ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ശേഷം ബാറ്റുകൊണ്ട് വെടിയുതിർത്ത് ആഘോഷിച്ച പാക് ഓപ്പണർ സാഹിബ്സാദ ഫർഹാൻ്റെ നടപടിയിൽ ഐസിസി മാച്ച് റഫറി താക്കീതിൽ ഒതുക്കി. ഈ ആഘോഷം തൻ്റെ 'പത്താൻ' സംസ്കാരത്തിൻ്റെ ഭാഗമാണെന്നും വിവാഹ ചടങ്ങുകളിൽ തോക്കുമായി ആഘോഷിക്കുന്നത് സാധാരണമാണെന്നും ഫർഹാൻ മാച്ച് റഫറി റിച്ചി റിച്ചാർഡ്സണ് മുമ്പാകെ വിശദീകരണം നൽകി.

ഇന്ത്യയുടെ പരാതിയെത്തുടർന്നാണ് ഫർഹാനെ വിളിപ്പിച്ചത്. ഈ ആഘോഷത്തിന് ഇന്ത്യയുമായുള്ള സമീപകാല സംഘർഷങ്ങളുമായി ബന്ധമില്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം വാദിച്ചു. കൂടാതെ, ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയും എം.എസ്. ധോണിയും സമാനമായ രീതിയിൽ മുമ്പ് ആഘോഷിച്ചിട്ടുണ്ടെന്നും ഫർഹാൻ ചൂണ്ടിക്കാട്ടി. തൻ്റെ വിശദീകരണം പൂർണ്ണമായി അംഗീകരിച്ച മാച്ച് റഫറി, നടപടി താക്കീതിൽ അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യൻ ഓൾറൗണ്ടർ ഹാരിസ് റൗഫിനെതിരെയും ഈ മത്സരത്തിൽ ഐസിസി നടപടിയെടുത്തിരുന്നു. ഫഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ സൈനിക നടപടിയെ സൂചിപ്പിക്കാനായി റൗഫ് 6-0 എന്ന് വിരലുകളിൽ കാണിച്ചതിനായിരുന്നു നടപടി. ഇത് പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കി ഹാരിസിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി.

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരെ ജയിച്ച ശേഷം വിജയം ഇന്ത്യൻ സൈനികർക്കും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും സമർപ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ പരാമർശത്തിനെതിരെ പാകിസ്ഥാൻ നൽകിയ പരാതിയിൽ മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു.