ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാന് നേടാനായത് 135 റൺസ്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാൻ കുഞ്ഞൻ വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ്റെ മുൻനിര തകർന്നടിഞ്ഞപ്പോൾ, മുഹമ്മദ് ഹാരിസാണ് (23 പന്തിൽ നിന്ന് 31 റൺസ്) ടോപ് സ്കോററായത്. മുഹമ്മദ് നവാസ് 15 പന്തിൽ 25 റൺസും, ക്യാപ്റ്റൻ ഷൽമാൻ ആഗയും ഷഹീൻ അഫ്രീദിയും 19 റൺസ് വീതവും നേടി. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് മൂന്ന് വിക്കറ്റുകളും, മെഹ്ദി ഹസനും റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിൻ്റെ തുടക്കത്തിലേ ബംഗ്ലാദേശ് പാകിസ്ഥാനെ ഞെട്ടിച്ചു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ സാഹിബ്സാദ ഫർഹാനെ (4) ടസ്കിൻ പുറത്താക്കി. രണ്ടാം ഓവറിൽ സയ്യീം അയ്യൂബും (0) പൂജ്യത്തിന് മടങ്ങി. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ഫഖർ സമൻ (13), ഹുസൈൻ തലാത്ത് (3) എന്നിവരും വേഗത്തിൽ പുറത്തായതോടെ പാകിസ്ഥാൻ 33-4 എന്ന നിലയിൽ തകർന്നു.

ക്യാപ്റ്റൻ ഷൽമാൻ ആഗയും (19) മുഹമ്മദ് ഹാരിസും ചേർന്ന് ചെറിയൊരു കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും, സ്കോർ 50 കടക്കും മുമ്പ് ഷൽമാൻ പുറത്തായത് പാകിസ്ഥാന് തിരിച്ചടിയായി. പിന്നീട് ഷഹീൻ അഫ്രീദി (19), മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്ന് ടീമിനെ 100 കടത്തി നാണക്കേടിൽ നിന്ന് രക്ഷിച്ചു. മുഹമ്മദ് നവാസിൻ്റെ സഹായത്തോടെ ഹാരിസ് സ്കോർ ഉയർത്തി. അവസാന ഓവറുകളിൽ ഫഹീം അഷ്റഫ് (14), ഹാരിസ് റൗഫ് (4) എന്നിവർ ചേർന്ന് ടീമിനെ ഒരു പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചു.