കൊളംബോ: ഇന്ത്യയെ നേരിടണോ വേണ്ടയോ എന്നത് കളിക്കാർക്ക് തീരുമാനിക്കാനാകില്ലെന്നും, സർക്കാർ പറയുന്നതനുസരിച്ച് മാത്രമേ ടീമിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂവെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൽമാൻ അലി ആഗ. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള പാക് സർക്കാരിന്റെയും ക്രിക്കറ്റ് ബോർഡിന്റെയും തീരുമാനത്തെ ടീം പൂർണമായും ബഹുമാനിക്കുന്നുവെന്നും ലോകകപ്പിന് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ വാർത്താസമ്മേളനത്തിൽ ആഗ വ്യക്തമാക്കി.

"ഇന്ത്യക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സർക്കാരും ബോർഡും എടുക്കുന്ന തീരുമാനമാണ്. അവർ എന്ത് പറയുന്നുവോ അത് ഞങ്ങൾ ചെയ്യും," സൽമാൻ അലി ആഗ പറഞ്ഞു. നോക്കൗട്ട് ഘട്ടത്തിൽ, അതായത് സെമിഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടേണ്ടി വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, സർക്കാരിന്റെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെയും (പി.സി.ബി.) ഉപദേശം തേടുമെന്നും അവരുടെ തീരുമാനത്തിനനുസരിച്ചായിരിക്കും ടീം നിലകൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കിയതിൽ പ്രതിഷേധിച്ചും, ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായാണ് ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം കളിക്കില്ലെന്ന് പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ മറ്റ് രാജ്യങ്ങൾക്കെതിരായ മത്സരങ്ങളിൽ പാകിസ്ഥാൻ പങ്കെടുക്കും

കഴിഞ്ഞ ലോകകപ്പിൽ അമേരിക്കയോട് പാകിസ്ഥാൻ തോറ്റതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് പഴയ കഥയാണെന്നായിരുന്നു ആഗയുടെ മറുപടി. പുതിയ ലോകകപ്പിനായി പുതിയ ടീമും പുതിയ തന്ത്രങ്ങളുമായാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നതെന്നും ടീം ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.