അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ഗാബ ടെസ്റ്റിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ഔദ്യേഗിക പ്രഖ്യാപനം. പിന്നീട് സോഷ്യല്‍ മീഡിയ വഴിയും താരം വിരമിക്കുന്ന കാര്യം അറിയിച്ചു. വിരമിക്കലിന് ശേഷം നിരവധി താരങ്ങള്‍ വികാര കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സഞ്ജു സാംസണും അത്തരത്തിലൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള അശ്വിന് നന്ദി അറിയിച്ചാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

'എല്ലാത്തിനും നന്ദി ആഷ് അണ്ണാ. കളിക്കളത്തിനുള്ളിലും പുറത്തും നിങ്ങള്‍ക്കൊപ്പം വളരെ സ്പെഷ്യലായ നിമിഷങ്ങള്‍ പങ്കിടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്', സഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ബിസിസിഐ പങ്കുവെച്ച അശ്വിന്റെ വിരമിക്കല്‍ പോസ്റ്റ് പങ്കുവെച്ചായിരുന്നു മലയാളി താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

2022ലെ ഐപിഎല്‍ മെഗാലേലത്തിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ തട്ടകത്തിലെത്തുന്നത്. 2022, 23, 24 സീസണുകളില്‍ സഞ്ജുവിന് കീഴില്‍ റോയല്‍സിന്റെ പിങ്ക് കുപ്പായത്തിലാണ് അശ്വിന്‍ ഐപിഎല്ലില്‍ കളിച്ചത്. 2025 ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തില്‍ അശ്വിന്‍ തിരിച്ച് മുന്‍ ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിങ്സിലേയ്ക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം സമനിലയില്‍ കലാശിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്റെ അവസാനത്തെ ദിനമാണിതെന്നും വളരെ വൈകാരിക നിമിഷമാണെന്നും അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു.