മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ 'ദൈവം' സച്ചന്‍ തെണ്ടുല്‍ക്കറാണ്. പക്ഷേ അതിന് മുമ്പേ ഇതിഹാസമായി മാറിയ മറ്റൊരു ബാറ്ററുണ്ട്. സുനില്‍ ഗവാസ്‌കര്‍. ഹെല്‍മറ്റ് ധരിക്കാതെ സ്‌കള്‍ ക്യാപ്പുമായി വിന്‍ഡീസ് അടക്കമുള്ള പേസ് ബൗളിംഗ് നിരയെ കൂളായി നേരിട്ട ഇന്ത്യന്‍ ബാറ്റര്‍. ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിംഗിലെ റിക്കോര്‍ഡുകളെല്ലാം ഒരു കാലത്ത് സ്വന്തമായിരുന്ന ഗവാസ്‌കര്‍. പല ക്രിക്കറ്റര്‍മാരേയും ഉപദേശിച്ച് നേരെയാക്കിയ ഗവാസ്‌കര്‍ തന്റെ മകനേയും ക്രിക്കറ്ററാക്കി. കമന്റി ബോക്‌സില്‍ വിസ്മയവും തീര്‍ത്തു. എന്നാല്‍ അടുത്ത കാലത്തായി പറയുന്നതെല്ലാം പിഴയ്ക്കുകയാണ്. സഞ്ജു വി സാംസണിനെ പറ്റി പറഞ്ഞതെല്ലാം പിഴച്ചു. ഗവാസ്‌കറിനെ സഞ്ജുവിന്റെ ആരോധകര്‍ എയറിലാക്കി. അതുകൊണ്ടും പഠിച്ചില്ല. ഇന്ന് രാവിലേയും ഒരഭിപ്രായം പറഞ്ഞു. അതും ഗൗതം ഗംഭീര്‍ എന്ന കോച്ച് ചിന്തിച്ചുറപ്പിച്ചെടുത്ത വിപ്ലവകരമായ തീരുമാനത്തെ. ഗവാസ്‌കറിന്റെ വിമര്‍ശനം അഞ്ചു മണിക്കൂര്‍ കൊണ്ട് പൊളിച്ചു വാഷിങ്ടണ്‍ സുന്ദര്‍.

കുല്‍ദീപ് യാദവിനെ ഒഴിവാക്കി വാഷിങ്ടണ്‍ സുന്ദറിനെ ടീമിലെടുത്തതിനെ പരിഭ്രാന്തിയിലുള്ള ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നീക്കമെന്നാണ് ഗവാസ്‌കര്‍ രാവിലെ വിശേഷിപ്പിച്ചത്. മൂന്ന് പേരെ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റിയതിനേയും വിമര്‍ശിച്ചു. വാഷിങ്ടണ്‍ സുന്ദറിനെ ടീമിലെടുത്തത് ബാറ്റിംഗിന് കരുത്ത് പകരനാണെന്നും അഭിപ്രായപ്പെട്ടു. സുന്ദറിന്റെ ബൗളിംഗിനെക്കാള്‍ അവര്‍ക്ക് വേണ്ടത് വാലറ്റത്തെ ബാറ്റിംഗ് മികവാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ഇന്ത്യന്‍ ടീം ബാറ്റിംഗിനെ കുറിച്ച് എത്രത്തോളം ആശങ്കയിലാണെന്നതിന് തെളിവാണ് വാഷിങ്ടണ്‍ സുന്ദറിന്റെ ടീമിലെ സ്ഥാനമെന്നായിരിന്നു ഗവാസ്‌കര്‍ രാവിലെ പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പിടിഎ ഇത് വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ട് തന്നെ സുന്ദറിന്റെ ബൗളിംഗ് പ്രകടനത്തിലേക്ക് ഏവരും ശ്രദ്ധയും പുലര്‍ത്തി. പക്ഷേ സുന്ദര്‍ നിരാശനാക്കിയില്ല. ഏഴ് വിക്കറ്റുമായി പൂണയില്‍ സൂപ്പര്‍ ഹീറോയായി. ഇതോടെ ഗവാസ്‌കറിന്റെ രാവിലത്തെ പ്രതികരണം അബന്ധമായി മാറി. ആദ്യ ദിന കളി നിര്‍ത്തുമ്പോള്‍ താനും വാഷിങ്ടന്‍ സുന്ദറിന്റെ പ്രകടനത്തില്‍ പ്രചോദിതനായി എന്ന് പറയേണ്ടി വന്നു ഗവാസ്‌കറിന്.

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം സഞ്ജുവിനെ വാഴ്ത്തിപ്പാടുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരാളുണ്ടായിരുന്നു അന്നും. അത് സുനില്‍ ഗാവസ്‌ക്കറായിരുന്നു. മുമ്പ് പലപ്പോഴും സഞ്ജുവിനെ തുടര്‍ച്ചയായി വിമര്‍ശിച്ചയാളാണ് ഗാവസ്‌ക്കര്‍. സ്ഥിരതയില്ലെന്നും അവസരങ്ങള്‍ മുതലാക്കുന്നില്ലെന്നും വിക്കറ്റിനു പിന്നിലെ പ്രകടനം പോരെന്നുമെല്ലാം സഞ്ജുവിനെതിരേ ഗാവസ്‌ക്കര്‍ പലപ്പോഴായി ഉയര്‍ത്തിയിട്ടുള്ള വിമര്‍ശനങ്ങളാണ്. മാത്രമല്ല സഞ്ജുവിനെക്കാള്‍ മികച്ചത് ഋഷഭ് പന്താണെന്ന് പലപ്പോഴും പറയാതെ പറയുകയും ചെയ്തിരുന്നു ഗാവസ്‌ക്കര്‍. ഷോട്ട് സെലക്ഷന്റെ പേരിലും സഞ്ജുവിനെ വിമര്‍ശിച്ച് ഗാവസ്‌ക്കര്‍ രംഗത്തെത്തിയിരുന്നു.

