ദുബായ്: ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തകർത്ത് അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ. പാക്കിസ്ഥാന്റെ രണ്ടാം കിരീടമാണിത്. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 26.2 ഓവറിൽ 156 റൺസിന് എല്ലാവരും പുറത്തായി. അബ്ദുൾ സുബാൻ, മുഹമ്മദ് സയ്യാം, അലി റാസ എന്നിവരുടെ കൃത്യതയാർന്ന ബൗളിംഗ് പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.

പാക്കിസ്ഥാന്റെ കൂറ്റൻ സ്കോറിന് പിന്നിൽ ഓപ്പണർ സമീർ മിൻഹാസിന്റെ വെടിക്കെട്ട് സെഞ്ചുറിയായിരുന്നു. 113 പന്തിൽ 172 റൺസാണ് മിൻഹാസ് അടിച്ചുകൂട്ടിയത്. ഒമ്പത് സിക്സറുകളും 17 ഫോറുകളും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ തീപ്പൊരി ഇന്നിംഗ്സ്. 44-ാം ഓവറിൽ 307-4 എന്ന ശക്തമായ നിലയിലായിരുന്ന പാക്കിസ്ഥാൻ, മിൻഹാസിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ചെറിയൊരു തകർച്ച നേരിട്ടെങ്കിലും 347 റൺസെന്ന വൻ വിജയലക്ഷ്യം ഉയർത്താൻ അവർക്ക് കഴിഞ്ഞു. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ മൂന്ന് വിക്കറ്റെടുത്തപ്പോൾ ഖിലൻ പട്ടേലും ഹെനിൽ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 26.2 ഓവറിൽ 156 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 16 പന്തിൽ രണ്ട് സിക്സും ആറ് ഫോറുമടക്കം 36 റൺസ് നേടിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വൈഭവ് സൂര്യവൻഷി (26), ആരോൺ ജോർജ് (16), അഭിഗ്യാൻ കുണ്ടു (13), ഖിലൻ പട്ടേൽ (19) എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ആയുഷ് മാത്രെ (2), വിഹാൻ മൽഹോത്ര (7), വേദാന്ത് ത്രിവേദി (9), കനിഷ്ക് ചൗഹാൻ (9), ഹെനിൽ പട്ടേൽ (9) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.

പാക്കിസ്ഥാന് വേണ്ടി അലി റാസ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, മുഹമ്മദ് സയ്യാം, അബ്ദുൾ സുബ്ഹാൻ, ഹുസൈഫ അഹ്‌സാൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു. ഇതോടെ അണ്ടർ 19 ഏഷ്യാ കപ്പിൽ പാക്കിസ്ഥാൻ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കി. നേരത്തെ 2012-ൽ ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത ജേതാക്കളായിരുന്നു.