- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
‘സാർ എന്റെ ലക്കി പേഴ്സൺ, നിങ്ങളെ കാണുന്നത് വലിയ ഭാഗ്യമാണ്; ദയവായി എല്ലാ കളിയിലും വരണം; സഞ്ജുവിന് മറുപടി നൽകി രവി ശാസ്ത്രി

ചെന്നൈ: തുടർച്ചയായ മൂന്നു മത്സരങ്ങളിലെ പരാജയം ഏൽപ്പിച്ച സമ്മർദമുണ്ടായിരുന്നു, പക്ഷേ തന്റെ ശൈലി മാറ്റാൻ മലയാളി താരം സഞ്ജു സാംസൺ തയ്യാറായിരുന്നില്ല. ആ ആത്മവിശ്വാസം ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലെ കന്നി സെഞ്ചറിയിലേക്കും സീസണിലെ ചെന്നൈയുടെ ആദ്യ വിജയത്തിലേക്കും സഞ്ജുവിനെ നയിച്ചു. ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്.
മത്സരശേഷം തന്റെ മനസ്സിലുണ്ടായിരുന്ന ആശങ്കകളെക്കുറിച്ച് സഞ്ജു തുറന്നുപറഞ്ഞു. "സത്യസന്ധമായി പറഞ്ഞാൽ, നിങ്ങൾ എത്ര മികച്ച ഫോമിലാണെങ്കിലും ഒന്നോ രണ്ടോ പരാജയങ്ങൾ മതി മനസ്സിനെ സമ്മർദത്തിലാക്കാൻ. തുടക്കത്തിൽ ആക്രമിച്ചു കളിക്കണോ അതോ ഗെയിം പ്ലാൻ മാറ്റണോ എന്ന ചിന്ത അലട്ടിയിരുന്നു. പക്ഷേ എനിക്ക് റിസൽറ്റ് നൽകിയ ശൈലിയിൽ തന്നെ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമാണ് ഇന്നത്തെ ഇന്നിങ്സ്"- സഞ്ജു വ്യക്തമാക്കി.
തനിക്ക് ഭാഗ്യം കൊണ്ടുവരുന്നത് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയാണെന്നും സഞ്ജു തമാശരൂപേണ പറഞ്ഞു. ആദ്യ ഇന്നിങ്‌സുകളിൽ തിളങ്ങാൻ കഴിയാതിരുന്നതിന്റെ ഭാരം ഇറക്കിവെച്ചോ എന്ന മുൻ ഇന്ത്യൻ പരിശീലകന്റെ ചോദ്യത്തിനാണ് സഞ്ജു മറുപടി നൽകിയത്. "താങ്കൾക്ക് നന്ദി. ഓരോ കളിക്ക് മുമ്പും നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു, അതുകൊണ്ട് ദയവായി എല്ലാ കളിയിലും വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു"- ശാസ്ത്രിയോട് സഞ്ജു പറഞ്ഞു. എന്നാൽ ഇത്രയ്ക്ക് വിനയം വേണ്ടെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി.
ബാറ്റിങ്ങിന് അനുകൂലമായ പിച്ചൊരുക്കിയ ക്യുറേറ്റർക്കും താരം നന്ദി അറിയിച്ചു. 56 പന്തിൽ പുറത്താകാതെ 115 റൺസെടുത്ത സഞ്ജുവിന്റെ കരുത്തിലാണ് ചെന്നൈ 20 ഓവറിൽ 212 റൺസ് അടിച്ചുകൂട്ടിയത്. 15 ഫോറും 4 സിക്സറും അടങ്ങുന്നതായിരുന്നു ആ വെടിക്കെട്ട്. ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദുമായി (15) ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്ത സഞ്ജു, രണ്ടാം വിക്കറ്റിൽ ആയുഷ് മാത്രെയെ (36 പന്തിൽ 59) കൂട്ടുപിടിച്ച് 113 റൺസിന്റെ വമ്പൻ കൂട്ടുകെട്ടുണ്ടാക്കി. അവസാന ഓവറുകളിൽ ശിവം ദുബെയും (10 പന്തിൽ 20) തിളങ്ങിയതോടെ ചെന്നൈ സ്കോർ 200 കടന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ട്രിസ്റ്റൺ സ്റ്റബ്സ് (38 പന്തിൽ 60) തകർത്തടിച്ചെങ്കിലും വിജയലക്ഷ്യത്തിന് 23 റൺസ് അകലെ അവർ പുറത്തായി (189 ഓൾ ഔട്ട്). പതും നിസങ്ക (41) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 18 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ജാമി ഓവർട്ടന്റെ പന്തുകളാണ് ഡൽഹിയുടെ നടുവൊടിച്ചത്. അൻഷുൽ കംബോജ് രണ്ട് വിക്കറ്റെടുത്തു.


