- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ദിനം കളിതീരാന്‍ ആറുമിനിറ്റോളം ബാക്കി; ബുമ്രയെ പേടിച്ച് സമയം കളഞ്ഞ് ക്രോളി; ഓരോ പന്തും നേരിടാന്‍ പതിവിലും 'ഒരുക്കം'; കാര്യം പിടികിട്ടിയതോടെ അശ്ലീലവര്‍ഷവുമായി ഗില്‍; ഫിസിയോയെ വിളിച്ചതോടെ കയ്യടിച്ച് ഇന്ത്യന്‍ താരങ്ങള്‍; മുന്‍താരങ്ങളുടെ വാക്പോര്; ലോര്‍ഡ്സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇംഗ്ലണ്ട്
ലോര്‍ഡ്സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇംഗ്ലണ്ട്
ലോര്‍ഡ്സ്: ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിന് ഒപ്പമെത്തിയതോടെ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. മത്സരം ഇനി രണ്ട് ദിവസം കൂടി അവശേഷിക്കെ ഫലം പ്രവചനാതീതമായി കഴിഞ്ഞു. നാലാം ദിനത്തിലെ ആദ്യ സെഷനാകും മത്സരത്തിന്റെ ഗതി നിര്‍ണയിക്കുക. അതേ സമയം മൂന്നാം ദിനത്തിലെ അവസാന മിനിറ്റുകള്‍ ഇന്ത്യന്‍ പേസര്‍മാരെ, പ്രത്യേകിച്ച് ജസ്പ്രീത് ബുമ്രയെ നേരിടാനുള്ള ഇംഗ്ലണ്ട് ടീമിന്റെ പേടി ആരാധകരും തിരിച്ചറിഞ്ഞു. കളി തീരാന്‍ ആറ് മിനിറ്റുകള്‍ മാത്രം ശേഷിക്കെ നാടകീയ സംഭവങ്ങളാണ് ലോര്‍ഡ്‌സ് മൈതാനത്ത് അരങ്ങേറിയത്.
മൂന്നാം ദിനത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇംഗ്ലണ്ടും ഇന്ത്യയും കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സില്‍ ഇരു ടീമുകളും 387 റണ്‍സിനാണ് പുറത്തായത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒരോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സെന്ന നിലയിലാണ്. എന്നാല്‍, മൂന്നാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ചെങ്കിലും വേഗം കളിയവസാനിപ്പിക്കാന്‍ ഓപ്പണര്‍ സാക് ക്രോളി സമയം വൈകിപ്പിച്ചെന്ന ആരോപണമാണ് ഉയരുന്നത്. മൈതാനത്ത് ഇതുസംബന്ധിച്ച് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും ക്രോളിയും വാക്കേറ്റത്തിലേര്‍പ്പെട്ടു.
ഇംഗ്ലണ്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഘട്ടത്തില്‍ ആറുമിനിറ്റോളം ബാക്കി ഉണ്ടായിരുന്നു. കുറഞ്ഞത് രണ്ടോവര്‍ എങ്കിലും ഇന്ത്യക്ക് എറിയാം. എന്നാല്‍, ബുമ്ര എറിഞ്ഞ ആദ്യ ഓവറിനിടെ തന്നെ സാക് ക്രോളി സമയം കളയുന്നതാണ് കണ്ടത്. ആദ്യ പന്തില്‍ ക്രോളി റണ്ണൊന്നുമെടുത്തില്ല. രണ്ടാം പന്തില്‍ രണ്ട് റണ്‍സെടുത്തു. എന്നാല്‍, മൂന്നാം പന്ത് എറിയുന്നതിന് മുമ്പായി ക്രീസില്‍നിന്ന് മാറിയ ക്രോളി അല്‍പ്പസമയം കഴിഞ്ഞാണ് ബാറ്റിങ് തുടര്‍ന്നത്. ഇത് ഇന്ത്യന്‍ താരങ്ങളെ ചൊടിപ്പിച്ചു.
