പൂനെ: തോല്‍ക്കാന്‍ മനസ്സില്ലാത്ത സല്‍മാന്‍ നിസാര്‍! കേരളാ ക്രിക്കറ്റിന് രണ്ടാം സെമി സമ്മാനിച്ച ഈ തലശ്ശേരിക്കാരനെ നമുക്ക് അങ്ങനെ തന്നെ ഇനി വിളിക്കാം. കാരണം, ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന് ലീഡ് സമ്മാനിച്ച ആ വീരോചിത സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ സമനില ഉറപ്പിച്ച ആ 44 റണ്‍സും മാത്രം മതി ജമ്മു കശ്മീരിന് എതിരായ ക്വാര്‍ട്ടറില്‍ സല്‍മാന്റെ പ്രാധാന്യം മനസിലാക്കാന്‍.... ജമ്മുകശ്മീരിന് എതിരായ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റിന് 105 റണ്‍സ് എന്ന നിലയില്‍ കേരളം പരുങ്ങവെ ബാറ്റിംഗിനെത്തി 200 റണ്‍സിനിടെ ഒന്‍പത് വിക്കറ്റും നഷ്ടമായിട്ടും ബേസില്‍ തമ്പിയെ കൂട്ടുപിടിച്ച് നിര്‍ണായക ഒരു റണ്‍സ് ലീഡ് നേടിയെടുത്തതാണ് കേരളത്തിന്റെ സെമി ബര്‍ത്ത് ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായത്.

ക്വാര്‍ട്ടറില്‍ ജമ്മു കാശ്മീരിനെതിരെ ആദ്യ ഇന്നിംഗ്സില്‍ ഒരു റണ്‍സ് ലീഡ് നേടുമ്പോള്‍ കേരളത്തിനായി സല്‍മാന്‍ നേടിയത് പൊന്നും വിലയുള്ള സെഞ്ച്വറിയായിരുന്നു. അവസാന വിക്കറ്റില്‍ നേടിയ 81 റണ്‍സാണ് കേരളത്തിന് രഞ്ജിയിലെ നിര്‍ണ്ണായക മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നത്. വാലറ്റത്തെ കൂട്ടു പിടിച്ച് സമാനതകളില്ലാത്ത പോരാട്ടമാണ് സല്‍മാന്‍ ക്വാര്‍ട്ടറിലും നടത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ജമ്മു 280 റണ്‍സെടുത്തു. കേരളം ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞു. ജമ്മു കൂറ്റന്‍ ലീഡ് എടുക്കുമെന്നും തോന്നിപ്പിച്ചു. നിര്‍ണായക ഘട്ടത്തില്‍ രഞ്ജി ട്രോഫിയിലെ രണ്ടാം സെഞ്ച്വറിയുമായി സല്‍മാന്‍ നിസാര്‍ കേരളത്തെ പരാജയത്തിന്റെ വക്കില്‍ നിന്നും കൈപിടിച്ചുയര്‍ത്തി ലീഡ് സമ്മാനിച്ചു.

കേരളത്തിന്റെ സ്‌കോര്‍ അഞ്ചിന് 105 എന്ന സ്‌കോറിലാണ് ജമ്മുവിനെതിരെ സല്‍മാന്‍ ബാറ്റിംഗിന് എത്തിയത്. എട്ടാം വിക്കറ്റില്‍ 30 റണ്‍സെടുത്ത എം നിധീഷന് മികച്ച പിന്തുണ സല്‍മാന് നല്‍കി. സ്‌കോര്‍ 191ല്‍ വച്ച് നിധീഷ് പുറത്തായി. എട്ടാം വിക്കറ്റ് അതോടെ പോയി. സ്‌കോര്‍ 200 ആയപ്പോള്‍ ഒന്‍പതാം വിക്കറ്റും. ഇതോടെ കേരളം ഒന്നാം ഇന്നിംഗ്സില്‍ ലീഡ് വഴങ്ങിയെന്ന് ഏവരും ഉറപ്പിച്ചു. അവസാന വിക്കറ്റില്‍ ബേസില്‍ തമ്പിയെ ഒരറ്റത്ത് നിര്‍ത്തി സല്‍മാന്‍ അടി തുടങ്ങി. കേരളത്തിന്റെ സ്‌കോര്‍ 281 കടക്കും വരെ ബേസില്‍ തമ്പി ഉരുക്കു കോട്ടയായി തുടര്‍ന്നു. 15 റണ്‍സെടുത്ത ബേസില്‍ തമ്പി പുറത്താകുമ്പോള്‍ കേരളം ആദ്യ ഇന്നിംഗ്സില്‍ ഒരു റണ്‍ ലീഡ് നേടിയിരുന്നു.

