- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്; അടുപ്പിച്ച് രണ്ട് സെഞ്ചുറികള്‍ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകള്‍; ആത്മവിശ്വാസം കൈവിട്ടിരുന്നില്ല; കഴിഞ്ഞ തവണ കുറേ സംസാരിച്ചു; ഇനി കൂടുതല്‍ സംസാരിക്കുന്നില്ല'; കാരണം വിശദീകരിച്ച് സഞ്ജു സാംസണ്‍
സെഞ്ചുറിയടിച്ചാലും ഇനി കൂടുതലൊന്നും പറയില്ലെന്ന് സഞ്ജു
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലം ട്വന്റി 20 മത്സരത്തില്‍ നേടിയ സെഞ്ചുറിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ജീവിതത്തില്‍ താന്‍ ഒട്ടേറെ പരാജയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും സഞ്ജു പറഞ്ഞു. ഇന്നലെ ഇന്ത്യന്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയായതിന് പിന്നാലെ ബ്രോഡ്കാസ്റ്റര്‍മാരോട് സംസാരിക്കുമ്പോഴായിരുന്നു സഞ്ജു സെഞ്ചുറിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ തവണ കുറേയധികം സംസാരിച്ചെന്നും അതിന് പിന്നാലെ രണ്ട് മത്സരങ്ങളില്‍ ഡക്കിന് പുറത്തായെന്നും തമാശ കലര്‍ത്തി സഞ്ജു കൂട്ടിച്ചേര്‍ത്തു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു പിന്നീട് നടന്ന രണ്ട് മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു.
'ജീവിതത്തില്‍ ഞാന്‍ ഒരുപാട് പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകള്‍. അപ്പോഴും ഞാന്‍ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നില്‍ത്തന്നെ അടിയുറച്ച് വിശ്വസിച്ചു. കഠിനപ്രയത്നം നടത്തി. അതിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്.
ഒന്ന് രണ്ട് തവണ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ഞാന്‍ ഒരുപാട് ചിന്തിച്ചു. ഇന്ന് അഭിഷേകും തിലകും പിന്തുണ നല്‍കി. തിലക് ഏറെ ഭാവിയുള്ള താരമാണ്. ഞങ്ങള്‍ ഒട്ടേറെ കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഒരു കൂട്ടുകെട്ടുണ്ടായതില്‍ സന്തോഷം.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമാണവന്‍. അവനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനായതില്‍ സന്തോഷമുണ്ട്. സെഞ്ചുറിയെക്കുറിച്ച് ഞാനധികം സംസാരിക്കുന്നില്ല. കാരണം, കഴിഞ്ഞ തവണ സെഞ്ചുറി നേടിയപ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അതിന് പിന്നാലെ ഞാന്‍ രണ്ട് കളികളില്‍ ഡക്ക് ആയി. അതുകൊണ്ട് തന്നെ എനിക്ക് ചെയ്യാനാവുന്ന കാര്യങ്ങള്‍ ലളിതമായി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്തായാലും ഇത്തരമൊരു പ്രകടനമായിരുന്നു ക്യാപ്റ്റനും ഞങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചത്. അത് നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.
എന്തായാലും ഞാന്‍ കൂടുതല്‍ സംസാരിക്കുന്നില്ല. കഴിഞ്ഞ തവണ സെഞ്ചുറി നേടിയ ശേഷം ഞാന്‍ കൂടുതല്‍ സംസാരിച്ചു. പിന്നാലെ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായി. എനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുക. അതാണ് ലക്ഷ്യം. ഇങ്ങനെയൊരു പ്രകടനമാണ് ക്യാപ്റ്റന്‍ പ്രതീക്ഷിച്ചത്. അത് പൂര്‍ത്തിയാക്കാനായതില്‍ സന്തോഷം'-സഞ്ജു വ്യക്തമാക്കി.
പ്രതിഭയുടെ കരുത്തുറ്റ ബാറ്റുമായി സഞ്ജുവും (56 പന്തില്‍ 109 നോട്ടൗട്ട്) യുവത്വത്തിന്റെ വീര്യവുമായി തിലക് വര്‍മയും (47 പന്തില്‍ 120 നോട്ടൗട്ട്) നിറഞ്ഞാടിയപ്പോള്‍ നാലാം ട്വന്റി20യില്‍ ഇന്ത്യ നേടിയത് 135 റണ്‍സിന്റെ ഉജ്വല വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 283 റണ്‍സിന്റെ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ 148 റണ്‍സിന് ഓള്‍ഔട്ടായി. 4 മത്സര പരമ്പര ഇന്ത്യ 3 - 1ന് സ്വന്തമാക്കി. തിലകാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.
പരമ്പരയില്‍ തുടര്‍ച്ചയായ 2 ഡക്കുകള്‍ക്കുശേഷം ഫോമിലേക്കു തിരിച്ചെത്തിയ സഞ്ജു രാജ്യാന്തര ട്വന്റി20യില്‍ തന്റെ മൂന്നാം സെഞ്ചറിയാണ് ഇന്നലെ കുറിച്ചത്. 56 പന്തുകള്‍ മാത്രം നേരിട്ട സഞ്ജുവിന്റെ ബാറ്റില്‍നിന്ന് 6 ഫോറും 9 സിക്‌സും പറന്നു. തുടര്‍ച്ചയായ രണ്ടാം ട്വന്റി20 സെഞ്ചറി കുറിച്ച തിലക് വര്‍മ 47 പന്തില്‍ 9 ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് 120 റണ്‍സ് നേടിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കിയതോടെ ഇന്ത്യ ലോകകപ്പ് നേട്ടമടക്കം മികച്ച പ്രകടനങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചാണ് പൂര്‍ത്തിയാക്കുന്നത്.
ഈ വര്‍ഷം കളിച്ച 26 മത്സരങ്ങളില്‍ 25 വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോകകപ്പിലെ അപരാജിത കിരീട നേട്ടവും ഇതിലുള്‍പ്പെടുന്നു. ഇനി അടുത്തവര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ മിന്നും പ്രകടനത്തോടെ സഞ്ജുവും തിലക് വര്‍മയും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം ഉറപ്പാക്കി കഴിഞ്ഞു.