കൊളംബോ: 2026 ലെ ടി20 ലോകകപ്പിന് മുന്നോടിയായി കൊളംബോയിൽ നടന്ന ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനത്തിൽ ഐസിസി-ബംഗ്ലാദേശ് തർക്കം വീണ്ടും ചർച്ചയാക്കി പാക്കിസ്ഥാൻ നായകൻ സൽമാൻ അലി ആഗ. ഇന്ത്യയിൽ നിശ്ചയിച്ചിരുന്ന തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സുരക്ഷാ കാരണങ്ങളാൽ മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഷെഡ്യൂളിൽ മാറ്റം വരുത്താൻ ഐസിസി തയ്യാറാകാത്തതിനെത്തുടർന്ന് യാത്ര നിഷേധിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. ബംഗ്ലാദേശ് പുറത്തായതിന് പിന്നാലെ, പാക്കിസ്ഥാൻ ടൂർണമെന്റിൽ പങ്കെടുക്കുമെന്നും എന്നാൽ ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നും അറിയിച്ചു.

ബംഗ്ലാദേശിന്റെ പുറത്താകൽ സങ്കടകരമാണെന്നും അവർ തങ്ങളുടെ സഹോദരങ്ങളാണെന്നും സൽമാൻ അലി ആഗ പറഞ്ഞു. "ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങളാണ്. പാക്കിസ്ഥാനോടുള്ള അവരുടെ പിന്തുണയ്ക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. അവർ ടൂർണമെന്റിൽ ഇല്ലാത്തത് സങ്കടകരമാണ്," അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ബംഗ്ലാദേശ് യുവജന-കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൽ നന്ദി അറിയിച്ചു. ബംഗ്ലാദേശിനെ പുറത്താക്കിയതിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യക്കെതിരായ മത്സരം പാക്കിസ്ഥാൻ ബഹിഷ്‌കരിക്കുന്നത്. "നന്ദി പാക്കിസ്ഥാൻ" എന്ന് ആസിഫ് നസ്രുൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ബുധനാഴ്ച ഇസ്ലാമാബാദിൽ നടന്ന ക്യാബിനറ്റ് യോഗത്തിൽ ഷെഹ്ബാസ് ഷെരീഫ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. "ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. കളിസ്ഥലത്ത് രാഷ്ട്രീയം പാടില്ല. ഞങ്ങൾ ബംഗ്ലാദേശിനൊപ്പം ഉറച്ചു നിൽക്കും," എന്ന് അദ്ദേഹം പറഞ്ഞു.