- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വര്‍ഷം മുമ്പ് ടീമിലെടുത്തപ്പോള്‍ കേരളം അവസാനം ക്വാര്‍ട്ടര്‍ കളിച്ചു; 2024-2025ല്‍ ബംഗാളിനേയും യുപിയേയും തകര്‍ത്ത ക്ലാസിക്കുകള്‍; ബീഹാറിനെതിരെ പൊരുതി നേടിയ 150 റണ്‍സില്‍ കേരളത്തെ നോക്കൗട്ടില്‍ എത്തിച്ച മാസ് പ്രകടനം; ആ കന്നി സെഞ്ച്വറിയും തുണയായി; ബിനീഷ് കോടിയേരിയുടെ സ്വന്തം പയ്യന് ഇനി കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍; സല്മാന് നിസാര്‍ മണിമുത്താകുമ്പോള്‍
തിരുവനന്തപുരം: ആറ് വര്‍ഷം മുമ്പാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചത്. ഇത്തവണ കേരളത്തിന് നോക്കൗട്ട് മത്സരങ്ങള്‍ കളിക്കാം. ബീഹാറിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ കൂറ്റന്‍ ലീഡ് നേടിയ കേരളം വീണ്ടും ദേശീയ ക്രിക്കറ്റിലെ ശ്രദ്ധാ കേന്ദ്രമാകുകയാണ്. ഏകദിനത്തിലേയും ട്വന്റി ട്വന്റിയിലേയും തിരിച്ചടികള്‍ കേരളം മറുക്കുകയാണ്. ഇതിന് കാരണക്കാരന്‍ സല്മാന് നിസാറെന്ന മിടുമിടുക്കനാണ്. ബീഹാറിനെതിരെ സല്മാന് നേടിയ 150 റണ്‍സിന് പൊന്‍തിളക്കമാണ്. ഒന്‍പതാമനായി എത്തിയ എംഡി നിധീഷിനേയും പത്താമനായ വൈശാഖ് ചന്ദ്രനേയും ചേര്‍ത്ത് നിര്‍ത്തി നടത്തിയ രക്ഷാപ്രവര്‍ത്തനം. ഇത് മാത്രമാണ് കേരളത്തിന് ആദ്യ ഇന്നിംഗ്സില്‍ 351 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നല്‍കിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്സില്‍ ബിഹാര്‍ 64 റണ്‍സിന് പുറത്തായി. ഇനി ബീഹാറിന് ഈ മത്സരം ജയിക്കണമെങ്കില്‍ അത്ഭുതം കാട്ടം. അങ്ങനെ ഒരു അത്ഭുതത്തിനും സാധ്യതയില്ല. കേരളം അങ്ങനെ വീണ്ടും നോക്കൗട്ട് റൗണ്ടിലെത്തുകയാണ്. രഞ്ജി ട്രോഫിയിലെ സല്‍മാന്റെ കന്നി സെഞ്ച്വറിയാണ് ഇത്. 2017ലാണ്് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറിലേക്ക് ആദ്യമായി പ്രവേശിക്കുന്നത്. 96/97 സീസണില്‍ സൂപ്പര്‍ ലീഗിലും 95/96 സീസണിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനവുമായിരുന്നു അതിനു മുമ്പ് കേരളത്തിന്റെ മികച്ച പ്രകടനം. 2018-19ലും കേരളം ക്വാര്‍ട്ടറിലെത്തി. അതിന് ശേഷം വീണ്ടും ക്വാര്‍ട്ടറിലെത്തുകയാണ് കേരളം ഇത്തവണ.
കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൊച്ചിയിലെ ക്രിക്കറ്റ് അക്കാദമി വളര്‍ത്തിയെടുത്ത താരമാണ് സല്മാന് നിസാര്‍. 19 വയസ്സില്‍ രഞ്ജി ടീമിലെത്തിയ തലശ്ശേരിക്കാരന്. പക്ഷേ കേരളാ ക്രിക്കറ്റിന്റെ ഭാവിയായി മാറാന്‍ പിന്നേയും വര്‍ഷങ്ങളെടുത്തു. കേരളാ പ്രിമിയര്‍ ലീഗിലെ തകര്‍പ്പന്‍ അടികളുമായി രഞ്ജി ടീമിലെത്തിയ ഇടതു കൈയ്യന്‍ താരം നിരാശനാക്കിയില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായി എത്തി പുറത്താകാതെ നേടിയ 95 റണ്‍സാണ് ബംഗാളിനെതിരെ കേരളത്തിന് മുന്‍തൂക്കം നല്‍കിയത്. ഈ പ്രകടനം ഇല്ലായിരുന്നുവെങ്കില്‍ ബംഗാളിന് ആ കളിയില്‍ അനായാസ വിജയം പോലും നേടാമായിരുന്നു. അസാധ്യമെന്ന് കേരളം പോലും കരുതിയ ഇടത്തു നിന്നാണ് ആ മത്സരത്തില്‍ രണ്ടു പോയിന്റെ സല്മാന് ടീമിന് സമ്മാനിച്ചത്. അതിന് ശേഷം തുമ്പയില്‍ ഉത്തര്‍പ്രദേശിനെതിരേയും മികവ് കാട്ടി. 233 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് യുപിക്കെതിരെ ഇന്ത്യ നേടുമ്പോള്‍ ടോപ് സ്കോററായത് ഈ കണ്ണൂരുകാരനാണ്. 93 റണ്‍സെടുത്ത് സല്മാന് പുറത്തായത് ഏറ്റവും അവസാനം. ബംഗാളിനെതിരെ ഡിക്ലറേഷനാണ് സല്മാന് കന്നി രഞ്ജി സെഞ്ച്വറി നിഷേധിച്ചത്. ബീഹാറിനെതിരെ കരുതലോടെ കളിച്ച് സല്മാന് സ്വന്തമാക്കിയത് കേരളത്തിന്റെ നോക്കൗട്ട് ബര്‍ത്തിനൊപ്പം കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി കൂടിയാണ്.
ഇതോടെ കേരളാ ക്രിക്കറ്റിന് പുതിയ ബാറ്റിംഗ് സൂപ്പര്‍ താരത്തെ കിട്ടി. എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ ബാറ്ററാണ് സല്മാന് നിസാര്‍. പന്തുകളെ അടിച്ച് ബൗണ്ടറി കടത്താന്‍ ആവേശം കാട്ടുന്ന ഹിറ്റര്‍. ക്ലാസും മാസും ചേരുന്ന ക്രിക്കറ്റര്‍. വല്ലപ്പോഴും സ്പിന്‍ ബൗള്‍ ചെയ്യുമെങ്കിലും ബാറ്റിംഗില്‍ തന്നെയാണ് കരുത്ത്. ഈ താരത്തെയാണ് ഈ രഞ്ജി സീസണില്‍ ഏഴമാനായാണ് കേരളം ആദ്യം കളിപ്പിച്ചത്. ഇതിന് പിന്നിലെ ക്രിക്കറ്റ് തന്ത്രം ആര്‍ക്കും പിടികിട്ടിയില്ല. അവസാന ലീഗ് മത്സരത്തിലും ആറാമനായാണ് സല്മാന് എത്തിയത്. അപ്പോള്‍ സ്കോര്‍ 170 റണ്‍സിന് അഞ്ചു വിക്കറ്റ്. പിന്നീടുള്ള മൂന്ന് വിക്കറ്റ് 32 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായി. പക്ഷേ അവസാന രണ്ട് ബാറ്റ്സ്മാന്മാരെ കൂട്ടുപിടിച്ച് കേരളത്തെ 351ല്‍ എത്തിച്ചു. ഒന്‍പതാം വിക്കറ്റില്‍ 79റണ്‍സാണ് നേടിയത്. നിധീഷിന്റെ പേരില്‍ 30 റണ്‍സ്. അവസാന വിക്കറ്റില്‍ വൈശാഖ് ചന്ദ്രനെ കൂട്ടു പിടിച്ച് നേടിയത് 70 റണ്‍സാണ്. ഇതില്‍ വൈശാഖിന്റെ നേട്ടം വെറും അഞ്ച് റണ്‍സ്. 54 പന്തുകള്‍ വൈശാഖ് പ്രതിരോധിച്ചിടത്തായിരുന്നു കേരളത്തിന്റെ സ്കോര്‍ 351ല്‍ എത്തിച്ചത്. ഇതിന് കാരണം സല്മാന് നിസ്സാറിന്റെ ബാറ്റിംഗ് കരുത്ത് തന്നെയാണ്.
