക്യാച്ചും കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ വരുണ്‍ ചക്രവര്‍ത്തി എടുത്ത ക്യാച്ചില്‍ അഭിഷേക് ശര്‍മ്മയെ പുറത്താക്കിയതും ഹൈദരാബാദ് ചൂണ്ടിക്കാട്ടിയുണ്ട്. അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച അഭിഷേകിന് പിഴ ശിക്ഷയും ലഭിച്ചിരുന്നു.

മത്സര സമയത്ത് അംപയര്‍ ഇടപെട്ടിരുന്നെങ്കില്‍ കാര്യങ്ങള്‍ വഷളാകുകയും ടീമിന് വലിയ നഷ്ടം വരുത്തിവയ്ക്കുകയും ചെയ്യുമായിരുന്നു., ഒരു പക്ഷെ ടീമിന് വിജയം പോലും നഷ്ടമാകുമായിരുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ പ്രകാരം, എംസിസി നിയമം 20.4.2 പ്രകാരം, കളിക്കളത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കളിയില്‍ ഇടപെട്ടാല്‍ ആ ഡെലിവറിയെ ഡെഡ് ബോള്‍ ആയി കണക്കാക്കാമായിരുന്നു. അതിനൊപ്പം അഞ്ച് റണ്‍സ് പിഴയും വിധിച്ചേനെ.

സത്യത്തില്‍ SRH അപ്പീല്‍ നല്‍കാത്തതു കൊണ്ടും അമ്പയര്‍മാര്‍ പോലും ഒരു നടപടിയും സ്വീകരിക്കാത്തു കൊണ്ടും മാത്രമാണ് ഇതൊരു പ്രശ്‌നമാവാതെ പോയത്. മാച്ച് ഒഫീഷ്യലുകള്‍ പ്രശ്‌നം അവഗണിച്ചോ അതോ അവര്‍ക്ക് ഒരു കുഴപ്പവും കണ്ടെത്താന്‍ കഴിഞ്ഞില്ലേ എന്ന് ഇപ്പോഴും വ്യക്തമല്ല. ക്യാമറകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ പ്രശ്‌നം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു. ബൗണ്ടറി ലൈനിനടുത്ത് ഒരു SRH കളിക്കാരനും ഇല്ലായിരുന്നു എന്നതും, ബൗണ്ടറി മാര്‍ക്കില്‍ പന്ത് തടയുന്നതില്‍ നിന്ന് ആവേശിന്റെ പ്രവൃത്തി ഒരു ഫീല്‍ഡറെയും തടഞ്ഞില്ല എന്നതും ന്യായമായി പറയാന്‍ കഴിഞ്ഞേക്കാം. എങ്കിലും, ആവേശിന്റെ ആവേശം ഈ മത്സരത്തില്‍ കുറച്ച് ഓവറായി എന്ന് തന്നെയാണ് ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികളും പറയുന്നത്.