- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് മല്യ കടത്തില്‍ 'മുങ്ങിയപ്പോള്‍' ഡിയാജിയോയുടെ കൈകളിലെത്തി; പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ കിരീടം; ആര്‍സിബി വില്‍പ്പനയ്ക്കോ? പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്ന് ഉടമകള്‍; ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് കത്ത് നല്കി
ആര്‍സിബി വില്‍പ്പനയ്ക്കോ?
ബെംഗളൂരു: ഐപിഎല്‍ കിരീട നേട്ടത്തിന് പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വില്‍പ്പനയ്ക്ക് വച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നിലവിലെ ഉടമകളായ ഡിയാജിയോ. ആര്‍സിബിയുടെ ഉടമസ്ഥാവകാശം ഒഴിയാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ തയ്യാറെടുക്കുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ഓഹരിക്കൈമാറ്റത്തിന് കമ്പനി ആലോചിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.
അഭ്യൂഹങ്ങള്‍ തള്ളി ടീം ഉടമകളും പ്രമുഖ മദ്യകമ്പനിയുമായ ഡിയാജിയോ രംഗത്ത് വന്നു. ആര്‍സിബി ടീം ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നുവെന്ന് ഡിയാജിയോ ഇന്ത്യ പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഡിയാജിയോ കത്തു നല്‍കിയിട്ടുമുണ്ട്.
200 കോടി ഡോളറാകും ആര്‍സിബിക്ക് വിലയിരുത്തുകയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കമ്പനി അവരുടെ ഇന്ത്യന്‍ യൂണിറ്റായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിലൂടെയാണ് ആര്‍സിബിയെ സ്വന്തമാക്കിയിരുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിജയാഘോഷം ദുരന്തമായതിന് പിന്നാലെയാണ് ക്ലബ് വില്‍പ്പനയ്‌ക്കെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. 11 പേരാണ് തിക്കിലും തിരക്കിലും മരിച്ചത്. സംഭവത്തില്‍ ആര്‍സിബിയ്ക്കും ഇവന്റ് മാനെജ്‌മെന്റ് കമ്പനിക്കുമെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ആര്‍സിബിയുടെ ഓഹരിക്കൈമാറ്റത്തിന് കമ്പനി ആലോചിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഏകദേശം 17,000 കോടി രൂപയാണ് ഓഹരിമൂല്യമായി കമ്പനി തേടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഐപിഎല്‍ മല്‍സരങ്ങളില്‍ മദ്യവും പുകവലിയും പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ വിലക്കാന്‍ ആരോഗ്യമന്ത്രാലയം നിലപാടെടുത്തതാണ് കമ്പനിയുടെ ഉടമസ്ഥാവകാശം ഒഴിയുന്നതിനെ കുറിച്ചുള്ള ആലോചനകളിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കായികതാരങ്ങള്‍ ലഹരിപദാര്‍ഥങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെതിരെയും ഐപിഎല്‍ നിലപാടെടുത്തിരുന്നു. ഡിയാജിയോയാവട്ടെ ക്രിക്കറ്റ് താരങ്ങളെ ഉപയോഗിച്ച് സോഡ പോലെയുള്ളവയുടെ പരസ്യങ്ങളാണ് ചെയ്തുവന്നിരുന്നത്.
ഐപിഎലിന്റെ പ്രാരംഭകാലം മുതലുള്ള ടീമാണ് ആര്‍സിബി. അന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും മദ്യരാജാവുമായിരുന്ന വിജയ് മല്യയുടേതായിരുന്നു ടീം. കടബാധ്യത വീട്ടാനാവാതെ വന്നതോടെ മല്യയില്‍ നിന്നും ഡിയാജിയോ ആര്‍സിബിയുടെ ഉടമസ്ഥാവകാശം നേടിയെടുത്തു. വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെ ആര്‍സിബി വില്‍ക്കുകയാണെങ്കില്‍ ഐപിഎലില്‍ അത് ചരിത്രമാകും. നാഷനല്‍ ഫുട്‌ബോള്‍ ലീഗ് പോലെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പോലെ ലോകവ്യാപകമായി ഐപിഎലിനും ആരാധകരുണ്ട്. മൂന്ന് മണിക്കൂര്‍ നീളുന്ന മല്‍സരം കോടിക്കണക്കിന് ആളുകളാണ് ടെലിവിഷനിലും ഒടിടിയിലൂടെയും കാണുന്നത്.