- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16,706 കോടി രൂപക്ക് സ്വന്തമാക്കിയ ഐപിഎല്‍ ക്ലബ്ബിന്റെ പേരു മാറ്റുമോ? ആര്‍സിബിയുടെ കാര്യത്തില്‍ മറുപടിയുമായി അനന്യ ബിര്‍ള
16,706 കോടി രൂപക്ക് സ്വന്തമാക്കിയ ഐപിഎല്‍ ക്ലബ്ബിന്റെ പേരു മാറ്റുമോ?

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ റെക്കോര്‍ഡ് തുകയ്ക്കു വിറ്റതിനു പിന്നാലെ ഫ്രാഞ്ചൈസിയുടെ പേരു മാറ്റത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പ് നയിക്കുന്ന കണ്‍സോര്‍ഷ്യമാണ് റെക്കോര്‍ഡ് തുകയ്ക്ക് ആര്‍സിബിയുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയത്. 1.78 ബില്യന്‍ യുഎസ് ഡോളറിനാണ് (16,706 കോടി ഇന്ത്യന്‍ രൂപ) ആര്‍സിബിയുടെ വില്‍പന.
2026 ഐപിഎലിനു ശേഷം പുതിയ ഉടമകള്‍ ക്ലബ്ബിനെ ഏറ്റെടുക്കും. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതു മുതല്‍ ലീഗിലുള്ള ടീമാണ് ആര്‍സിബി. 2025ല്‍ കന്നിക്കിരീടം നേടിയതിനു പിന്നാലെ ആര്‍സിബി എന്ന പേര് നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ ക്ലബ്ബിന്റെ പേരു മാറ്റാന്‍ ഉദ്ദേശമില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ്. കുമാര്‍ മംഗളം ബിര്‍ളയുടെ മകളായ അനന്യ ബിര്‍ളയാണ് ക്ലബ്ബിന്റെ പേരു മാറ്റില്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചത്.
അനന്യയുടെ സഹോദരന്‍ ആര്യമാന്‍ ബിര്‍ളയാണ് ആര്‍സിബിയുടെ പുതിയ ചെയര്‍മാന്‍. അനന്യയ്ക്കും ആര്‍സിബിയില്‍ ചുമതലകള്‍ ഉണ്ടാകുമെന്നാണു കരുതുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ ആര്‍സിബി പുരുഷ ടീമിനൊപ്പം ഡബ്ല്യുപിഎല്‍ ചാംപ്യന്‍മാരായ ആര്‍സിബി വനിതാ ടീമിന്റെയും ഉടമസ്ഥാവകാശമാണ് നിലവിലെ സീസണിനു ശേഷം കൈമാറുന്നത്.
ആദിത്യ ബിര്‍ള, ടൈംസ് ഓഫ് ഇന്ത്യ എന്നിവര്‍ക്കൊപ്പം ബോള്‍ട്ട് വെഞ്ചേഴ്‌സ്, യുഎസ് കമ്പനിയായ ബ്ലാക് സ്റ്റോണ്‍ എന്നിവരും കണ്‍സോര്‍ഷ്യത്തിലുണ്ട്. ആര്‍സിബി ഫ്രാഞ്ചൈസിയെ വില്‍ക്കാന്‍ ഉടമസ്ഥരായ ഡിയാജിയോ കമ്പനി കഴിഞ്ഞ വര്‍ഷം നവംബറില്‍ നീക്കം ആരംഭിച്ചിരുന്നു. വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് (യുഎസ്എല്‍) എന്ന കമ്പനിയായിരുന്നു ആര്‍സിബിയുടെ ആദ്യകാല ഉടമസ്ഥര്‍. 2008ല്‍ 450 കോടി രൂപയ്ക്കാണ് അവര്‍ ടീമിനെ സ്വന്തമാക്കിയത്.
2012ല്‍ യുഎസ്എല്‍, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മാണ കമ്പനിയായ ഡിയാജിയോയുടെ ഭാഗമായി. പിന്നാലെ മല്യയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ വന്നതോടെ, 2016ല്‍ ഡിയാജിയോ യുഎസ്എലിനെ പൂര്‍ണമായി ഏറ്റെടുത്തു. ഇതോടെ ആര്‍സിബി ടീം ഡിയാജിയോയുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ സീസണില്‍ ആര്‍സിബി കിരീടം നേടിയിരുന്നു.


