ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇയെ 41 റൺസിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ സൂപ്പർ ഫോറിലേക്ക്. ഈ വിജയത്തോടെ സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ഉറപ്പായി. പാകിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ പാകിസ്ഥാൻ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. പവർപ്ലേയിൽ ഓപ്പണർമാരായ സാഹിബ്‌സാദ ഫർഹാൻ, സയ്യിം അയൂബ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഫഖാർ സമാന്റെ അർധസെഞ്ചുറി (50 റൺസ്) പാകിസ്ഥാന് മികച്ച സ്കോർ നേടാൻ സഹായിച്ചു. യു.എ.ഇക്ക് വേണ്ടി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റുകൾ വീഴ്ത്തി.

147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയെ പാകിസ്ഥാൻ ബോളർമാർ 17.4 ഓവറിൽ 105 റൺസിന് ഓൾഔട്ടാക്കി. യുഎഇക്കായി രാഹുൽ ചോപ്ര 35 റൺസെടുത്തു. ധ്രുവ് പരാഷർ 20 റൺസ് നേടി. നാലാം വിക്കറ്റിൽ രാഹുൽ-ധ്രുവ് സഖ്യം 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് വിക്കറ്റുകൾ തുടരെ നഷ്ടപ്പെട്ടു.

അതേസമയം സൂപ്പർ ഫോറിൽ ഇന്ത്യയെ നേരിടാൻ ടീം തയ്യാറാണെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘ പറഞ്ഞു. 'ഞങ്ങൾ ഇവിടെ വിജയിക്കാൻ വന്നവരാണ്, ഇന്ത്യക്കെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഞങ്ങൾ കഴിയും,' അദ്ദേഹം പറഞ്ഞു. ടൂർണമെന്റിൽ ഇതുവരെ മികച്ച ഫോം പ്രകടിപ്പിച്ച ഇന്ത്യൻ ടീമിനെ നേരിടാൻ താനും ടീമും തയ്യാറാണെന്ന്ആഘ കൂട്ടിച്ചേർത്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പർ ഫോർ മത്സരം 21ന് ദുബൈയിൽ നടക്കും.