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും പരാജയപ്പെട്ട ഒരു മത്സരത്തിന്റെ പേരിലും ഗാവസ്‌ക്കര്‍ സഞ്ജുവിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരേ സഞ്ജു തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ചതോടെ സഞ്ജുവിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഗാവസ്‌ക്കര്‍ക്കെതിരേ തിരിഞ്ഞു. സഞ്ജു കളിച്ച ഷോട്ട് എങ്ങനെയുണ്ടായിരുന്നുവെന്ന് അഭിപ്രായം പറയാമോ?, സഞ്ജുവിന് ബാറ്റിങ്ങില്‍ സ്ഥിരതയുണ്ടായിരുന്നോ? തുടങ്ങിയ ചോദ്യങ്ങള്‍ ഗാവസ്‌ക്കറോട് ചോദിച്ച് രംഗത്തുവന്നു ആരാധകര്‍. ബംഗ്ലാദേശിനെതിരേ ടി20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോഡും സഞ്ജു അന്ന് നേടിയിരുന്നു. 40 പന്തില്‍ നിന്ന് സെഞ്ചുറിയടിച്ച സഞ്ജു 47 പന്തില്‍ നിന്ന് എട്ട് സിക്സും 11 ഫോറുമടക്കം 111 റണ്‍സാണ് നേടിയത്. ഇതിന് സമാനമാണ് വാഷിങ്ടണ്‍ സുന്ദറിനെതിരെ ഇന്ന് പറഞ്ഞ ഗവാസ്‌കറിന്റെ വാക്കുകളും ചെന്നെത്തുന്നത്.

കുറച്ചു കാലം മുമ്പ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയപ്പോഴും മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ മറുപടി നല്‍കിയത് ഗവാസ്‌കറിന്റെ വിമര്‍ശനങ്ങള്‍ക്കായിരുന്നു. സഞ്ജുവിന്റെ കരിയര്‍ മാറ്റിമറിക്കുന്ന സെഞ്ചുറിയായിരുന്നു അതെന്ന് നിസംശയം പറയാം. പ്രതികൂലമായ വിക്കറ്റില്‍ ക്ഷമയോടെ പ്രോട്ടീസ് ബൗളര്‍മാരെ നേരിട്ട് ഒറ്റയ്ക്ക് ടീം ഇന്ത്യയെ കരകയറ്റുകയായിരുന്നു സഞ്ജു. ക്രിക്കറ്റ് ലോകത്തിന്റെയാകെ കയ്യടി വാങ്ങിയ സെഞ്ചുറിക്ക് പിന്നാലെ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടേണ്ടി വന്നു ഗവാസ്‌കറിന്. ഇതു തന്നെയാണ് ഇപ്പോല്‍ തമിഴ്‌നാട്ടുകാരനായ സുന്ദറിന്റെ കാര്യത്തിലും സംഭവിക്കുന്നത്. വാഷിങ്ടണ്‍ സുന്ദറിനെ വിമര്‍ശിച്ച ഗവാസ്‌കര്‍ക്ക് താരം തന്നെ മറുപടി നല്‍കിയെന്ന തരത്തില്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സഞ്ജുവിനെ പോലെ ഗവാസ്‌കറിന് വാഷിങ്ടണ്‍ സുന്ദറും മറുപടി നല്‍കുകയാണ്.

പതിവില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു സാംസണ്‍ ഷോട്ട് സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധിച്ചായിരുന്നു പാളില്‍ മൂന്നാം ഏകദിനം കളിച്ചത്. ഇതിനെ കുറിച്ച് ഗവാസ്‌കറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'സഞ്ജു സാംസണിന്റെ ഷോട്ട് സെലക്ഷനായിരുന്നു ഈ ഇന്നിംഗ്സിലെ പ്രത്യേകത. മികച്ച തുടക്കം ലഭിച്ചിട്ടും പുറത്താവുകയായിരുന്നു മുന്‍ മത്സരങ്ങളില്‍ സഞ്ജു. എന്നാല്‍ ഇത്തവണ സഞ്ജു അത്ര വീഴ്ച വരുത്തിയില്ല. അദേഹം തന്റെ സമയം മുതലെടുത്തു. മോശം പന്തുകള്‍ക്കായി കാത്തിരുന്നു. സെഞ്ചുറി പൂര്‍ത്തിയാക്കി. ഈ സെഞ്ചുറി സഞ്ജുവിന്റെ കരിയര്‍ മാറിമറിക്കും. പാളിലെ സെഞ്ചുറി സഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു എത്രത്തോളം പ്രതിഭാധനനാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചിലപ്പോഴൊക്കെ ആ മികവിനൊത്ത പ്രകടനമുണ്ടായില്ല. എന്നാല്‍ സെഞ്ച്വറി പ്രകടനം സഞ്ജുവിന്റെ വ്യക്തിഗത നേട്ടം കൂടിയാകുന്നു' എന്നും സുനില്‍ ഗാവസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്സില്‍ തിരുത്തി പറയേണ്ടി വന്നു. ഇതിന് ശേഷവും സഞ്ജുവിനെ ഗവാസ്‌കര്‍ വിമര്‍ശിച്ചു. അതിനുള്ള മറുപടിയായിരുന്നു ഏകദിനത്തിലെ സഞ്ജുവിന്റെ സൂപ്പര്‍ഷോ.