- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തും രാഹുലും വരുമ്പോള്‍ സ്വാഭാവികമായും പുറത്താവുക സഞ്ജുവാണ്; റിങ്കു സിങ്ങിന്റെ കാര്യം നോക്കൂ; ടീം സെലക്ഷനെ ന്യായീകരിച്ച് അഗാര്‍ക്കര്‍
മുംബൈ: അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും സഞ്ജു സാംസണ് ടീമില്‍ നിന്നും തഴയപ്പെട്ടിരുന്നു. ഇതില്‍ വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയരുകയും ചെയ്യുന്നു. ഇതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരിക്കയാണ് ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍. ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നീ വിക്കറ്റ് കീപ്പര്‍മാര്‍ തിരിച്ചെത്തുമ്പോള്‍, നിലവിലെ സാഹചര്യത്തില്‍ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമാകുമെന്നാണ് അജിത്ത് അഗാര്‍ക്കര്‍ പറയുന്ന ന്യായീകരണം.
സഞ്ജു ഉള്‍പ്പെടെ മികവുറ്റ താരങ്ങള്‍ ഏറെയുണ്ടെങ്കിലും എല്ലാവര്ക്കും 15 അംഗ ടീമില്‍ ഇടം നല്‍കാനാകില്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ഇന്ത്യന്‍ ടീം ശ്രീലങ്കന്‍ പര്യടനത്തിനായി പോകുന്നതിനു മുന്‍പ് നിയുക്ത പരിശീലകന് ഗൗതം ഗംഭീറിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട താരങ്ങളില്‍ അനര്‍ഹര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വിശദീകരണം നല്കാന് സിലക്ടര്‍മാര്‍ ബാധ്യസ്ഥരാണ്. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ പ്രകടനം മോശമായാല്‍, സഞ്ജുവിനെപ്പോലെയുള്ളവര് പുറത്തു കാത്തുനില്ക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
"ചില ഘട്ടങ്ങളില്‍ ചില താരങ്ങള്‍ തഴയപ്പെട്ടേക്കാം. തഴയപ്പെട്ട താരങ്ങള്‍ക്കു പകരം തിരഞ്ഞെടുക്കപ്പെട്ടത് ആരൊക്കെയാണെന്നു കൂടി നോക്കണം. അവരില്‍ അര്‍ഹതയില്ലാത്തവര്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ വിശദീകരണം നല്കാന് ബാധ്യസ്ഥരാണ്. ഉദാഹരണത്തിന് റിങ്കു സിങ്ങിന്റെ കാര്യമെടുക്കൂ. അദ്ദേഹത്തിന് ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനാകാതെ പോയത് അദ്ദേഹത്തിന്റെ കുറ്റം കൊണ്ടല്ല. എല്ലാവരെയും നമുക്ക് 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താനാകില്ലല്ലോ." അഗാര്‍ക്കര്‍ വിശദീകരിച്ചു.
കെ.എല്‍. രാഹുലും ഋഷഭ് പന്തും ടീമിലേക്കു തിരിച്ചെത്തിയതോടെയാണ് സഞ്ജു സാംസണിന് ടീമിലെ സ്ഥാനം നഷ്ടമായതെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏകദിനത്തില്‍ ഈ രണ്ടു താരങ്ങളുടെയും ബാക്കപ്പായി മാത്രമേ സഞ്ജുവിനെ പരിഗണിക്കാനാകുവെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നിര്‍ണായക താരമാണ് ഋഷഭ് പന്ത്. ഇടക്കാലത്ത് അപകടത്തെ തുടര്‍ന്ന് പുറത്തായിരുന്ന അദ്ദേഹം ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിക്കഴിഞ്ഞു. അദ്ദേഹത്തെ പരമാവധി മത്സരങ്ങള്‍ കളിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രാഹുല്‍. ഇവര്‍ രണ്ടു പേരും ടീമിലേക്കു തിരിച്ചെത്തുന്നതോടെ, സ്വാഭാവികമായും ഇടം നഷ്ടമാകുന്നത് സഞ്ജുവിനാണ്. ടീമില്‍ ഇടം ലഭിച്ചിട്ടുള്ള താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍, സഞ്ജുവിനേപ്പോലെയുള്ളവര് പുറത്തു കാത്തുനില്ക്കുന്നുണ്ടെന്ന് ഓര്‍മിക്കണം." അഗാര്‍ക്കര്‍ പറഞ്ഞു.