കാന്‍ബറ: ഇന്ത്യൻ ടീമിൽ ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാൻ തയ്യാറാണെന്ന് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ സ്റ്റാർ സ്പോർട്സുമായുള്ള സംഭാഷണത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ടീമിന്റെ ആവശ്യാനുസരണം ഏത് റോളും ഏറ്റെടുക്കാൻ താൻ സജ്ജനാണെന്നും, തന്റെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സഞ്ജു പറഞ്ഞു.

നേരത്തെ, ശുഭ്മാൻ ഗില്ലിൻ്റെ തിരിച്ചുവരവോടെ ഇന്ത്യൻ ടീമിൽ സഞ്ജുവിൻ്റെ സ്ഥാനം സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഗിൽ ടീമിൽ തിരിച്ചെത്തുന്നതിന് മുമ്പ് സഞ്ജു സ്ഥിരമായി ഓപ്പണറായി കളിക്കുകയും മൂന്ന് സെഞ്ചുറികൾ നേടുകയും ചെയ്തിരുന്നു. എന്നാൽ, വൈസ് ക്യാപ്റ്റനായി ഗിൽ ടീമിൽ ഇടം നേടിയതോടെ സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഏഷ്യാ കപ്പിൽ മധ്യനിരയിലാണ് സഞ്ജു പ്രധാനമായും കളിച്ചത്.

ഏഷ്യാ കപ്പിൽ മധ്യനിരയിലാണ് സഞ്ജു കളിച്ചത്. ഒരുപാട് വര്‍ഷമായി ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. പല റോളുകളും ഇതിനോടകം ചെയ്തു കഴിഞ്ഞു. ഓപ്പണിംഗ് ബാറ്ററായും, ഫിനിഷറായും, മിഡിൽ ഓർഡറിലും കളിച്ചിട്ടുണ്ട്. ഈ ടീമിൽ ഓപ്പണർമാർ മാത്രമേ നിശ്ചിത സ്ഥാനത്തുള്ളൂ. ബാക്കിയുള്ള ബാറ്റർമാർ ഏത് സാഹചര്യത്തിലും കളിക്കാൻ തയ്യാറായിരിക്കണം. ഞങ്ങൾ അതിന് തയ്യാറാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പുള്ള മൂന്ന് പരമ്പരകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടീമിന്റെ ശ്രമമെന്നും സഞ്ജു വ്യക്തമാക്കി.

'ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന മൂന്ന് പരമ്പരകളെക്കുറിച്ച് ഞങ്ങൾ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. ഒരു സമയത്ത് ഒരു ഗെയിമിൽ മാത്രം ശ്രദ്ധിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,' സഞ്ജു വ്യക്തമാക്കി. ഓസ്ട്രേലിയൻ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ കളിക്കുകയെന്നുള്ളത് കടുത്ത വെല്ലുവിളിയാണ്. താരങ്ങൾ പരീക്ഷിക്കപ്പെടും. മാനസികമായും ശാരീരികമായും കരുത്തനായിരിക്കാൻ ഈ പരമ്പര ഉപകരിക്കും,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടി20 മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചു. കാൻബറയിലെ മനുക ഓവലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 9.4 ഓവറിൽ ഒന്നിന് 97 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. പിന്നീട് കനത്ത മഴയെത്തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 24 പന്തിൽ 39 റൺസും ശുഭ്മാൻ ഗിൽ 20 റൺസുമെടുത്ത നിലയിലായിരുന്നു മത്സരം നിർത്തിവെച്ചത്.