മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെ നേടിയ 29 റൺസിന്റെ വിജയത്തിൽ ഇന്ത്യയെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. സൂര്യകുമാർ യാദവിന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിനെ സച്ചിൻ പ്രശംസിച്ചതിനൊപ്പം തന്നെ, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കെതിരെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പൊരുതിയ അമേരിക്കൻ ടീമിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ടി20 ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടം വിജയത്തോടെ തുടങ്ങാൻ ഇന്ത്യക്ക് സാധിച്ചെങ്കിലും അമേരിക്കയിൽ നിന്ന് ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. മത്സരത്തിൽ 29 റൺസിന് പരാജയപ്പെട്ടെങ്കിലും, സൂര്യകുമാർ യാദവിനും സംഘത്തിനും കൃത്യമായ പോരാട്ടം കാഴ്ചവെക്കാൻ അമേരിക്കയ്ക്ക് സാധിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് നേടിയ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ നിർണ്ണായകമായത്. 49 പന്തിൽ നിന്ന് 84 റൺസ് നേടിയ അദ്ദേഹം മാത്രമാണ് മത്സരത്തിൽ അർദ്ധ സെഞ്ച്വറി കുറിച്ചത്. ഒരു ഘട്ടത്തിൽ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ പതറിയ ഇന്ത്യയെ സൂര്യകുമാറാണ് 20 ഓവറിൽ 161/9 എന്ന സ്കോറിലേക്ക് എത്തിച്ചത്.

ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സച്ചിൻ ടെണ്ടുൽക്കർ എക്സിൽ കുറിച്ച കുറിപ്പിൽ, സമ്മർദ്ദഘട്ടത്തിൽ ടീം ഇന്ത്യ പുലർത്തിയ ശാന്തതയെയും മികച്ച ഫിനിഷിംഗിനെയും അഭിനന്ദിച്ചു. ഒപ്പം യുഎസ്എയുടെ (USA) പോരാട്ടവീര്യത്തെയും അദ്ദേഹം പ്രശംസിച്ചു. സൂര്യകുമാർ യാദവിന്റെ പക്വതയാർന്ന പ്രകടനത്തെ എടുത്തുപറഞ്ഞ സച്ചിൻ, ലോകകപ്പിൽ വിജയത്തോടെ തുടക്കം കുറിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

"സമ്മർദ്ദം നിറഞ്ഞ തുടക്കമായിരുന്നെങ്കിലും ടീം ഇന്ത്യക്ക് ശാന്തമായ ഒരു ഫിനിഷിംഗ് ലഭിച്ചു. പുതിയ ടീമുകൾ അവസരത്തിനൊത്തു ഉയരുമ്പോൾ ക്രിക്കറ്റിന്റെ ആഗോള വളർച്ചയ്ക്ക് അത് വേഗത കൂട്ടുന്നു. ഇന്നലെ യുഎസ്എ അത് പ്രാവർത്തികമാക്കി, അവരുടെ ആവേശവും ഊർജ്ജവും വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു! അവർ നമ്മളെ അല്പം സമ്മർദ്ദത്തിലാക്കിയിരുന്നു, എന്നാൽ സമ്മർദ്ദഘട്ടത്തിൽ സൂര്യകുമാർ പുലർത്തിയ പരിചയസമ്പത്തും ശാന്തതയും ഇന്ത്യയെ മാന്യമായ ഒരു സ്കോറിലേക്ക് നയിച്ചു. ബാക്കി ജോലി നമ്മുടെ ബൗളർമാർ ഭംഗിയായി പൂർത്തിയാക്കി. നന്നായി കളിച്ചു ടീം ഇന്ത്യ, എപ്പോഴും ഒരു വിജയത്തോടെ തുടക്കം കുറിക്കുന്നത് നല്ല കാര്യമാണ്!" എന്ന് സച്ചിൻ കുറിച്ചു

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. 49 പന്തിൽ നിന്ന് 10 ഫോറുകളും 4 സിക്സറുകളുമടക്കം 84 റൺസെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ കരുത്തായത്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ (16 പന്തിൽ 20), തിലക് വർമ്മ (16 പന്തിൽ 25) എന്നിവരും ബാറ്റിങ്ങിൽ പിന്തുണ നൽകി. യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാൻ ഷാൽക്വിക്ക് നാല് വിക്കറ്റും (4/29), ഹർമീത് സിംഗ് രണ്ട് വിക്കറ്റും (2/26) വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യ 29 റൺസിന് വിജയിച്ചു. യുഎസ്എയ്ക്ക് വേണ്ടി മിലിന്ദ് കുമാർ (34), സഞ്ജയ് കൃഷ്ണമൂർത്തി (37), ശുഭം രഞ്ജനെ (37) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും (3/29), അക്സർ പട്ടേൽ (2/24), അർഷ്ദീപ് സിംഗ് (2/18) എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.