2018-2019 സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ച കേരളാ ടീമില്‍ സല്മാന് നിസാര്‍ ഉണ്ടായിരുന്നു. തലശ്ശേരി ബി.കെ.55 ക്രിക്കറ്റ് ക്ലബ് താരമായ സല്മാന് ഏതാനും വര്‍ഷങ്ങളായി കേരളാ സീനിയര്‍ ടീം അണ്ടര്‍ 23 , അണ്ടര്‍ 19, അണ്ടര്‍ 16 , കേരളാ ടീമിലെ സ്ഥിര സാനിധ്യമാണ്. ബിനീഷ് കോടിയേരിയുടെ പിന്തുണയും സല്മാന് എക്കാലത്തും ഉണ്ടായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടം കയ്യന്‍ മധ്യനിര ബാറ്റ്സ്മാനായ സല്‍മാനെ കേരളാ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാട്ടേഴ്സിനടുത്ത് ബൈത്തൂല്‍ നൂറില്‍ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റെയും മകനാണ് സല്മാന് നിസാര്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരള സീനിയര്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സല്മാന് നിസാര്‍. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 കേരള ടീമിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു സല്മാന്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടംകയ്യന്‍ മധ്യനിര ബാറ്റ്സ്മാനായ സല്‍മാനെ കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്. ഈ സീസണില്‍ ട്വന്റി ട്വന്റി ടീമിന്റെ നായകനുമായി സല്മാന്.
രഞ്ജി ട്രോഫി എലൈറ്റ് സി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് ബിഹാറിനെതിരേ 287 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ആണ് കിട്ടിയത്. ആദ്യ ഇന്നിങ്സില്‍ 350 റണ്‍സെടുത്ത കേരളം, എതിരാളികളെ വെറും 64 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു. കരിയറിലെ മുപ്പത്തിമൂന്നാം അഞ്ച് വിക്കറ്റ് നേട്ടവുമായി ജലജ് സക്സേനയാണ് കേരളത്തിന്റെ ആക്രമണം നയിച്ചത്. 7.1 ഓവര്‍ മാത്രം പന്തെറിഞ്ഞ ജലജ്, 19 റണ്‍സാണ് വഴങ്ങിയത്. പേസ് ബൗളര്‍ എം.ഡി. നിധീഷിനൊപ്പം ന്യൂബോള്‍ പങ്കുവച്ചതും ഈ ഓഫ് സ്പിന്നറായിരുന്നു. നിധീഷ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍, സ്പിന്നര്‍മാരായ വൈശാഖ് ചന്ദ്രനും ആദിത്യ സര്‍വാതെയും ഓരോ വിക്കറ്റും സ്വന്തമാക്കി. ബിഹാറിന്റെ അവസാന ബാറ്റര്‍ റണ്ണൗട്ടുമായി. 302/9 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. 111 റണ്‍സുമായി പുറത്താകാതെ നിന്ന സല്മാന് നിസാര്‍ 150 തികച്ചു. 236 പന്ത് നേരിട്ട സല്‍മാന്റെ ഐതിഹാസിക ഇന്നിങ്സില്‍ 15 ഫോറും രണ്ട് സിക്സറും ഉള്‍പ്പെടുന്നു.
നേരത്തെ, 81 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ കേരളത്തെ സല്മാന് കരകയറ്റിയത് ഷോണ്‍ റോജര്‍ (59), എം.ഡി. നിധീഷ് (30) എന്നിവരുടെ ഉറച്ച പിന്തുണയോടെയാണ്. 202 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടമായെങ്കിലും അവസാനത്തെ രണ്ട് ബാറ്റര്മാരുമൊത്ത് ആകെ 149 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സല്‍മാനു സാധിച്ചു.