ഷാര്‍ജ: ഏഷ്യ കപ്പില്‍ സമ്മര്‍ദ്ദങ്ങളെ അവസരങ്ങളായാണ് താന്‍ കണ്ടതെന്നും ടീമിനായി ഏത് പൊസിഷനില്‍ കളിക്കാന്‍ തയ്യാറാണെന്നും മലയാളി താരം സഞ്ജു സാംസണ്‍. ഇതുവരെയുള്ള കരിയറില്‍ അതിനായുള്ള അനുഭവ സമ്പത്ത് നേടിയിട്ടുണ്ടെന്നും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനം കിട്ടിയിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നത് ചെയ്യുക എന്നതാണ് പ്രധാനം. ടീമിനായി ഏത് പൊസിഷനിലും കളിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും ഷാര്‍ജ സക്‌സസ് പോയന്റ് കോളജില്‍ നല്‍കിയ സ്വീകരണത്തില്‍ സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

ഫൈനലിലെ റോള്‍ സംബന്ധിച്ച ചോദ്യത്തിന് ലാലേട്ടന്റെ ആറ്റിറ്റിയൂഡ് ആണ് അതിനോട് എടുത്തത് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഫൈനലില്‍ തുടക്കത്തിലെ മൂന്ന് വിക്കറ്റ് നഷ്ടമായപ്പോള്‍ പതുക്കെ കളിച്ച് കൂട്ടുകെട്ടുണ്ടാക്കാനായിരന്നു നിര്‍ദേശിച്ചിരുന്നതെന്നും സഞ്ജു പറഞ്ഞു. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്ന റോള്‍ ചെയ്യുക എന്നതാണ് പ്രധാനം. ഇത് മനസ്സില്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല. ഏഷ്യാ കപ്പില്‍ ആരാധകര്‍ നല്‍കിയ പിന്തുണയില്‍ വലിയ സന്തോഷമുണ്ടെന്നും ഏഷ്യാ കപ്പില്‍ നന്നായി കളിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും സഞ്ജു വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഇടം കിട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ എന്ന ചോദ്യത്തിന് ഇടം കിട്ടിയാല്‍ സന്തോഷമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഏഷ്യാ കപ്പ് ഫൈനലില്‍ 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു തിലക് വര്‍മക്കൊപ്പം 57 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയിരുന്നു. ഫൈനലിന് മുമ്പ് നടന്ന അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടീമിന്റെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു ഒമാനെതിരായ മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങി അര്‍ധ സെഞ്ചുറി നേടി കളിയിലെ താരവുമായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സഞ്ജുവിനെ എട്ടാമനാക്കിയതിനെതിരെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.