- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകറെക്കോർഡിനരികെ..; ഇന്ന് 85 റണ്‍സ് അടിച്ചാൽ ഹാഷിം ആംലയും പിന്നിൽ; 50 മത്സരങ്ങൾ തികയ്ക്കും മുന്നേ 2500 റണ്‍സ് നേടുന്ന ആദ്യ ബാറ്ററാകാൻ ശുഭ്മാൻ ഗിൽ
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ അനായാസ വിജയത്തിന് ചുക്കാൻ പിടിച്ചത് ഗില്ലിന്റെ ബാറ്റിംഗ് മികവായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താനായില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ പക്വതയോടെയാണ് ഗിൽ ബാറ്റ് ചെയ്തത്. 96 പന്തില്‍ 87 റണ്‍സ് നേടിയ ഗില്ലായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ന് ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡിന് അരികിലാണ് ഗില്‍.
രണ്ടാം ഏകദിനത്തില്‍ 85 റണ്‍സ് കൂടി നേടിയാല്‍ ഗില്ലിന് ഏകദിന ക്രിക്കറ്റില്‍ 2500 റണ്‍സ് തികയ്ക്കാനാവും. 48 മത്സരങ്ങളില്‍ 2415 റണ്‍സാണ് നിലവില്‍ ഗില്ലിന്‍റെ പേരിലുള്ളത്. ഇന്നത്തെ മത്സരത്തിൽ 2500 റണ്‍സ് തികച്ചാല്‍ ലോക ക്രിക്കറ്റില്‍ 50ല്‍ താഴെ ഏകദിന മത്സരങ്ങളില്‍ 2500 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം ഗില്ലിന് സ്വന്തമാവും. നിലവില്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് തികച്ചതിന്‍റെ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം ആംലയുടെ പേരിലാണ്. 53 ഏകദിനങ്ങളില്‍ നിന്നാണ് ആംല 2500 റണ്‍സ് തികച്ചത്.
2019 ജനുവരി 31ന് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയ ഗില്‍ ഇതുവരെ കളിച്ച 48 മത്സരങ്ങളില്‍ അഞ്ച് അസെഞ്ചുറിയും 20 അര്‍ധസെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. 50ല്‍ താഴെ ഏകദിനങ്ങളില്‍ 20 അര്‍ധസെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററുമാണ് നിലവില്‍ ഗില്‍. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവില്‍ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി
ഇംഗ്ലണ്ട് ടീം: ഫിലിപ് സോൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‍ലർ (ക്യാപ്റ്റൻ), ലിയാം ലിവിങ്സ്റ്റൺ, ജെയ്മി ഓവർട്ടൻ, ഗസ് അറ്റ്കിൻസൻ, ആദിൽ റഷീദ്, മാർക്ക് വുഡ്, സാഖിബ് മഹ്മൂദ്