കൊളംബോ: വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ഫീൽഡിംഗ് തിരഞ്ഞെടുത്ത്. മഴ സാധ്യത മുന്നിൽ കണ്ടാണ് പാക് ക്യാപ്റ്റൻ ഫാത്തിമ സന ഇന്ത്യയെ ബാറ്റിങിനയച്ചത്. ഏഷ്യാ കപ്പിൽ പുരുഷ ടീമുകൾക്കിടയിൽ നടന്ന ഹസ്തദാന വിവാദത്തിന് പിന്നാലെ, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും പരസ്പരം ഹസ്തദാനം ചെയ്തില്ല എന്നതും ശ്രദ്ധേയമായി.

ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ വിജയം നേടിയ ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. ബാറ്റിംഗ് ഓൾറൗണ്ടർ അനിജ്യോത് കൗറിന് പകരം ബൗളർ രേണുക സിംഗ് താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. അതേസമയം, ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റ പാകിസ്ഥാൻ ടീമിൽ ഒമൈമ സൊഹൈലിന് പകരം സദഫ് ഷമാസ് കളത്തിലിറങ്ങി. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇത് രണ്ടാം മത്സരമാണ്.

ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് ഏഴ് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാൻ ലോകകപ്പ് പ്രചാരണം ആരംഭിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുടീമും ഏറ്റുമുട്ടിയ 27 മത്സരങ്ങളിൽ 24ലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ടി20 ഫോർമാറ്റിൽ പാകിസ്ഥാൻ മൂന്ന് വിജയങ്ങൾ നേടിയിട്ടുണ്ട്.

പാക്കിസ്ഥാൻ ടീം: മുനീബ അലി, സദാഫ് ഷംസ്, സിദ്ര അമിൻ, ആലിയ റിയാസ്, നതാലിയ പെർവൈസ്, ഫാത്തിമ സന (ക്യാപ്റ്റൻ), റമീൻ ഷമിം, ഡയാന ബെയ്ഗ്, സിദ്ര നവാസ്ർ, നഷ്റ സന്ധു, സാദിയ ഇഖ്ബാൽ.

ഇന്ത്യൻ ടീം: സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ്.