ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പകരം ആര് നായകനാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗില്ലിന് പകരം കെ എല്‍ രാഹുലോ മുന്‍ നായകന്‍ രോഹിത് ശര്‍മയോ ഏകദിന ടീം നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രോഹിത് വീണ്ടും നായക സ്ഥാനം ഏറ്റെടുക്കാന്‍ തയാറാകുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. ഗില്ലിന്റെ പരിക്കാണ് ടീം പ്രഖ്യാപനം വൈകിപ്പിക്കാന്‍ കാരണമായത്.

കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ഗില്‍, വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലാണ്. കഴുത്തിനേറ്റ പരുക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് വിവരം. താരത്തിന്റെ എംആര്‍ഐ സ്‌കാനിങ് ഉള്‍പ്പെടെ എടുത്തിട്ടുണ്ട്. എല്ലിനാണോ ഞരമ്പിനാണോ പരുക്കെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതോടെയാണ് താരത്തിന് കൂടുതല്‍ വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഏകദിന പരമ്പരയ്ക്കു ശേഷം നടക്കുന്ന ട്വന്റി20 പരമ്പരയിലും ഗില്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല.

ഗില്ലിന്റെ അഭാവത്തില്‍ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ ടീമിനെ ആരു നയിക്കുമെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ നേരത്തെ തന്നെ പരുക്കേറ്റ് പുറത്തായിരുന്നു. അഞ്ച് മാസത്തിലേറെ വിശ്രമം വേണ്ട ശ്രേയസ്, മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎലിലൂടെയാകും തിരിച്ചുവരവ് നടത്തുക. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പരുക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ താല്‍ക്കാലിക ക്യാപ്റ്റനെയാണ് ബിസിസിഐ തേടുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്, സീനിയര്‍ താരം കെ.എല്‍.രാഹുല്‍, മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളില്‍ നിറയുന്നത്. എങ്കിലും കെ.എല്‍.രാഹുലിനാണ് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍, ഋഷഭ് പന്താണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നതെങ്കിലും ഏകദിന ടീമില്‍ താരം സ്ഥിരമംഗമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ഏകദിന മത്സരം മാത്രമാണ് പന്ത് കളിച്ചത്. ഇതിനാല്‍ താരത്തെ ക്യാപ്റ്റനാക്കാന്‍ സാധ്യത കുറവാണ്. രോഹിത് ശര്‍മയ്ക്കു പകരമാണ് ഗില്ലിനെ ബിസിസിഐ ഏകദിനത്തില്‍ സ്ഥിരം ക്യാപ്റ്റനാക്കിയത്. അതുകൊണ്ടു തന്നെ ഗില്‍ കളിക്കാതിരിക്കുമ്പോള്‍ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കാന്‍ ബിസിസിഐ താല്‍പര്യപ്പെടില്ല. മറുവശത്ത്, ഏകദിന ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറായ കെ.എല്‍.രാഹുലിന് ക്യാപ്റ്റനാകാന്‍ എല്ലാം സാഹചര്യങ്ങളും അനുകൂലമാണ്.

മുന്‍പ് മൂന്നു ഫോര്‍മാറ്റിലും വൈസ് ക്യാപ്റ്റനായിരുന്ന രാഹുല്‍, മൂന്ന് ഫോര്‍മാറ്റുകളിലും ടീമിനെ നയിച്ചിട്ടുമുണ്ട്. 2023ലാണ് താരത്തെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കിയത്. 12 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച രാഹുല്‍, എട്ടു മത്സരങ്ങളിലും വിജയിച്ചു. രാഹുല്‍ ക്യാപ്റ്റനായാല്‍ വൈസ് ക്യാപ്റ്റനായി ഒരുപക്ഷേ പന്തിനെ നിയമിച്ചേക്കും. രാഹുലിനും പന്തിനും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മറ്റൊരു താരത്തെ വൈസ് ക്യാപ്റ്റനായി പരിഗണിക്കാനും സാധ്യതയുണ്ട്.

ഗില്ലിന്റെ അഭാവത്തില്‍, യശ്വസി ജയ്‌സ്വാള്‍ രോഹിത്തിനൊപ്പം ഓപ്പണറായേക്കുമെന്നാണ് വിവരം. അഭിഷേക് ശര്‍മയെ റിസര്‍വ് ഓപ്പണറായി ഏകദിന ടീമിലേക്കു പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്. സീനിയര്‍ താരം ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചാല്‍ ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പേസ് നിരയെ നയിക്കും. ആകാശ് ദീപിനെയും ചിലപ്പോള്‍ പരിഗണിച്ചേക്കും. പരുക്കില്‍നിന്നു മുക്തനായ ഹാര്‍ദിക് പാണ്ഡ്യ, ഏകദിന ടീമിലുണ്ടാകില്ല. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ ട്വന്റി20യില്‍ മാത്രമാകും ഹാര്‍ദിക്കിനെ പരിഗണിക്കുക. വ്യക്തിപരമായ കാരണങ്ങളാല്‍ കുല്‍ദീപ് യാദവ് ഏകദിന പരമ്പരയില്‍നിന്നു വിട്ടുനില്‍ക്കും. അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരാകും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക.

രോഹിതിന് ഒപ്പം ആര്?

ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഏകദിന പരമ്പരയില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ മധ്യനിരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ ഋതുരാജ് ഗെയ്കവാദോ യശസ്വി ജയ്‌സ്വാളോ ഏകദിന പരമ്പരയില്‍ ഗില്ലിന് പകരം ഓപ്പണറായി ടീമിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യനിരയില്‍ ശ്രേയസിന് പകരം തിലക് വര്‍മയെ കളിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ തിലകിന്റെ പ്രകടനം അത്ര ആശാവഹമായിരുന്നില്ല. ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു താരമായ അഭിഷേക് ശര്‍മക്കും മധ്യനിരയിലേക്ക് പരിഗണിക്കാനിടയുള്ള റിയാന്‍ പരാഗിനും ദക്ഷിണാഫ്രിക്ക എക്കെതിരെ കാര്യമായി തിളങ്ങാനായില്ല.

ഇതോടെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും പിന്നീടൊരിക്കല്‍ പേലും ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന സഞ്ജുവിന്റെ പേരും ചര്‍ച്ചക്കുവരുന്നത്. യുവതാരങ്ങള്‍ പങ്കെടുത്ത റൈസിംഗ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വീണ്ടും ഏകദിന ടീമിലേക്ക് പരിഗണിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.

ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും സെലക്ഷന്‍ കമ്മിറ്റി അംഗം ആര്‍ പി സിംഗും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയയും രണ്ടാം ടെസ്റ്റ് നടക്കുന്ന ഗുവാഹത്തിയിലുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാം ദിനത്തിലെ കളിക്കുശേഷം ടീം പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 30 നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ഡിസംബര്‍ 3,6 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. അതിന് ശേഷം അഞ്ചുമത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് തുടക്കമാവും.