മൂന്നാം ദിനം വിക്കറ്റ് നഷ്ടപ്പെടാതിരിക്കാനായിരുന്നു സാക് ക്രോളിയുടെ ഈ പരാക്രമം. ബോളര്‍ പന്തെറിയാനെത്തുമ്പോള്‍ സ്റ്റംപിനു മുന്നില്‍നിന്ന് മാറിനിന്നും, ഓരോ പന്തും നേരിടാന്‍ പതിവിലും 'ഒരുക്കം' നടത്തിയും ക്രൗളി സമയം കളയാന്‍ ശ്രമിച്ചതോടെ, ഇന്ത്യന്‍ താരങ്ങള്‍ പ്രകോപിതരായി. അനിഷ്ടം പരസ്യമാക്കിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍, ക്രൗളിക്കെതിരെ അശ്ലീലവര്‍ഷം നടത്തിയാണ് കലിപ്പ് തീര്‍ത്തത്. ഇതിനിടെ ബുമ്രയുടെ പന്ത് കയ്യില്‍ കൊണ്ടതിന്റെ പേരില്‍ ക്രൗളി ഫിസിയോയെ വിളിക്കുക കൂടി ചെയ്തതോടെ, ഇന്ത്യന്‍ താരങ്ങള്‍ ചുറ്റുംനിന്ന് കയ്യടിച്ച് പരിഹസിക്കുകയും ചെയ്തു. ആദ്യം കയ്യടിച്ച് പരിഹസിച്ചെങ്കിലും പിന്നീട് ഗില്‍ ക്രോളിക്കു സമീപത്തുപോയി തര്‍ക്കിച്ചു. കൈചൂണ്ടി ഇരുതാരങ്ങളും വാക്ക്തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് ബുമ്ര ഒരു പന്ത് കൂടി എറിഞ്ഞതോടെ മൂന്നാം ദിനം കളിയവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ, ഇംഗ്ലണ്ടിലെ നാലാം ടെസ്റ്റ് സെഞ്ചറിയും ലോഡ്‌സിലെ രണ്ടാം സെഞ്ചറിയും കുറിച്ച രാഹുലിന്റെ (100) പോരാട്ട മികവില്‍ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയത് 387 റണ്‍സ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടും 387 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സ് പ്രതീക്ഷിച്ചതിലും വേഗം അവസാനിച്ചതോടെയാണ് മൂന്നാം ദിനം അവസാന സെഷനില്‍ ഏതാനും മിനിറ്റുകള്‍ ബാറ്റു ചെയ്യാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതരായത്. ഏതാനും ഓവറുകള്‍ മാത്രമേ കളി നടക്കൂ എന്നിരിക്കെ, ഏതു വിധേനയും വിക്കറ്റ് കളയാതെ പിടിച്ചുനിന്ന് ഇന്ത്യയ്ക്ക് മേല്‍ക്കൈ ലഭിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇംഗ്ലിഷ് ഓപ്പണര്‍മാരുടെ ശ്രമം. ഇതിന്റെ ഭാഗമായിരുന്നു സാക് ക്രൗളിയുടെ സമയംകൊല്ലി പരിപാടികള്‍.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കായി ബോളിങ് ഓപ്പണ്‍ ചെയ്തത് ജസ്പ്രീത് ബുമ്രയാണ്. ബുമ്രയുടെ ഓവറിലെ ആദ്യ പന്തു മുതല്‍ സമയം കളയാനുള്ള ക്രൗളിയുടെ വ്യഗ്രത വ്യക്തമായിരുന്നു. ബാറ്റിങ്ങിനു തയാറായി നില്‍ക്കുമെങ്കിലും, ബുമ്ര റണ്ണപ്പ് എടുത്ത് പന്തെറിയാന്‍ തുടങ്ങുമ്പോള്‍ ക്രീസില്‍ നിന്ന് മാറിനില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള 'നമ്പറു'കളാണ് ക്രൗളി പയറ്റിയത്.
സമയം കളയാനുള്ള ശ്രമം ക്രൗളി ആവര്‍ത്തിച്ചതോടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗില്‍ താരത്തിനെതിരെ അശ്ലീലവര്‍ഷം നടത്തി. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. ഇതിലൊന്നും കുലുങ്ങാതെ ക്രൗളി സമയം കളയാന്‍ ശ്രമിച്ചതോടെ ഒരുവേള ഗില്‍ കൈചൂണ്ടി താരത്തിന് സമീപമെത്തുകയും ചെയ്തു. തിരികെ കൈവിരല്‍ ചൂണ്ടി സംസാരിച്ചാണ് ക്രൗളി തിരിച്ചടിച്ചത്. ഇതിനിടെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ബെന്‍ ഡക്കറ്റും പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ബുമ്രയുടെ അഞ്ചാം പന്ത് ക്രൗളിയുടെ കയ്യിലിടിച്ചതും താരം ഫിസിയോയുടെ സഹായം തേടിയതും. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ചുറ്റിലും നിന്ന് കയ്യടിച്ച് പരിഹസിച്ച് കലിപ്പ് തീര്‍ത്തു.
ക്രൗളിയുടെ സമയംകൊല്ലി പരിപാടികള്‍ വിജയിച്ചതോടെ, മൂന്നാം ദിനം ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത് ഒരേയൊരു ഓവര്‍ മാത്രമാണ്. ഒരു ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ രണ്ടു റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് ഇന്ന് ബാറ്റിങ് പുനരാരംഭിക്കും.
നേരത്തെ, രാഹുലിന്റെ സെഞ്ചറിക്കൊപ്പം കൈവിരലിലെ പരുക്കിനെ വകവയ്ക്കാതെ പൊരുതിയ ഋഷഭ് പന്തും (74) വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതിയ രവീന്ദ്ര ജഡേജയുമാണ് (72) ഇന്ത്യയെ ഇംഗ്ലണ്ട് സ്‌കോറിനൊപ്പം എത്തിച്ചത്. വെറും 11 പന്തുകള്‍ക്കിടെ 2 നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ 5ന് 254 എന്ന സ്‌കോറിലേക്ക് വീണെങ്കിലും രവീന്ദ്ര ജഡേജയുടെ പരിചയ സമ്പത്ത് ഇന്ത്യയെ കരകയറ്റി. നിതീഷ് റെഡ്ഡിക്കൊപ്പം (30) 72 റണ്‍സിന്റെയും വാഷിങ്ടന്‍ സുന്ദറിനൊപ്പം 50 റണ്‍സിന്റെയും കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ ജഡേജയ്ക്കു കഴിഞ്ഞു. ഒടുവില്‍ 114ാം ഓവറില്‍ ജഡേജയെ ക്രിസ് വോക്‌സ് പുറത്താക്കിയതോടെ ഇന്ത്യയുടെ ചെറുപ്പുനില്‍പും ഏറക്കുറെ അവസാനിച്ചു.