ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസീലന്‍ഡിനെതിരായ കലാശപ്പോരിന് ഇന്ത്യന്‍ ടീം ഒരുങ്ങുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചാംപ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം രോഹിത് ശര്‍മയുടെ നായക സ്ഥാനത്തെയും കരിയറിനെയും ഒരുപോലെ സ്വാധീനിക്കുമെന്നതാണ് ഹിറ്റ്മാന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ചാംപ്യന്‍സ് ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെ, രണ്ടു വര്‍ഷത്തിനപ്പുറം നടക്കേണ്ട ഏകദിന ലോകകപ്പിനുള്ള ഒരുക്കം തുടങ്ങാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ ക്യാപ്റ്റനെ രണ്ടു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തേണ്ടതിനാല്‍, രോഹിത് ശര്‍മയുടെ ഭാവി നിര്‍ണയിക്കുക ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ പ്രകടനമാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ കിരീടവിജയത്തോടെ ആ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ച രോഹിത്, ടെസ്റ്റിലും ഏകദിനത്തിലും ഇപ്പോഴും ഇന്ത്യന്‍ നായകനാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചാല്‍, നായക മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ചൂടേറാനാണ് സാധ്യത. മാത്രമല്ല, ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപനവും ചാംപ്യന്‍സ് ട്രോഫി ഫൈനലിനു പിന്നാലെ ഉണ്ടാകുമെന്നതിനാല്‍, രോഹിത്തിനെ സംബന്ധിച്ച് അതും നിര്‍ണായകമാകും. നായകസ്ഥാനത്തുനിന്നുള്ള മാറ്റം സംബന്ധിച്ച് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കു പിന്നാലെ തന്നെ ചര്‍ച്ച നടന്നിരുന്നു. ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ഇതുമായി ബന്ധപ്പെട്ട നിലപാട് ബിസിസിഐയെ അറിയിക്കുകയും ചെയ്തു. തന്റെ ഭാഗം രോഹിത്തും വിശദീകരിച്ചിരുന്നു. ചാംപ്യന്‍സ് ട്രോഫിക്കു ശേഷം 'അധികാരക്കൈമാറ്റ'മെന്ന നിര്‍ദ്ദേശത്തെ രോഹിത്തും അനുകൂലിച്ചതായാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ രോഹിത് ശര്‍മ ടീമിനെ നയിക്കുമോയെന്ന് ഉറപ്പില്ല. ഞായറാഴ്ചത്തെ മത്സരഫലം രോഹിത്തിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച് നിര്‍ണായകമായിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീര്‍ഘകാലം ടീമിനെ നയിക്കാന്‍ സാധിക്കുന്ന ഒരു താരത്തെ ക്യാപ്റ്റനായി പരിഗണിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ കടുത്ത തീരുമാനങ്ങളിലേക്ക് കടന്നാല്‍ രോഹിത്തിന് ടീമിന്റെ ഏകദിന, ടെസ്റ്റ് നായകസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ 2027-ലെ ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ പുതിയ നായകന്റെ കീഴിലാണ് കളിക്കുക.

ഓസീസിനെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടീമിന്റെ നായകസ്ഥാനത്തെ സംബന്ധിച്ച് പരിശീലകന്‍ ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചര്‍ച്ച നടത്തിയിരുന്നു. ഭാവി പദ്ധതി വെളിപ്പെടുത്തണമെന്ന് രോഹിത്തിനെ അറിയിക്കുകയും ചെയ്തു. ടീമില്‍ നിന്ന് വിരമിക്കണോ എന്നത് താരത്തിന്റെ മാത്രം തീരുമാനമാണെങ്കിലും അടുത്ത ലോകകപ്പിനെ നേരിടണമെങ്കില്‍ ഒരു സ്ഥിരം നായകന്‍ ആവശ്യമാണെന്ന കാര്യം രോഹിത്തിനോട് സൂചിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെസ്റ്റിന് പുറമേ ഏകദിനത്തിലും പുതിയ നായകനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ.യെന്ന് നേരത്തേ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ലോകകപ്പോടെ ട്വന്റി-20 യില്‍ നിന്ന് വിരമിച്ച രോഹിത്തിന് പകരം സൂര്യകുമാറാണ് ഫോര്‍മാറ്റില്‍ ടീമിനെ നയിക്കുന്നത്. ടെസ്റ്റിലാകട്ടെ നായകനായി ബുംറയെ പരിഗണിക്കുന്നതായാണ് വിവരം. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റില്‍ രോഹിത്തിന് പകരം ബുംറയാണ് ടീമിനെ നയിച്ചത്. ടെസ്റ്റ് ടീമിന്റെ സ്ഥിരം നായകനായി താരം അടുത്തുതന്നെ മാറിയേക്കും. അതേസമയം ഏകദിനത്തില്‍ നായകനായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിക്കുന്നതായും വിവരമുണ്ട്.

