ദുബായ്: ഏഷ്യാകപ്പ് ഗ്രൂപ്പ് പോരാട്ടത്തിലെ തോല്‍വിയും ഹസ്തദാന വിവാദവും ഏല്‍പ്പിച്ച നാണക്കേടിന് പിന്നാലെയാണ് സൂപ്പര്‍ ഫോര്‍ മത്സരത്തിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത്. പാക്കിസ്ഥാനെ ഇന്ത്യയെ ആറു വിക്കറ്റിനു തകര്‍ത്തെങ്കിലും മത്സരത്തിനിടെ പാക്ക് താരങ്ങള്‍ നടത്തിയ 'പ്രകോപനങ്ങളുടെ' വാര്‍ത്തകളാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ ഓപ്പണര്‍മാരുടെ തല്ലുവാങ്ങിക്കൂട്ടി കളി തോറ്റെങ്കിലും വാക്‌പോരും ആംഗ്യങ്ങളുമായി പാക്ക് താരങ്ങള്‍ മത്സരത്തില്‍ ഉടനീളം പ്രകോപനം തുടര്‍ന്നിരുന്നു. മത്സരത്തിനിടെ തങ്ങളെ 'ചൊറിഞ്ഞ' പാക്കിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങളായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും.


പാക് പേസര്‍ ഹാരിസ് റൗഫുമായി ഗ്രൗണ്ടില്‍ നടത്തിയ വാക് പോരിന് ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും മത്സരശേഷം മറുപടി നല്‍കി. പാകിസ്ഥാന്‍ താരങ്ങളുടെ അനാവശ്യ പ്രകോപനമാണ് തകര്‍ത്തടിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങില്‍ അഭിഷേക് ശര്‍മ്മ പറഞ്ഞു. ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കാന്‍ ശ്രമിക്കുന്നത് ടീമിന്റെ പിന്തുണയുള്ളതുകൊണ്ടാണെന്നും അഭിഷേക് ശര്‍മ വ്യക്തമാക്കി. ഒരു കാര്യവുമില്ലാതെ അവര്‍ അനാവശ്യമായി പ്രകോപിപ്പിക്കുകയായിരുന്നു. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് തിരിച്ചടിച്ചത്. സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ച് കളിക്കുന്നവരാണ് ഞാനും ഗില്ലും, ഞങ്ങളുടെ കൂട്ടുകെട്ട് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് ബാറ്റിംഗിനിറങ്ങും മുമ്പ് ഞങ്ങള്‍ രണ്ടുപേര്‍ക്കും ആത്മവിശ്വാസമുണ്ടായിരുന്നു. എന്നെപ്പോലെ ഗില്ലും തിരിച്ചടിച്ചത് ശരിക്കും സന്തോഷിപ്പിച്ചുവെന്നും അഭിഷേക് പറഞ്ഞു. ഇരുവരും ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ താരങ്ങളാണ്. അണ്ടര്‍ 19 കാലഘട്ടം മുതല്‍ ദേശീയ തലത്തിലും ഇരുവരും മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളാണ്.

''ഒരു കാരണവുമില്ലാതെ അവര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു, എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് തിരിച്ചടിച്ചത്. ടീമിനായി ഡെലിവര്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ഗില്ലിനൊപ്പം സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ചു കളിക്കുന്നതാണ്. ഈ കമ്പനി ഞാന്‍ ആസ്വദിക്കുന്നു. ഞങ്ങള്‍ ചെയ്യുമെന്ന് ഉറപ്പിച്ചു, ഇന്ന് ഞങ്ങളുടെ ദിവസമായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ഇങ്ങനെ കളിക്കുന്നുണ്ടെങ്കില്‍ അതു ടീം നല്‍കുന്ന പിന്തുണയുള്ളതുകൊണ്ടാണ്'' അഭിഷേക് പറഞ്ഞു.

മത്സരശേഷം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് പോസ്റ്റിലും അഭിഷേകിന്റെ മറുപടി കൃത്യമായിരുന്നു. 'നിങ്ങള്‍ സംസാരിക്കും, ഞങ്ങള്‍ ജയിക്കും' എന്ന കുറിപ്പോടെയാണ് അഭിഷേക്, മത്സരത്തിലെ ചിത്രങ്ങള്‍ പങ്കുവച്ചത്. 'വാക്കുകളല്ല സംസാരിക്കുന്നത്, മത്സരമാണ്' എന്നായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ പോസ്റ്റ്. നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കു, ഞങ്ങള്‍ ജയിച്ചുകൊണ്ടിരിക്കാം എന്നായിരുന്നു അഭിഷേക് കുറിച്ചത്. വാക്കുകള്‍ കൊണ്ടല്ല, കളി കൊണ്ടാണ് കാണിക്കേണ്ടത് എന്നായിരുന്നു ഗില്ലിന്റെ എക്‌സ് പോസ്റ്റ്. ഇരുവര്‍ക്കും പിന്തുണയുമായി ഇന്ത്യന്‍ ആരാധകരും കമന്റുമായി എത്തി.

മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തകര്‍ത്തടിക്കുന്നതിനിടെയാണ് പന്തെറിയുകയായിരുന്ന ഹാരിസ് റൗഫ് നോണ്‍ സ്‌ട്രൈക്കറായിരുന്ന അഭിഷേകിനോട് തട്ടിക്കയറിയത്. ഒരു കാരണവുമില്ലാതെ അഭിഷേകിനോട് വാക് പോരു നടത്തിയ റൗഫിനുനേരെ നിന്ന് അഭിഷേകും മറുപടി പറഞ്ഞതോടെ അമ്പയര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. ഇതിനിടെയെത്തിയ ശുഭ്മാന്‍ ഗില്ലും റൗഫിനുനേരെ എന്തോ വിളിച്ചുപറയുന്നുണ്ടായിരുന്നു.ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ അഞ്ചാം ഓവറിലായിരുന്നു സംഭവം. പാക്ക് പേസര്‍ ഹാരിസ് റൗഫ് എറിഞ്ഞ ആദ്യ ഓവറായിരുന്നു അത്. രണ്ടു ഫോറടക്കം 12 റണ്‍സാണ് ആ ഓവറില്‍ റൗഫ് വഴങ്ങിയത്. ഓവറിലെ അവസാന പന്തില്‍ ഗില്‍ ഫോറടിച്ചതിനു പിന്നാലെ റൗഫ് പ്രകോപനവുമായി എത്തുകയായിരുന്നു. ഗില്‍ ചുട്ടമറുപടി നല്‍കിയതോടെ അഭിഷേകും എത്തി. പിന്നാലെ അഭിഷേകും റൗഫും തമ്മിലായി വാക്‌പോര്. ഇതോടെ അംപയര്‍ ഗാസല്‍ സോഹല്‍ ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കുകയായിരുന്നു.

39 പന്തില്‍ 5 സിക്‌സും 6 ഫോറുമടക്കം 74 റണ്‍സുമായി തകര്‍ത്തടിച്ച അഭിഷേകിന്റെ ബലത്തില്‍ ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചത്. 7 പന്ത് ബാക്കി നില്‍ക്കെ 6 വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. സ്‌കോര്‍: പാക്കിസ്ഥാന്‍ 20 ഓവറില്‍ 5ന് 171. ഇന്ത്യ 18.5 ഓവറില്‍ 4ന് 174. ഒന്നാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം (28 പന്തില്‍ 47) സെഞ്ചറിക്കൂട്ടുകെട്ടുമായി (59 പന്തില്‍ 105) ഇന്ത്യന്‍ ചേസിന് അടിത്തറയിട്ട അഭിഷേകാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.