ന്യൂഡല്‍ഹി: സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ രാജസ്ഥാന്‍ റോയല്‍സിന് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വാരിയെല്ലിന്റെ ഭാഗത്ത് ഉണ്ടായ വേദന മൂലം സഞ്ജു മത്സരത്തിന്റെ ഇടയ്ക്ക് വച്ച് കളം വിട്ടിരുന്നു. ഇന്നലെ കൂടി തോല്‍വി ഏറ്റ് വാങ്ങിയതോടെ പായിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ ഇപ്പോള്‍.

പവര്‍പ്ലേയില്‍ തിളങ്ങിയെങ്കിലും തുടക്കം മുതലാക്കാനാകാതെ ടീമിന് തോല്‍വിയേല്‍ക്കേണ്ടി വന്നു എന്ന് മത്സര ശേഷം സഞ്ജു പറഞ്ഞു. 19 പന്തില്‍ 31 റണ്‍സ് നേടി സഞ്ജു മികച്ച ഫോമിലായിരുന്നു. ഡല്‍ഹി സ്പിന്നര്‍ വിപ്രാജ് നിഗത്തിന്റെ ഓവറിലാണ് സഞ്ജുവിന് പരിക്കേറ്റത്. വേദനയെ മറികടന്ന് വീണ്ടും ബാറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരിക്ക് വീണ്ടും ബാധിച്ചതോടെ താരം റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മൈതാനമൊഴിയേണ്ടി വന്നു.

മത്സരത്തിന് ശേഷം വേദന കാര്യമായതല്ലെന്നും, കൂടുതല്‍ പരിശോധനയ്ക്കുശേഷം നില വ്യക്തമാകുമെന്നും വ്യക്തമാക്കി താരം വ്യക്തമാക്കി. ആരാധകര്‍ക്കും ടീമിനും പ്രതീക്ഷ നല്‍കുന്ന ഈ അഭിപ്രായം, താരം വരാനിരിക്കുന്ന മത്സരങ്ങളില്‍ തിരിച്ചെത്തുമെന്ന സൂചനയായാണ് കാണുന്നത്. അടുത്ത മത്സരങ്ങള്‍ എല്ലാം നിര്‍ണായകമായിരിക്കെ സഞ്ജുവിന്റെ പരിക്ക് ടീമിനെ ആശങ്കയിലാക്കുകയാണ്.

188 റണ്‍സിന്റെ സമനിലയോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയപ്പോള്‍, ഡല്‍ഹിയുടെ മിച്ചല്‍ സ്റ്റാര്‍ക് 11 റണ്‍സിന് മാത്രമാണ് വിട്ട് നല്‍കിയത്. പിന്നീട് കെ.എല്‍ രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്ന് വിജയവും ഉറപ്പാക്കി. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.