സെല്‍ഫ്‌ലെസ് ക്യാപ്റ്റന്‍

അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാവിയേക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ തള്ളിക്കഴിഞ്ഞു. ''നിങ്ങള്‍ സ്‌കോബോര്‍ഡിലെ കണക്കുകള്‍ നോക്കിയായിരിക്കാം അയാളെ അളക്കുന്നത്. ഞങ്ങള്‍ അയാള്‍ നല്‍കുന്ന ഇംപാക്ടിനാണ് പ്രധാന്യം നല്‍കുന്നത്. നിര്‍ഭയം പോരാടൂ എന്ന സന്ദേശമാണ് അയാള്‍ മൈതാനത്ത് നിന്ന് നല്‍കുന്നത്,'' അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ നല്‍കിയ മറുപടിയാണിത്. അലോസരത്തോടെയാണ് ആ ചോദ്യത്തെ പോലും ഗംഭീര്‍ സ്വീകരിച്ചത്.

ഫിയര്‍ലെസ് ആന്‍ഡ് സെല്‍ഫ്‌ലെസ്, ഈ രണ്ട് വാക്കുകള്‍ക്കൊണ്ട് വരച്ചിടാം രോഹിതിന്റെ കരിയറിലെ കഴിഞ്ഞ രണ്ട് വര്‍ഷം. 2022 ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ദയാരഹിതം ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയ അന്നായിരുന്നു രോഹിത് എന്ന നായകന്‍ കരിയറിലെ ഏറ്റവും വലിയ തീരുമാനമെടുത്തത്. 'Indian Cricket need to change' കേവലം വാക്കുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല രോഹിതിന്റെ നീക്കം, മൈതാനത്ത് തെല്ലും ആശങ്കയില്ലാതെ അയാള്‍ അത് നടപ്പിലാക്കി.

2023 ഏകദിന ലോകകപ്പായിരുന്നു തന്റെ നിശ്ചയദാര്‍ഢ്യം ലോകത്തിന് മുന്നില്‍ വ്യക്തമാക്കാന്‍ രോഹിത് തിരഞ്ഞെടുത്തത്. നേരിടുന്ന ആദ്യ പന്തുമുതല്‍ ഏതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കുന്ന അതിവേഗ സ്‌കോറിങ് ശൈലി. മിച്ചല്‍ സ്റ്റാര്‍ക്കും ഷഹീന്‍ അഫ്രിദിയും കഗിസൊ റബാഡയും ട്രെന്റ് ബോള്‍ട്ടുമെല്ലാം രോഹിതിന്റെ മുന്നില്‍ ഗലി ക്രിക്കറ്റ് ബോളര്‍മാരായി മാറി. ഗ്രൂപ്പ് സ്റ്റേജിലെ ആത്മവിശ്വാസം നോക്കൗട്ടിലുണ്ടാകുമോ എന്ന ചോദിച്ച ക്രിക്കറ്റ് പണ്ഡിതന്മാര്‍ക്ക് സ്‌കോര്‍ബോര്‍ഡിലായിരുന്നു ഉത്തരം കാത്തുവെച്ചത്.

അനായാസം അര്‍ധ സെഞ്ചുറിയും സെഞ്ചുറിയും നേടാനാകുന്ന അവസരങ്ങളില്‍ പോലും ടീമിന് മുന്‍ഗണ നല്‍കി. രോഹിത് ഔട്ടായ നാല്‍പതുകളും എണ്‍പതുകളും അയാളുടെ നിസ്വാര്‍ത്ഥതയ്ക്ക് ഉദാഹരണമായിരുന്നു. അഹമ്മദാബാദിലെ ഒരുലക്ഷത്തിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങിയ ആ രാവിനപ്പുറവും രോഹിതില്‍ മാറ്റമുണ്ടായില്ല. രോഹിതെന്ന നായകന്റെ ബാറ്റുകൊണ്ടും തന്ത്രങ്ങള്‍ക്കൊണ്ടും അത് പൂര്‍ണതയിലെത്തിയത് 2024 ട്വന്റി 20 ലോകകപ്പ് കിരീടം ആ കൈകളിലെത്തിയപ്പോള്‍ മാത്രമായിരുന്നു.

സ്‌കോര്‍ബോര്‍ഡ് വെല്ലുവിളി

ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് ശേഷം രോഹിതിന്റെ ബാറ്റ് കാര്യമായി ചലിച്ചിട്ടില്ല. 2024-25 ടെസ്റ്റ് ക്രിക്കറ്റ് സീസണ്‍ ഒരു ദുസ്വപ്നം പോലെയായിരുന്നു. രോഹിതെന്ന നായകനും ബാറ്ററും ഓര്‍മയില്‍ പോലും സൂക്ഷിക്കാന്‍ ആഗ്രഹിക്കാത്ത ദിനങ്ങള്‍. ഒറ്റക്ക സ്‌കോറുകള്‍ അതിജീവിക്കാന്‍ പോലും സാധിക്കാതെ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ അയാള്‍ നിരന്തരം ഡഗൗട്ടിലേക്ക് മടങ്ങി. സ്വയം ടീമില്‍ നിന്ന് മാറിനില്‍ക്കേണ്ട നിലയിലേക്ക് വരെ എത്തിയിരുന്നു ആ യാത്ര. രാത്രിയും പകലുമെന്നപോലെ കരിയര്‍ മാറിമറിഞ്ഞു. ടെസ്റ്റിലെ രോഹിതിന്റെ കാലം അവസാനിച്ചുവെന്ന് തലക്കെട്ടുകള്‍ ഉയര്‍ന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട പുള്‍ ഷോട്ടുകള്‍ പോലും അയാളില്‍ നിന്ന് അകന്നുനിന്നു.

ഏകദിന ക്രിക്കറ്റിലേക്കുള്ള മടക്കം മാറ്റമുണ്ടാക്കുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ല. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ നേടിയ സെഞ്ചുറി മാറ്റി നിര്‍ത്തിയാല്‍ രോഹിതിന്റെ ഏകദിന മികവും ഇടിഞ്ഞതായി കാണാം. ചാമ്പ്യന്‍സ്‌ട്രോഫി ടെസ്റ്റ് സീസണിന്റെ ബാക്കിപത്രമാകുന്നോയെന്ന് പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. നാല് കളികളില്‍ നിന്ന് നേടാനായത് 104 റണ്‍സ് മാത്രമാണ്. ഏകദിന കരിയറില്‍ മൂന്ന് ഡബിള്‍ സെഞ്ചുറിയുള്ള രോഹിതിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മൂന്ന് സെഞ്ചുറികളാണുള്ളത്.