172 പന്തിലാണ് സല്‍മാന്‍ നിസാറിന്റെ പുറത്താകാതെയുള്ള 112 റണ്‍സ്. കേരളാ ക്രിക്കറ്റിന് ഒരു ബാറ്റിംഗ് ഹീറോയെ കിട്ടുകയാണ് സല്‍മാനിലൂടെ ഈ സീസണില്‍. നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ മിന്നും സെഞ്ചുറി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒമ്പതിന് 200 എന്ന നിലയിലായിരുന്ന കേരളത്തെ സല്‍മാന്‍, ബേസിലിനെ കൂട്ടുപിടിച്ച് ലീഡിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 81 റണ്‍സ് കൂട്ടിചേര്‍ത്തു.

രണ്ടാം ഇന്നിംഗ്‌സിലും സമാനമായ ബാറ്റിംഗ് തകര്‍ച്ച കേരളം നേരിട്ടിരുന്നു. കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലേക്ക് വീണു. എന്നാല്‍ സല്‍മാന്‍ നിസാറും മുഹമ്മദ് അസ്സറുദ്ദീനും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. ജമ്മു കശ്മീര്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സല്‍മാന്‍ നിസാറും മുഹമ്മദ് അസ്സറുദ്ദീനും പുറത്താവാതെ നിന്നു.

വിജയപ്രതീക്ഷയിലായ ജമ്മു കശ്മീരീനെ ഒരു സെഷനോളം മുഹമ്മദ് അസറുദ്ദീനെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ പ്രതിരോധിച്ചു നിന്നു. ഒടുവില്‍ 291-6 എന്ന സ്‌കോറില്‍ ഇരു ടീമുകളും കൈകൊടുത്ത് പിരിഞ്ഞപ്പോള്‍ ഒരു റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന്റെ ബലത്തില്‍ കേരളം സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. 162 പന്ത് നേരിട്ട സല്‍മാന്‍ നിസാര്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 118 പന്ത് നേരിട്ട മുഹമ്മദ് അസറുദ്ദീന്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നു. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കേരളത്തിന് സമനില സമ്മാനിച്ചത്.

രക്ഷകന്റെ റോളില്‍ സല്‍മാന്‍

399 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം 100-2 എന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളം അസാധ്യമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശി വിക്കറ്റ് കളയാന്‍ ശ്രമിക്കാതെ സമനിലക്കായാണ് കളിച്ചത്. ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തി വീരോചിത സമനില സ്വന്തമാക്കി. 2018-2019 സീസണുശേഷം ആദ്യമായാണ് കേരളം രഞ്ജി ട്രോഫി സെമിയിയെലെത്തുന്നത്. അവസാന ദിനം തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നി സമനിലക്കായി കളിച്ച കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ 183 പന്തുകള്‍ നേരിട്ട് 48 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 162 പന്തുകള്‍ നേരിട്ട് 48 റണ്‍സടിച്ചു. ആദ്യ സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ എറിഞ്ഞു തളര്‍ന്ന ജമ്മു കശ്മീര്‍ ബൗളര്‍മാര്‍ പ്രതീക്ഷ നഷ്ടമായി.

എന്നാല്‍ രണ്ടാം സെഷനില്‍ സച്ചിന്‍ ബേബിയെയും അക്ഷയ് ചന്ദ്രനെയും പുറത്താക്കിയ സാഹില്‍ ലാഹോത്ര കേരളത്തെ ഞെട്ടിച്ചു. പിന്നാലെ പ്രതീക്ഷയായ ജലജ് സക്സേനയെയും(18), ആദിത്യ സര്‍വാതെയയും(8) ആബിദ് മുഷ്താഖ് പുറത്താക്കിയതോടെ കേരളം 128-2ല്‍ നിന്ന് 180-6ലേക്ക് കൂപ്പുകുത്തി. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ച സല്‍മാന്‍ നിസാര്‍ രണ്ടാം ഇന്നിംഗ്സിലും കേരളത്തിന്റെ രക്ഷകനായി മാറി.

