ഇസ്ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റിനു കഷ്ടകാലമാണ്. ചാമ്പ്യന്‍സ് ട്രോഫി ആതിഥേയത്വം കിട്ടിയിട്ടും ടീം ഒരു ജയവുമില്ലാതെ ആദ്യ ഘട്ടത്തില്‍ പുറത്തായിരുന്നു. ഇപ്പോഴിതാ ദി ഹണ്ട്രഡ് പോരാട്ടത്തിനായുള്ള താര ലേലത്തില്‍ ഒരു ടീമിനും പാക്ക്‌ താരങ്ങളെ വേണ്ട. ലേലത്തില്‍ എത്തിയ 45 പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളും അണ്‍ സോള്‍ഡായി.

ഇമദ് വാസിം, സയം അയുബ്, ഷദബ് ഖാന്‍, ഹസന്‍ അലി, നസീം ഷാ എന്നിവരൊക്കെ ലേലത്തില്‍ എത്തിയെങ്കിലും ഒരു ടീമും താരങ്ങളെ സ്വന്തമാക്കാന്‍ മിനക്കെട്ടില്ല. വനിതാ താരങ്ങളായ അലിയ റിയാസ്, ഫാത്തിമ സന, യുസ്ര അമിര്‍, ഇറം ജാവേദ്, ജവെരിയ റൗഫ് എന്നിവരേയും ആരും ടീമിലെടുത്തില്ല.

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദും ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ ബ്രെയ്സ്വെലും മികച്ച തുക സ്വന്തമാക്കി. നൂറിനെ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് ടീമിലെത്തിച്ചു. ബ്രെയ്സ്വെലിനെ സതേണ്‍ ബ്രേവാണ് സ്വന്തമാക്കിയത്. മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ലണ്ടന്‍ സ്പിരിറ്റാണ് ടീമിലെത്തിച്ചത്.