ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2026 സീസണില്‍ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സിയില്‍ കളിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ സഞ്ജുവിന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്തുവരുന്നത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ക്യാപ്റ്റനെ കൈമാറണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്ന് മൂന്ന് പ്രധാന താരങ്ങളില്‍ ഒരാളെ വിട്ടുകിട്ടണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ പ്ലെയര്‍ ട്രേഡ് വൈകുമെന്ന് ക്രിക്ബസ് റിപോര്‍ട്ട് ചെയ്തു. സിഎസ്‌കെയില്‍ നിന്ന് സഞ്ജുവിന് പകരം ആഗ്രഹിക്കുന്ന താരങ്ങളുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. റിലീസ് ലഭിക്കാനുള്ള സഞ്ജുവിന്റെ താല്‍പര്യത്തിന് അനുകൂലമായി കാര്യങ്ങള്‍ പുരോഗമിച്ചിട്ടില്ലെന്നാണ് വിവരം.

ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സി.എസ്.കെയുമായി ആര്‍.ആര്‍ മാനേജിമെന്റ് നടത്തിയ ട്രേഡ് ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് വ്യക്തമാകുന്നത്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്കവാദ് എന്നീ താരങ്ങളേയാണ് റോയല്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു താരങ്ങളേയും വിട്ടുകൊടുക്കാന്‍ തയാറല്ലെന്നാണ് ചെന്നൈയുടെ നിലപാട്. ഇതോടെ ചെന്നൈ ഫ്രാഞ്ചൈസിയിലേക്ക് താരം എത്തില്ലെന്നാണ് സൂചന. സി.എസ്.കെയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സഞ്ജുവിനെ ഏതെങ്കിലും താരങ്ങളുമായി കൈമാറ്റത്തിന് സാധ്യതയുണ്ടോ എന്നറിയാല്‍ റോയല്‍സ് മറ്റുപല ഫ്രാഞ്ചൈസികള്‍ക്കും കത്തയച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ മനോജ് ബാദ്ലെ ഇ മെയില്‍ വഴിയാണ് മറ്റ് ഫ്രാഞ്ചെസികള്‍ക്ക് സന്ദേശം നല്‍കിയത്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ കൈമാറാന്‍ തയ്യാറാണ്. പകരം താരങ്ങളെ ലഭിച്ചാല്‍, ആഗ്രഹിക്കുന്ന വില ലഭിച്ചാല്‍ സഞ്ജുവിനെ കൈമാറമെന്ന് സന്ദേശത്തില്‍ പറയുന്നു. താരകൈമാറ്റത്തില്‍ അന്തിമ തീരുമാനം രാജസ്ഥാന്‍ മാനേജ്‌മെന്റിന്റേതായതിനാല്‍ പ്രതീക്ഷിക്കുന്ന വില ലഭിച്ചില്ലെങ്കില്‍ സഞ്ജു രാജസ്ഥാനില്‍ തന്നെ തുടരാനും സാധ്യതയുണ്ട്.

അതേ സമയം രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ട്രേഡിംഗ് നടക്കാന്‍ സാധ്യതയില്ലെന്ന് സിഎസ്‌കെ സ്പിന്നര്‍ ആര്‍ അശ്വിന്‍ പറയുന്നു. അശ്വിന്റെ വിശദീകരണം ഇങ്ങനെ: ''സഞ്ജുവിനെ ട്രേഡ് ചെയ്താല്‍, രാജസ്ഥാന് അതേ ഇംപാക്റ്റ് ഉണ്ടാക്കുന്ന ഒരു താരത്തെ ലഭിക്കാന്‍ സാധ്യത കുറവാണ്. മാത്രമല്ല, സിഎസ്‌കെ സാധാരണയായി ട്രേഡിംഗില്‍ വിശ്വസിക്കുന്നില്ല. രവീന്ദ്ര ജഡേജയെയോ ശിവം ദുബെയെയോ പോലുള്ള കളിക്കാരെ അവര്‍ ട്രേഡ് ചെയ്യാന്‍ പോകുന്നില്ല. ഞാന്‍ വിശദീകരിച്ചതുപോലെ, സഞ്ജു സിഎസ്‌കെയിലേക്ക് വരാനുള്ള സാധ്യത കുറവാണ്. ഇത്തരത്തിലുള്ള ട്രേഡില്‍ നിന്ന് രാജസ്ഥാന് വലിയ നേട്ടമൊന്നുമില്ല.'' അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അടുത്ത സീസണ്‍ ഐ.പി.എല്ലിനു മുന്നോടിയായുള്ള മിനി ലേലത്തില്‍ സഞ്ജുവിന്റെ പേര് വരാനുള്ള സാധ്യത കുറവാണെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ സ്വന്തമാക്കാനായി സി.എസ്.കെയ്ക്കു പുറമെ മറ്റുപല ഫ്രാഞ്ചൈസികള്‍ക്കും താല്‍പര്യമുണ്ട്. 2024 സീസണിലെ വിജയികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് താരകൈമാറ്റത്തിന് താല്‍പര്യമുണ്ടെന്ന് അറിയിച്ചതായി നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനൊപ്പം സഞ്ജുവിന്റെ കൈമാറ്റത്തില്‍ തീരുമാനമായെന്ന രീതിയില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