ആ രണ്ട് സെഞ്ചുറികള്‍....

നേരത്തെ ബീഹാറിനെതിരെ സല്‍മാന്‍ നേടിയ 150 റണ്‍സിന് പൊന്‍തിളക്കമായിരുന്നു കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ആധികാരികമാക്കിയത്. ജമ്മുവില്‍ പുറത്താകെ നേടിയ 112 റണ്‍സിന് തങ്ക തിളക്കവും. തുടര്‍ച്ചയായി രണ്ട് കളികളില്‍ രഞ്ജി ട്രോഫി സെഞ്ച്വറി നേടുന്ന താരവുമായി സല്‍മാന്‍. മുമ്പ് സാംബ ശിവ ശര്‍മ്മയും സമാന നേട്ടം കേരളത്തിനായി നേടിയിട്ടുണ്ട്. പക്ഷേ പിന്നീട് കേരളത്തിലെ ക്രിക്കറ്റ് ദൈവങ്ങള്‍ സാംബശിവ ശര്‍മ്മയെന്ന ബാറ്റ്സ്മാനെ മാനസികമായി തകര്‍ത്ത് ആ കളിക്കാരനെ തളര്‍ത്തി. അത്തരത്തിലൊന്നും സല്‍മാനെതിരെ ഉണ്ടായില്ലെങ്കില്‍ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിംഗ് സെന്‍സേഷനായി മാറാന്‍ സല്‍മാന് കഴിയും.

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൊച്ചിയിലെ ക്രിക്കറ്റ് അക്കാദമി വളര്‍ത്തിയെടുത്ത താരമാണ് സല്‍മാന്‍ നിസാര്‍. 19 വയസ്സില്‍ രഞ്ജി ടീമിലെത്തിയ തലശ്ശേരിക്കാരന്‍. പക്ഷേ കേരളാ ക്രിക്കറ്റിന്റെ ഭാവിയായി മാറാന്‍ പിന്നേയും വര്‍ഷങ്ങളെടുത്തു. കേരളാ പ്രിമിയര്‍ ലീഗിലെ തകര്‍പ്പന്‍ അടികളുമായി രഞ്ജി ടീമിലെത്തിയ ഇടതു കൈയ്യന്‍ താരം നിരാശനാക്കിയില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായി എത്തി പുറത്താകാതെ നേടിയ 95 റണ്‍സാണ് ബംഗാളിനെതിരെ കേരളത്തിന് മുന്‍തൂക്കം നല്‍കിയത്. ഈ പ്രകടനം ഇല്ലായിരുന്നുവെങ്കില്‍ ബംഗാളിന് ആ കളിയില്‍ അനായാസ വിജയം പോലും നേടാമായിരുന്നു. അസാധ്യമെന്ന് കേരളം പോലും കരുതിയ ഇടത്തു നിന്നാണ് ആ മത്സരത്തില്‍ രണ്ടു പോയിന്റെ സല്‍മാന്‍ ടീമിന് സമ്മാനിച്ചത്.

