ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-ഹരിയാന മത്സരം സമനിലയില്‍. മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയന്റ് ലഭിച്ചപ്പോള്‍ ഹരിയാന ഒരു പോയിന്റാണ് നേടിയത്. അവസാന ദിവസം 127 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത് ഹരിയാനക്ക് 253 റണ്‍സ് വിജയലക്ഷ്യം നല്‍കിയെങ്കിലും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെടുത്തുനില്‍ക്കെ ഇരു ടീമും സമനിലക്ക് സമ്മതിക്കുകയായിരുന്നു. സ്‌കോര്‍: കേരളം-291 & 125/2 (ഡിക്ലയര്‍), ഹരിയാണ (164 & 52/2. 49 റണ്‍സ് വഴങ്ങി പത്തുവിക്കറ്റുകള്‍ പിഴുത അന്‍ഷുല്‍ കാംബോജ് ആണ് മത്സരത്തിലെ താരം.

ഓപ്പണര്‍മാരായ ലക്ഷ്യ സുമന്‍ ദലാല്‍(2), യുവരാജ് സിംഗ്(22) എന്നിവരുടെ വിക്കറ്റുകളാണ് ഹരിയാനക്ക് രണ്ടാം ഇന്നിംഗ്‌സില്‍ നഷ്ടമായത്. കേരളത്തിനായി 19 റണ്‍സുമായി ക്യാപ്റ്റന്‍ അങ്കിത് കുമാറും 9 റണ്‍സോടെ കപില്‍ ഹൂഡയും പുറത്താകാതെ നിന്നു. ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയെങ്കിലും സി ഗ്രൂപ്പ് പോയന്റ് പട്ടികയില്‍ 20 പോയന്റുമായി ഹരിയാന തന്നെയാണ് ഒന്നാമത്. ഹരിയാനക്കെതിരെ മൂന്ന് പോയന്റ് സ്വന്തമാക്കിയ കേരളം 18 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. മധ്യപ്രദേശിനെ വീഴ്ത്തിയ ബംഗാള്‍ 14 പോയന്റുമായി മൂന്നാം സ്ഥാനത്തും 12 പോയന്റുള്ള കര്‍ണാടക നാലാം സ്ഥാനത്തുമാണ്.

മൂന്നാംദിനം ഏഴിന് 139 റണ്‍സെന്ന നിലയിലായിരുന്ന ഹരിയാണയ്ക്ക് അവസാനദിനം 25 റണ്‍സ്‌കൂടിയേ ചേര്‍ക്കാനായുള്ളൂ. തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളം 31 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും (62*), സച്ചിന്‍ ബേബിയും (42) മികച്ച പ്രകടനം നടത്തി.

സച്ചിന്റെയും അക്ഷയ് ചന്ദ്രന്റെയും (2) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹനും മുഹമ്മദ് അസ്ഹറുദ്ദീനും (16) ആയിരുന്നു ഡിക്ലയര്‍ സമയത്ത് ക്രീസില്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാണ 18 ഓവറില്‍ 52-ന് രണ്ട് എന്ന നിലയില്‍ നില്‍ക്കേ മത്സരം അവസാനിച്ചു. യുവരാജ് സിങ് (22), ക്യാപ്റ്റന്‍ അങ്കിത് കുമാര്‍ (19*) എന്നിവര്‍ രണ്ടക്കം കടന്നു. ലക്ഷയ് ദലാല്‍, യുവരാജ് എന്നിവര്‍ പുറത്തായി.

നേരത്തെ ഏഴിന് 139 എന്ന നിലയില്‍ അവസാന ദിവസം ക്രീസിലിറങ്ങിയ ഹരിയാനയെ 164 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് കേരളം രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയത്. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത രോഹന്‍ കുന്നമ്മലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ 79 റണ്‍സടിച്ചതോടെ ഹരിയാനയുടെ അവസാന പ്രതീക്ഷയും നഷ്ടമായി.67 പന്തില്‍ 42 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ ജെ ജെ യാദവ് പുറത്താക്കിയതിന് പിന്നാലെ അക്ഷയ് ചന്ദ്രന്റെ(2) വിക്കറ്റും കേരളത്തിന് നഷ്ടമായെങ്കിലും 91 പന്തില്‍ 62 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലും 19 പന്തില്‍ 16 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് കേരളത്തെ 100 കടത്തി. സ്‌കോര്‍ 125ല്‍ എത്തിയതോടെ 250 റണ്‍സ് ലീഡുറപ്പാക്കിയ കേരളം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഹരിയാനക്കെതിരായ മത്സരം കഴിഞ്ഞതോടെ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ഇനിയൊരു ഇടവേളയാണ്. ജനുവരിയില്‍ മാത്രമാണ് ഇനി ടൂര്‍ണമെന്റ് പുനരാരംഭിക്കുക. ജനുവരി 23ന് നടക്കുന്ന മത്സരത്തില്‍ മധ്യപ്രദേശും 30ന് നടക്കുന്ന മത്സരത്തില്‍ ദുര്‍ബലരായ ബിഹാറുമാണ് ഇനി കേരളത്തിന്റെ എതിരാളികള്‍. ഹരിയാനക്ക് കരുത്തരായ കര്‍ണാടകയെയും ബംഗാളിനെയുമാണ് അവസാന രണ്ട് മത്സരങ്ങളില്‍ നേരിടേണ്ടത്. പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാകും ക്വാര്‍ട്ടറിലേക്ക് മുന്നേറുക എന്നതിനാല്‍ ഹരിയാനക്കെതിരെ ഇന്ന് നേടിയ 3 പോയന്റ് കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകും.