ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് ഐഎസ് ഭീഷണിയുണ്ട് എന്ന് പാകിസ്ഥാന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാനെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പാകിസ്ഥാന്‍ ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി. ചൈനീസ്, അറബ് പൗരന്മാരെയാണ് ഭീകര സംഘടന ലക്ഷ്യമിടുന്നത്.

ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ പതിവായി ഉപയോഗിക്കുന്ന തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഓഫീസുകള്‍, താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ള വീടുകള്‍ സുരക്ഷിത കേന്ദ്രങ്ങളായി വാടകയ്‌ക്കെടുക്കാന്‍ ഐഎസ്‌കെപി പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്.

സിസിടിവി ക്യാമറ നിരീക്ഷണമില്ലാത്തതും റിക്ഷയിലോ മോട്ടോര്‍ സൈക്കിളിലോ മാത്രം പ്രവേശിക്കാന്‍ കഴിയുന്നതുമായ സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. തട്ടിക്കൊണ്ടുപോയ വ്യക്തികളെ രാത്രിയുടെ മറവില്‍ സുരക്ഷിത കേന്ദ്രങ്ങള്‍ക്കിടയില്‍ മാറ്റാനാണ് സംഘം ഉദ്ദേശിക്കുന്നത്. പ്രധാന അന്താരാഷ്ട്ര പരിപാടികള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള പാകിസ്ഥാന്റെ കഴിവിനെക്കുറിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

മുന്‍കാലങ്ങളില്‍ വിദേശ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങളെ രാജ്യം കുറച്ചുകാണുന്നതായി ആരോപിക്കപ്പെട്ടിരുന്നു. 2024-ല്‍ ഷാംഗ്ലയില്‍ ചൈനീസ് എഞ്ചിനീയര്‍മാര്‍ക്കെതിരായ ആക്രമണം, 2009-ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരായ ആക്രമണം തുടങ്ങിയ സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്. അതേസമയം അഫ്ഗാനിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സി പ്രധാന സ്ഥലങ്ങളില്‍ ഐഎസ്‌കെപി ആക്രമണത്തിന് സാധ്യതയുള്ളതായി അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഐഎസ്‌കെപി ഗ്രൂപ്പുമായി ബന്ധമുള്ള കാണാതായ പ്രവര്‍ത്തകരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. 2024 ല്‍ ഐഎസ്‌കെപിയുമായി ബന്ധപ്പെട്ട അല്‍ അസയിം മീഡിയ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പുറത്തിറക്കി,യിരുന്നു. മുസ്ലീങ്ങള്‍ക്കെതിരായ ബൗദ്ധിക യുദ്ധത്തിനുള്ള പാശ്ചാത്യ ഉപകരണമാണ് ക്രിക്കറ്റ് എന്ന് വീഡിയോയില്‍ സംഘം അവകാശപ്പെട്ടിരുന്നു.

ഇസ്ലാമിന്റെ ജിഹാദിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി ഈ കായിക വിനോദം ദേശീയതയെയും പ്രചാരണത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഭീകര ഗ്രൂപ്പിന്റെ വാദം. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നതിന് താലിബാനെയും അവര്‍ വിമര്‍ശിച്ചിരുന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഒമ്പതാം പതിപ്പിനാണ് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പാകിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലാണ് നടക്കുന്നത്. ഇന്നലെ പാകിസ്ഥാനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ ആറ് വിക്കറ്റിന് പാകിസ്ഥാനെ തകര്‍ത്ത് സെമിഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്.