അതിന് ശേഷം തുമ്പയില്‍ ഉത്തര്‍പ്രദേശിനെതിരേയും മികവ് കാട്ടി. 233 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് യുപിക്കെതിരെ ഇന്ത്യ നേടുമ്പോള്‍ ടോപ് സ്‌കോററായത് ഈ കണ്ണൂരുകാരനാണ്. 93 റണ്‍സെടുത്ത് സല്‍മാന്‍ പുറത്തായത് ഏറ്റവും അവസാനം. ബംഗാളിനെതിരെ ഡിക്ലറേഷനാണ് സല്‍മാന് കന്നി രഞ്ജി സെഞ്ച്വറി നിഷേധിച്ചത്. ബീഹാറിനെതിരെ കരുതലോടെ കളിച്ച് സല്‍മാന്‍ സ്വന്തമാക്കിയത് കേരളത്തിന്റെ നോക്കൗട്ട് ബര്‍ത്തിനൊപ്പം കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി കൂടിയാണ്. ഇതോടെ കേരളാ ക്രിക്കറ്റിന് പുതിയ ബാറ്റിംഗ് സൂപ്പര്‍ താരത്തെ കിട്ടി. എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ ബാറ്ററാണ് സല്‍മാന്‍ നിസാര്‍. പന്തുകളെ അടിച്ച് ബൗണ്ടറി കടത്താന്‍ ആവേശം കാട്ടുന്ന ഹിറ്റര്‍. ക്ലാസും മാസും ചേരുന്ന ക്രിക്കറ്റര്‍. വല്ലപ്പോഴും സ്പിന്‍ ബൗള്‍ ചെയ്യുമെങ്കിലും ബാറ്റിംഗില്‍ തന്നെയാണ് കരുത്ത്. ഈ താരത്തെയാണ് ഈ രഞ്ജി സീസണില്‍ ഏഴമാനായാണ് കേരളം ആദ്യം കളിപ്പിച്ചത്. ഇതിന് പിന്നിലെ ക്രിക്കറ്റ് തന്ത്രം ആര്‍ക്കും പിടികിട്ടിയില്ല.

അവസാന ലീഗ് മത്സരത്തിലും ആറാമനായാണ് സല്‍മാന്‍ എത്തിയത്. അപ്പോള്‍ സ്‌കോര്‍ 170 റണ്‍സിന് അഞ്ചു വിക്കറ്റ്. പിന്നീടുള്ള മൂന്ന് വിക്കറ്റ് 32 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായി. പക്ഷേ അവസാന രണ്ട് ബാറ്റ്‌സ്മാന്മാരെ കൂട്ടുപിടിച്ച് കേരളത്തെ 351ല്‍ എത്തിച്ചു. ഒന്‍പതാം വിക്കറ്റില്‍ 79റണ്‍സാണ് നേടിയത്. നിധീഷിന്റെ പേരില്‍ 30 റണ്‍സ്. അവസാന വിക്കറ്റില്‍ വൈശാഖ് ചന്ദ്രനെ കൂട്ടു പിടിച്ച് നേടിയത് 70 റണ്‍സാണ്. ഇതില്‍ വൈശാഖിന്റെ നേട്ടം വെറും അഞ്ച് റണ്‍സ്. 54 പന്തുകള്‍ വൈശാഖ് പ്രതിരോധിച്ചിടത്തായിരുന്നു കേരളത്തിന്റെ സ്‌കോര്‍ 351ല്‍ എത്തിച്ചത്. ഇതിന് കാരണം സല്‍മാന്‍ നിസ്സാറിന്റെ ബാറ്റിംഗ് കരുത്ത് തന്നെയാണ്.

2018-2019 സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ച കേരളാ ടീമില്‍ സല്‍മാന്‍ നിസാര്‍ ഉണ്ടായിരുന്നു. തലശ്ശേരി ബി.കെ.55 ക്രിക്കറ്റ് ക്ലബ് താരമായ സല്‍മാന്‍ ഏതാനും വര്‍ഷങ്ങളായി കേരളാ സീനിയര്‍ ടീം അണ്ടര്‍ 23 , അണ്ടര്‍ 19, അണ്ടര്‍ 16 , കേരളാ ടീമിലെ സ്ഥിര സാനിധ്യമാണ്. ബിനീഷ് കോടിയേരിയുടെ പിന്തുണയും സല്‍മാന് എക്കാലത്തും ഉണ്ടായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടം കയ്യന്‍ മധ്യനിര ബാറ്റ്സ്മാനായ സല്‍മാനെ കേരളാ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്.

തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാട്ടേഴ്സിനടുത്ത് ബൈത്തൂല്‍ നൂറില്‍ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റെയും മകനാണ് സല്‍മാന്‍ നിസാര്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരള സീനിയര്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സല്‍മാന്‍ നിസാര്‍. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 കേരള ടീമിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു സല്‍മാന്‍. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടംകയ്യന്‍ മധ്യനിര ബാറ്റ്സ്മാനായ സല്‍മാനെ കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്. ഈ സീസണില്‍ ട്വന്റി ട്വന്റി ടീമിന്റെ നായകനുമായി സല്‍മാന്‍.