ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിൽ. ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് ആണ് താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടീം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്സിൽ "സഞ്ജു സാംസൺ ഈസ് യെല്ലോവ്, അൻപുടൻ വെൽക്കം ചേട്ട!" എന്ന അടിക്കുറിപ്പോടെയാണ് സഞ്ജുവിന്റെ ചിത്രം പങ്കുവെച്ചത്. ചെന്നൈയിൽ സഞ്ജുവിൻ്റെ റോളെന്തായിരിക്കുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

നിലവിൽ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയെ നയിക്കുന്നത്. സഞ്ജുവിന് ഉടൻ ക്യാപ്റ്റൻ സ്ഥാനം ലഭിക്കുമോ എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. "ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നു സിംഹത്തിന്റെ സ്വന്തം മടയിലേക്ക്" എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വീഡിയോയിൽ, രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ നിന്ന് ചെന്നൈയുടെ മഞ്ഞ ജേഴ്സിയിലേക്ക് മാറുന്ന സഞ്ജുവിനെ കാണാം. ഇതിന് പിന്നാലെ, ധോനിക്കൊപ്പം നിൽക്കുന്ന സഞ്ജുവിന്റെ ചിത്രവും ചെന്നൈ ആരാധകരെ കോർത്തിണക്കിയുള്ള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള മാറ്റം രാജസ്ഥാൻ റോയൽസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

"നീ നീല ജേഴ്‌സിയിട്ട് കൗമാരക്കാരൻ പയ്യനായി കടന്നു വന്നു. ഇന്ന് ക്യാപ്റ്റനോട്, നായകനോട് ഞങ്ങളുടെ ചേട്ടനോട് ഗുഡ് ബൈ പറയുന്നു. എല്ലാത്തിനും നന്ദി, സഞ്ജു സാംസൺ" എന്ന സന്ദേശത്തോടെയാണ് രാജസ്ഥാൻ റോയൽസ് താരത്തിന് വിട നൽകിയത്. രാജസ്ഥാൻ ടീമിനൊപ്പമുള്ള സഞ്ജുവിന്റെ യാത്ര വിശദീകരിക്കുന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും ടീം പുറത്തിറക്കിയിരുന്നു. പരിശീലകൻ കുമാർ സംഗക്കാര, സഹതാരങ്ങളായ ധ്രുവ് ജുറേൽ, സന്ദീപ് ശർമ്മ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, വൈഭവ് സൂര്യവംശി എന്നിവർ സഞ്ജുവിനെക്കുറിച്ച് സംസാരിക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാം കറനെ ടീമിൽ ഉൾപ്പെടുത്തുന്നതിൽ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായും രാജസ്ഥാൻ അറിയിച്ചിട്ടുണ്ട്. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ രാജസ്ഥാൻ്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. ജഡേജയെ ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് അദ്ദേഹം തൻ്റെ ആദ്യ ക്ലബായ രാജസ്ഥാനിൽ തിരിച്ചെത്തിയതെന്ന റിപ്പോർട്ടുകളുമുണ്ട്.