- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജുവിനും ജയ്സ്വാളിനും റിങ്കുവിനും ധ്രുവ് ജുറെലിനും കോടിക്കിലുക്കം; ബട്ലറെ കൈവിട്ട് ആറു പേരെ നിലനിര്‍ത്തി രാജസ്ഥാന്; രോഹിത് മുംബൈ ഇന്ത്യന്‍സില്‍ തുടരും; ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇഷാന്‍ കിഷനും താര ലേലത്തിന്
രോഹിത് ഉള്‍പ്പെടെ അഞ്ച് പേരെയാണ് മുംബൈ നിര്‍ത്തിയത്
മുംബൈ: ഐപിഎല്‍ താരലേലത്തിനു മുന്നോടിയായി പ്രമുഖ താരങ്ങളെ നിലനിര്‍ത്തിയും കയ്യൊഴിഞ്ഞും ടീം അധികൃതര്‍. കഴിഞ്ഞ സീസണോടെ ടീം വിടുമെന്ന് അഭ്യൂഹം ഉയര്‍ന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് ഏറ്റവും ശ്രദ്ധേയമായ നീക്കം. രോഹിത് ഉള്‍പ്പെടെ അഞ്ച് പേരെയാണ് മുംബൈ നിര്‍ത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്.
ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ ( എട്ട് കോടി) എന്നിവരും ടീമില്‍ തുടരും. ഇഷാന്‍ കിഷന്‍, ടിം ഡേവിഡ് എന്നിവരെ ടീം കയ്യൊഴിഞ്ഞു. ഇരുവരും മെഗാ ലേലത്തിനുണ്ടാവും. ഒരു ആര്‍ടിഎം ഓപ്ഷന്‍ മുംബൈക്ക് ബാക്കിയുണ്ട്. പേഴ്സില്‍ 55 കോടിയും അവശേഷിക്കുന്നുണ്ട്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്ലറേയും യൂസ്വേന്ദ്ര ചാഹലിനേയും കൈവിട്ടു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങള്‍. മെഗാ താരലേലത്തില്‍ ചെലവഴിക്കാന്‍ 41 കോടി രാജസ്ഥാന്റെ പേഴ്സില്‍ ബാക്കിയുണ്ട്.
ജുറലിനെ നിലനിര്‍ത്തിയതാണ് ഏറ്റവും സവിശേഷമായ നീക്കം. 2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറെല്‍ നിലവില്‍ ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്. ബട്ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ ജുറലിനെ ഓപ്പറായി കളിക്കാന്‍ അവസരം വന്നേക്കും. ജോസ് ബട്‌ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജു സാംസണിന്റെ ബാക്ക് അപ്പായി കളിപ്പിക്കാന്‍ കഴിയുന്ന ജുറെലിനെ ഒഴിവാക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യക്കായി കളിച്ചിട്ടില്ലാത്തതിനാലാണ് രാജസ്ഥാന് സന്ദീപ് ശര്‍മയെ അണ്‍ ക്യാപ്ഡ് താരമായി നിലനിര്‍ത്തി. 2023ലെ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന സന്ദീപ് ശര്‍മയെ 50 ലക്ഷം മുടക്കിയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ പതിമൂന്ന് വിക്കറ്റുമായി സന്ദീപ് തിളങ്ങുകയും ചെയ്തിരുന്നു.
ഇതോടെ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍, സ്പിന്നര്‍ യുസ്‌വേന്ദ്രെ ചെഹല്‍, ആര്‍. അശ്വിന്‍ എന്നിവര്‍ അടുത്ത മാസം നടക്കുന്ന മെഗാ ലേലത്തില്‍ പങ്കെടുക്കുമെന്നുറപ്പായി. ബട്ലറേയും ചാഹലിനേയും മെഗ താരലേലത്തില്‍ സ്വന്തമാക്കാനും റോയല്‍സ് ശ്രമിച്ചേക്കും.
കഴിഞ്ഞ സീസണില്‍ വലിയ പ്രകടനമൊന്നും കാഴ്ചവെക്കാനായില്ലെങ്കിലും ബട്‌ലര്‍ 359 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ചാഹലാകട്ടെ കഴിഞ്ഞ സീസണിലും 18 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയിരുന്നു. 2022ലെ താരലേലത്തില്‍ ബെംഗളൂരു കൈവിട്ട ചാഹലിനെ 6.5 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആറു താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. റിങ്കു സിങ്ങാണ് നിലനിര്‍ത്തിയതില്‍ വിലയേറിയ താരം. 13 കോടിയാണ് റിങ്കുവിന്റെ പ്രതിഫലം. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ക്കു 12 കോടി രൂപ വീതം ലഭിക്കും. ഇന്ത്യന്‍ താരങ്ങളായ രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെ കൊല്‍ക്കത്ത നാലു കോടിക്കു നിലനിര്‍ത്തി. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ടീം വിട്ട് ലേലത്തിന്റെ ഭാഗമാകും. വലിയ തുക ചോദിച്ചതിനാലാണു ശ്രേയസിനെ കൊല്‍ക്കത്ത നിലനിര്‍ത്താതിരുന്നതെന്നാണു വിവരം.