മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ ടീം സിലക്ഷനിലടക്കം അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇടക്കാലത്ത് ബിസിസിഐ നേതൃത്വത്തിന് തലവേദനയായി മാറിയ അനില്‍ കുംബ്ലെ - വിരാട് കോലി കാലഘട്ടത്തിന് സമാനമായ പാതയിലാണ് ഗംഭീര്‍ - രോഹിത് സഖ്യത്തിന്റെ പോക്കെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിശീലകന്‍ ഗൗതം ഗംഭീറിനും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കുമെതിരെ ബിസിസിഐ കടുത്ത നടപടിക്ക് ഒരുങ്ങുന്നതായാണ് സൂചന. വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ മികവ് കാട്ടിയില്ലെങ്കില്‍ മുഖ്യപരിശീലകനെന്ന നിലയില്‍ ഗംഭീറിന് ടീം സെലക്ഷനിലുള്ള അധികാരങ്ങളടക്കം വെട്ടിക്കുറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ 27 വര്‍ഷത്തിനുശേഷം തോറ്റ ഇന്ത്യ ഇപ്പോള്‍ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 0-3ന് തോറ്റതിന്റെ നാണക്കേടും തലയിലാക്കി. ടീം സെലക്ഷന് പുറമെ ഗംഭീറിന്റെ തന്ത്രങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്. മുംബൈ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ മുഹമ്മദ് സിറാജിനെ നൈറ്റ് വാച്ച്മാനായി ഇറക്കിയതും സര്‍ഫറാസ് ഖാനെ എട്ടാമനായി ബാറ്റിംഗിന് ഇറക്കിയതുമായിരുന്നു ഇതില്‍ അവസാനത്തേത്. ഇതിനെല്ലാം പുറമെ ആദ്യ രണ്ട് ടെസ്റ്റിലും സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയിട്ടും മൂന്നാം ടെസ്റ്റിലും റാങ്ക് ടേണര്‍ ആവശ്യപ്പെട്ടതും ചോദ്യം ചെയ്യപ്പെടുന്നു.

ടീം സിലക്ഷനിലും ശൈലിയിലും ഹോം ടെസ്റ്റുകളില്‍ പിച്ച് തിരഞ്ഞെടുക്കുന്നതിലും ഉള്‍പ്പെടെ ഗംഭീറും രോഹിതും വിരുദ്ധ ധ്രുവങ്ങളിലാണെന്നും, ഇത് ടീമിന്റെ പ്രകടനത്തെ മൊത്തത്തില്‍ ബാധിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 3 - 0ന്റെ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ്, പരിശീലകനും ക്യാപ്റ്റനും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ആക്രമണോത്സുകതയോടെ കളിക്കുന്നത ശൈലിയുടെ വക്താവാണ് രോഹിത് ശര്‍മയെങ്കിലും, ടെസ്റ്റ് കളിക്കുമ്പോള്‍ ടെസ്റ്റിന്റേതായ രീതിയില്‍ കളിക്കണമെന്ന കാഴ്ചപ്പാടുകാരനാണ് ഗംഭീര്‍. അദ്ദേഹം അതു പരസ്യമാക്കുകയും ചെയ്തു. പ്രതിരോധത്തിലൂന്നിയുള്ള കളി ഇന്ത്യന്‍ താരങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ഗംഭീറിന്റെ നിലപാടും രോഹിത്തിന്റേതില്‍നിന്ന് വ്യത്യസ്തമാണ്.

ഹോം ടെസ്റ്റുകളില്‍ ഏതു തരത്തിലുള്ള പിച്ച് വേണമെന്ന കാര്യത്തിലും ഇരുവര്‍ക്കുമിടയില്‍ രണ്ട് അഭിപ്രായമാണ്. ഇവരുടെ ശൈലി ഒന്നായാലും രണ്ടായാലും, ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രകടനം ഇവരെ സംബന്ധിച്ച് നിര്‍ണായകമാണ്.

