ന്യൂഡൽഹി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഞായറാഴ്ചയാണ് മത്സരം നടക്കുന്നതെന്നും അതിനാൽ വിഷയത്തിൽ അടിയന്തര ശ്രദ്ധ വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, 'ഞായറാഴ്ചയല്ലേ മത്സരം. അതിൽ ഞങ്ങൾക്കെന്തു ചെയ്യാനാകും? മത്സരം നടക്കട്ടെ, എന്ന് കോടതി മറുപടി നൽകി. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നത് ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നുപേർ ചേർന്നുള്ള പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

പാകിസ്ഥാനെതിരായ മത്സരം റദ്ദാക്കുന്നതിനൊപ്പം ക്രിക്കറ്റിനെ നാഷണൽ സ്പോർട്സ് ഫെഡറേഷന് കീഴിൽ കൊണ്ടുവരണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനനുസരിച്ച്, ഇരുരാജ്യങ്ങളും തമ്മിൽ ദ്വിരാഷ്ട്ര പരമ്പരകളിൽ കളിക്കില്ല. എന്നാൽ, ഐ.സി.സി.യോ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലോ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളിൽ ഇന്ത്യക്ക് പാകിസ്ഥാനെതിരെ കളിക്കാം.

ഇതിന് പിന്നാലെയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് യു.എ.ഇ.യിലേക്ക് മാറ്റിയത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം സെപ്റ്റംബർ 14-നാണ് നടക്കുന്നത്. ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ മത്സരം നിശ്ചയിച്ച പ്രകാരം നടക്കാനാണ് സാധ്യത.