ബാറ്റിങ്ങിലെ കണക്കുകള്‍ എതിരാണെങ്കിലും നായകനെന്ന നിലയില്‍ ഇന്ത്യയെ അപൂര്‍വതകളിലേക്ക് നയിക്കാന്‍ രോഹിതിനായിട്ടുണ്ട്. എല്ലാ ഐസിസി ടൂര്‍ണണെന്റിലും ടീമിനെ ഫൈനലിലേക്ക് നയിച്ചു. ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫി കയ്യകലെത്തിലെത്തിയിരിക്കുന്നു. ഫിറ്റ്‌നസിനേയും ടീമിലെ സ്ഥാനത്തെയും ചൊല്ലി വലിയ വാദങ്ങള്‍ നടക്കുമ്പോഴും അയാള്‍ എല്ലാം ഒരു പുഞ്ചിരിയോടെ മാത്രമാണ് നേരിടുന്നത്. ഒരാളുടെ ഫിറ്റ്‌നസ് നിര്‍ണയിക്കുന്നത് അയാളുടെ രൂപം മാത്രമാണ് എന്ന ചിന്തിക്കുന്നവര്‍ക്ക് കായിക ലോകത്തെ ഇതിഹാസങ്ങളിലേക്ക് കണ്ണോടിക്കാം, രോഹിതിന്റെ ഇന്നിങ്‌സുകളും ഫീല്‍ഡിങ് മികവും പരിശോധിക്കാം.

''കുറച്ചുകാലം കൂടി രാജ്യാന്തര ക്രിക്കറ്റില്‍ തുടരാനുള്ള മികവ് തനിക്കുണ്ടെന്നാണ് രോഹിത് വിശ്വസിക്കുന്നത്. ഭാവി പദ്ധതി എന്താണെന്ന് വിശദീകരിക്കാന്‍ രോഹിത്തിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. വിരമിക്കണോ എന്നത് രോഹിത്തിന്റെ മാത്രം തീരുമാനമാണ്. പക്ഷേ, നായകസ്ഥാനവുമായി ബന്ധപ്പെട്ട് കാര്യമായ ചര്‍ച്ച തന്നെ വേണ്ടിവരുമെന്ന് തീര്‍ച്ചയാണ്. ലോകകപ്പിനു മുന്നോടിയായി സ്ഥിരം നായകനെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രോഹിത്തിനു തന്നെ ബോധ്യമുണ്ട്. ഭാവിയെക്കുറിച്ച് കോലിയുമായും ചര്‍ച്ചകള്‍ നടന്നെങ്കിലും അദ്ദേഹത്തിന്റെ കാര്യത്തില്‍ അത്ര അനിശ്ചിതത്വമില്ല' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു.

സാധാരണ ഗതിയില്‍ ഐപിഎലിനു മുന്നോടിയായാണ് വാര്‍ഷിക കരാര്‍ ബിസിസിഐ പുതുക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സീസണിനു ശേഷം, ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം വാര്‍ഷിക കരാറിന്റെ കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് വിവരം. എ പ്ലസ് വിഭാഗത്തിന്റെ കാര്യത്തില്‍ പുനാരാലോചന നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് വിഭാഗത്തിലുള്ളത്.

മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ ശോഭിക്കുന്നവരെയാണ് പൊതുവെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. രാജ്യാന്തര ട്വന്റി20യില്‍നിന്ന് വിരമിച്ച രോഹിത്, കോലി, ജഡേജ എന്നിവരെ ഈ വിഭാഗത്തില്‍ നിലനിര്‍ത്തണോ എന്നതിലാണ് ചര്‍ച്ചകള്‍. മാത്രമല്ല, ടെസ്റ്റ് പരമ്പരയിലെ ഇവരുടെ ദയനീയ പ്രകടനവും ചര്‍ച്ചകളിലുണ്ട്. അതേസമയം, ചാംപ്യന്‍സ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കിരീടം നേടിയാല്‍ അത് ബിസിസിഐ കരാറിനെ സ്വാധീനിച്ചേക്കാമെന്ന് കരുതുന്നവരുണ്ട്.

സമീപകാലത്ത് മികച്ച പ്രകടനം കൊണ്ടു ശ്രദ്ധ നേടിയ അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് എ വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം നല്‍കുമോയെന്നതും ശ്രദ്ധാപൂര്‍വം വീക്ഷിക്കപ്പെടും. അച്ചടക്ക പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വാര്‍ഷിക കരാറില്‍നിന്ന് നീക്കപ്പെട്ട ശ്രേയസ് അയ്യര്‍ തിരിച്ചെത്താനും സാധ്യതയുണ്ട്.