അനില്‍ കുംബ്ലെയ്ക്കു ശേഷം വന്ന രവി ശാസ്ത്രിയുമായി ടീം ക്യാപ്റ്റനായിരുന്ന വിരാട് കോലി നല്ല ബന്ധത്തിലായിരുന്നു. അടിക്ക് തിരിച്ചടി എന്ന ലൈനിലായിരുന്നു ഇരുവരുടെയും പ്രയാണം. രാഹുല്‍ ദ്രാവിഡ് രോഹിത് ശര്‍മ കൂട്ടുകെട്ടും ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നല്ല കാലമായിരുന്നു. വിരാട് കോലി രവി ശാസ്ത്രി സഖ്യത്തില്‍നിന്ന് വ്യത്യസ്തരെങ്കിലും, മത്സരം ജയിക്കാനുള്ള വഴി മനസ്സിലാക്കിയവരായിരുന്നു ഇരുവരും.

ടീം തിരഞ്ഞെടുപ്പിലായാലും ചില താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തിലായാലും പിച്ച് തിരഞ്ഞെടുക്കുന്നതിലുമെല്ലാം ഇരുവര്‍ക്കും ഒരേ സ്വരമായിരുന്നു. രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം രാജിവച്ചതിനു പിന്നാലെ രോഹിത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലും ഈ ബന്ധത്തിന്റെ ദൃഢത വ്യക്തമായിരുന്നു.

ഇതുവരെ ഒരുമിച്ച് മൂന്നു പരമ്പരകളില്‍ പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോഴും രോഹിത്തിനും ഗംഭീറിനും പല കാര്യങ്ങളിലും അഭിപ്രായ ഐക്യം രൂപപ്പെടുത്താനായിട്ടില്ലെന്നാണ് വിവരം. ഇരുവരും ഒന്നിച്ചതിനു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര നഷ്ടമാക്കിയതും ഇപ്പോള്‍ ന്യൂസീലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ഇതുമായി കൂട്ടിവായിക്കുന്നവരുണ്ട്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിച്ച് മുന്നോട്ടുപോകുന്നതിനിടെ കിവീസിനോടു പിണഞ്ഞ തോല്‍വി ഇന്ത്യയ്ക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. ഇനി ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തുടക്കം മോശമായാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.

രാഹുല്‍ ദ്രാവിഡില്‍നിന്ന് പരിശീലകസ്ഥാനം ഏറ്റെടുത്തതു മുതല്‍ വെറുതെ കാഴ്ചക്കാരന്റെ റോളില്‍ ഒതുങ്ങുന്ന ശൈലിയല്ല ഗംഭീറിന്റേത്. ടീം തിരഞ്ഞെടുപ്പില്‍ ഇതിനകം ഗംഭീറിന്റെ കയ്യൊപ്പ് പതിഞ്ഞുകഴിഞ്ഞു. ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമില്‍ എത്തിയതും തുടര്‍ച്ചയായി അവസരം ലഭിക്കുന്നതും ഗംഭീറിന്റെ പിന്തുണ ഉള്ളതുകൊണ്ടു കൂടിയാണ്.

തന്റെ മുന്‍ഗാമികളായ രവി ശാസ്ത്രിയില്‍ നിന്നും രാഹുല്‍ ദ്രാവിഡില്‍ നിന്നും വ്യത്യസ്തമായി സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഗംഭീറിനെ ബിസിസിഐ അനുവദിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഗംഭീറിനെ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിച്ചത്.

ഗംഭീറിന്റെ നിര്‍ദേശപ്രകാരമാണ് പേസര്‍ ഹര്‍ഷിത് റാണയെയും ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെടുത്തത്. ഹര്‍ഷിത് റാണയെ ടീമിലെടുത്തങ്കിലും ഓസ്‌ട്രേലിയ എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റിന് അയക്കാതെ ഇന്ത്യയില്‍ രഞ്ജി ട്രോഫിയിലും ബെംഗളൂരുവില്‍ ഇന്ത്യന്‍ ടീമിനായി നെറ്റ്‌സിലും പന്തെറിയാനാണ് നിയോഗിച്ചത്.

ഓസ്‌ട്രേലിയ എ ടീമിനെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ച നിതീഷ് റെഡ്ഡിയാകട്ടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെ പതറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലും ഇന്ത്യ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ടീം സെലക്ഷനില്‍ ഗൗതം ഗംഭീറിന് നിലവിലുള്ള പരിഗണനകള്‍ ബിസിസിഐ വെട്ടിക്കുറക്കും.