- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നടത്തരുത്; പിന്തുണ അറിയിച്ച് പാക്കിസ്ഥാൻ; ഐസിസിക്ക് കത്തയച്ച് പിസിബി

ധാക്ക: 2026-ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയിലെ വേദികളിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബി.സി.ബി.) പിന്തുണയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ വഷളായ സാഹചര്യവും സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് തങ്ങളുടെ നിലപാട് ഐ.സി.സി.യെ അറിയിച്ചത്. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സി. ബോർഡ് അംഗങ്ങൾക്ക് കത്ത് അയച്ചിട്ടുണ്ട്. ലോകകപ്പിൽ ബംഗ്ലാദേശിന്റെ പങ്കാളിത്തത്തിൽ ഇന്ന് ചേരുന്ന ഐ.സി.സി. യോഗത്തിൽ അന്തിമതീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഗ്രൂപ്പ് ഘട്ടത്തിലെ ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്ന് കളികൾ കൊൽക്കത്തയിലും ഒരു മത്സരം മുംബൈയിലും നടക്കാനാണ് സാധ്യത. എന്നാൽ, തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഐ.സി.സി.യും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പരിഹാരം കാണുന്നതിനായി ഇതിനോടകം പലതവണ ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ വാരം ധാക്കയിൽ വെച്ചും ഒരു യോഗം നടന്നിരുന്നുവെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.
നിശ്ചയിച്ചിട്ടുള്ളതുപോലെ ടൂർണമെന്റ് നടക്കുമെന്ന നിലപാടിലാണ് ഐ.സി.സി. അതേസമയം, ഇന്ത്യയിൽ കളിക്കാൻ തയ്യാറല്ലെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറല്ലെന്ന് ബംഗ്ലാദേശും വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും, ബംഗ്ലാദേശ് സർക്കാർ പാകിസ്ഥാനോട് പിന്തുണ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധത്തിലെ ഈ അഭിപ്രായഭിന്നതകളുടെ തുടക്കം ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളായിരുന്നു. ഈ സാഹചര്യത്തിൽ, ഐ.പി.എല്ലിൽ ഭാഗമായ ഏക ബംഗ്ലാദേശ് താരമായ മുസ്തഫിസുർ റഹ്മാനെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദുത്വ സംഘടനകളും ആത്മീയ നേതാക്കളും പ്രഖ്യാപിച്ചിരുന്നു.
ഇതോടെ, മുസ്തഫിസുറിനെ ലേലത്തിൽ സ്വന്തമാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ബി.സി.സി.ഐയുടെ നിർദേശപ്രകാരം താരത്തെ റിലീസ് ചെയ്യേണ്ടിവന്നു. ഇത് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകരുടെ വലിയ പ്രതിഷേധത്തിലേക്കും നയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതും ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.


