ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ ടീം പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ആരാധകരുടെ ആകാംക്ഷ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഓപ്പണറായി കളിക്കുമോ എന്നാണ്. ഇന്ത്യന്‍ ടീമില്‍ ഇടം ഉറപ്പിച്ചെങ്കിലും സഞ്ജു ബാറ്റിംഗ് ക്രമത്തില്‍ എവിടെ ഇറങ്ങും എന്നതാണ് ചോദ്യം. പരിശീലനത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പുറത്തിരിക്കേണ്ടി വന്നാല്‍ സഞ്ജു സാംസണെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവിന് മധ്യനിരയില്‍ അഞ്ചാം നമ്പറിലായിരുന്നു ബാറ്റിംഗ് സ്ഥാനം ടീം മാനേജ്മെന്റ് നിശ്ചയിച്ചിരുന്നത്. മികച്ച ഫോമിലുള്ള സഞ്ജുവിനെ ടോപ് ഓര്‍ഡറിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ആരാധകരിലും മുന്‍ താരങ്ങളിലും സജീവമാണ്.

ഗില്ലിന്റെ പരിക്ക് ഗുരുതരമോ?

ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. പരിശീലനത്തിനിടെ താരത്തിന്റെ വലതു കൈക്ക് പന്തുകൊണ്ട് പരിക്കേറ്റതായാണ് സൂചന. ശനിയാഴ്ച പരിശീലനത്തിനിടെ താരത്തിന്റെ കൈയ്ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. പരിക്കിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഗില്‍ പരിശീലനത്തിനിടെ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുന്നതും പിന്നീട് മൈതാനം വിടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിക്കേറ്റ ഗില്ലിന്റെ അടുത്തെത്തി കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംസാരിക്കുന്നത് കാണാമായിരുന്നു. ഗില്ലിന്റെ പരിക്കിനെ കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പ്രതികരിച്ചിട്ടില്ല. യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ശുഭ്മാന്‍ ഗില്ലായിരുന്നു.

പരിക്ക് ഗുരുതരമാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഗില്ലിന് ഞായറാഴ്ച വിശ്രമം അനുവദിച്ചാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിങ് റോളില്‍ എത്തിയേക്കും. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു യുഎഇക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നില്ല. താരത്തെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാനാണ് തീരുമാനമെടുത്തിരുന്നത്. അതേസമയം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഗില്‍ ഒമ്പത് പന്തില്‍ നിന്ന് 20 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ആദ്യ മത്സരത്തില്‍ യുഎഇയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ വരുന്നതെങ്കില്‍ ഒമാനെതിരേ 93 റണ്‍സിന്റെ കൂറ്റന്‍ ജയവുമായാണ് പാകിസ്താന്റെ വരവ്. ഇന്നത്തെ മത്സരഫലം എ ഗ്രൂപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിനാല്‍ ഇരുടീമുകളും ആവേശത്തിലാണ്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം ആറരമണിക്കാണ് (ഇന്ത്യന്‍ സമയം രാത്രി എട്ടുമണി) മത്സരം.

ബാറ്റിങ് പരിശീലകന്‍ പറഞ്ഞത്

ഏത് ബാറ്റിംഗ് നമ്പറിലേക്കും പരിഗണിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജു സാംസണ്‍ എന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തല്‍. സഞ്ജു സാംസണ്‍ അടക്കമുള്ളവരെ ഏത് ബാറ്റിംഗ് പൊസിഷനിലും പ്രതീക്ഷിക്കാമെന്നാണ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക് നല്‍കിയിരിക്കുന്ന സൂചന. 'നോക്കൂ, സഞ്ജു സാംസണ്‍ അഞ്ച്, ആറ് നമ്പറുകളില്‍ അധികം ബാറ്റ് ചെയ്തിട്ടില്ല. എന്നാല്‍ അതിനര്‍ഥം സഞ്ജുവിന് അവിടെ ഇറങ്ങാനാവില്ല എന്നല്ല. ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജു. ടീമിന്റെ ആവശ്യം അനുസരിച്ച് ക്യാപ്റ്റനും മുഖ്യ കോച്ചും തീരുമാനങ്ങളെടുക്കും. ഏത് നമ്പറിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിനും സന്തോഷമാണ്. ബാറ്റിംഗ് ക്രമം നോക്കിയാല്‍ ടീമിലെ എല്ലാ താരങ്ങളും ഏത് നമ്പറില്‍ ബാറ്റ് ചെയ്യാനും മത്സരം ഫിനിഷ് ചെയ്യാനും കഴിവുള്ളവരാണ്. സാഹചര്യത്തിന് അനുസരിച്ച് ഇറങ്ങാന്‍ കഴിയുന്ന നാലഞ്ച് താരങ്ങളുണ്ട് നമുക്ക്. യുഎഇക്കെതിരെ അഞ്ചാം നമ്പറിലായിരുന്നു സഞ്ജു സാംസണ്‍ ഇറങ്ങേണ്ടിയിരുന്നത്. അടുത്ത മത്സരത്തില്‍ ഏത് ബാറ്റിംഗ് സ്ഥാനത്ത് വേണമെങ്കിലും സഞ്ജു ഇറങ്ങാം. എല്ലാ താരങ്ങള്‍ക്കും അവരവരുടെ ചുമതലകളില്‍ കൃത്യമായ ബോധ്യമുണ്ട്. സാഹചര്യത്തിന് അനുസരിച്ചാണ് മറ്റ് തീരുമാനങ്ങളെടുക്കുക'- എന്നുമാണ് സിതാന്‍ഷു കോട്ടക്കിന്റെ വാക്കുകള്‍.