റോയല്‍സിന്റെ പല തീരുമാനങ്ങളിലും സഞ്ജുവിന് കടുത്ത അതൃപ്തിയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മെഗാലേലത്തില്‍ ജോസ് ബട്ലറെ ടീം വിട്ടുകളഞ്ഞത് സഞ്ജുവിനെ നിരാശനാക്കിയെന്നാണ് താരത്തോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. രാജസ്ഥാനുവേണ്ടി ഏഴ് സീസണുകളിലെ 83 മത്സരങ്ങളില്‍ നിന്ന് 3055 റണ്‍സടിച്ച ജോസ് ബട്‌ലറെ കൈവിടാനുള്ള തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ജോസ് ബട്ലര്‍ക്ക് പകരം ഷിമ്രോണ്‍ ഹെറ്റ്മെയറെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ബട്ലറെ കൈവിട്ടത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്ന് കഴിഞ്ഞ ഐ.പി.എല്‍ താരലേലത്തിനുശേഷം സഞ്ജു പറഞ്ഞിരുന്നു.

നേരത്തെ, സഞ്ജു തന്നെയാണ് അടുത്ത സീസണില്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. സഞ്ജുവിനെ ഒഴിവാക്കിയാല്‍ ജയ്സ്വാളിനെ റോയല്‍സ് നായകനായി പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. വൈഭവ് സൂര്യവന്‍ഷി ഓപ്പണറായി തിളങ്ങിയതും റിയാന്‍ പരാഗിന് ടീം മാനേജ്മെന്റിലുള്ള സ്വാധീനവും സഞ്ജു ടീം വിടാന്‍ താല്‍പര്യപ്പെടുന്നതിന് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ ടീം വിടില്ലെന്ന് സഞ്ജുവും പ്രതികരിച്ചിരുന്നു. എന്നിരുന്നാലും റോയല്‍സ് മാനേജ്‌മെന്റിന്റെ തീരുമാനം അറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

2012 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നാണ് സാംസണ്‍ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്, പക്ഷേ ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അടുത്ത വര്‍ഷത്തെ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തെ വാങ്ങി, തുടര്‍ന്ന് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. 2015 വരെ രാജസ്ഥാനു വേണ്ടി കളിച്ചു. തുടര്‍ന്ന് രാജസ്ഥാനെ രണ്ട് വര്‍ഷത്തേക്ക് ബാന്‍ ചെയ്തപ്പോള്‍ 2016, 2017 സീസണുകളില്‍ സഞ്ജു ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) വേണ്ടി കളിച്ചു. എന്നിരുന്നാലും, 2018ല്‍ അദ്ദേഹം വീണ്ടും രാജസ്ഥാനിലേക്ക് മടങ്ങി. 2022ല്‍ അവരെ അവരുടെ രണ്ടാമത്തെ ഫൈനലിലേക്ക് നയിച്ചു, പക്ഷേ പരാജയപ്പെട്ടു.

സഞ്ജു ആര്‍ആറില്‍ തുടരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാരണം കളിക്കാരന്‍ വിട്ടുപോകാന്‍ ആഗ്രഹിച്ചാലും തീരുമാനം ആത്യന്തികമായി ഫ്രാഞ്ചൈസിയുടെ കൈകളിലാണ്. 18 കോടി രൂപ പ്രതിഫലത്തിന് 2025 മെഗാതാര ലേലത്തിന് മുമ്പ് ആര്‍ആര്‍ സഞ്ജുവുമായി കരാര്‍ ഒപ്പിട്ടതാണ്. കരാര്‍ പുതുക്കാനോ വിട്ടയക്കാനോ ഉള്ള അധികാരം ഫ്രാഞ്ചൈസിക്ക് മാത്രമാണ്. റിലീസിന് തയ്യാറല്ലെങ്കില്‍ സഞ്ജു 19-ാം പതിപ്പില്‍ റോയല്‍സില്‍ തുടരേണ്ടിവരും.