- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോള്‍ഡന്‍ ഡക്കായി ഗില്‍! രക്ഷയില്ലാതെ സൂര്യകുമാറും; അഞ്ച് റണ്‍സിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റ്; ആശ്വാസമായത് തിലക് വര്‍മ്മയുടെ അര്‍ധസെഞ്ച്വറി മാത്രം; രണ്ടാം ടി20 യില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി; ദക്ഷിണാഫ്രിക്കയുടെ ജയം 51 റണ്‍സിന്
രണ്ടാം ടി20 യില്‍ ഇന്ത്യന്‍ കനത്ത തോല്‍വി
മുല്ലന്‍പൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് കനത്ത പരാജയം. 51 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകര്‍ത്തത്. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 162 റണ്‍സ് നേടുന്നതിനിടെ എല്ലാവരും പുറത്തായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സെടുത്തത്.
തിലക് വര്‍മയുടെ പോരാട്ടം വിഫലം
അര്‍ധസെഞ്ചുറിയുമായി പൊരുതിയ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഇന്ത്യയെ വമ്പന്‍ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല.34 പന്തില്‍ 62 റണ്‍സുമായി പൊരുതിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജിതേഷ് ശര്‍മ 17 പന്തില്‍ 27 റണ്‍സടിച്ചപ്പോള്‍ അക്സര്‍ പട്ടേല്‍ 21 റണ്‍സെടുത്തു.ദക്ഷിണാഫ്രിക്കക്കായി ഓട്ട്നീല്‍ ബാര്‍ട്മാന്‍ നാലു വിക്കറ്റെടുത്തു.ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 1-1 എന്ന നിലയിലാണ്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ ഓവറില്‍ത്തന്നെ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായത് കനത്ത തിരിച്ചടിയായി. തുടര്‍ച്ചയായ രണ്ടാം ടി20-യിലും ഗില്ലിന് ഫോമിലേക്കുയരാനായില്ല. സ്വതസിദ്ധ ശൈലിയില്‍ ബാറ്റുവീശിയ അഭിഷേക് ശര്‍മ തൊട്ടടുത്ത ഓവറിലും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. എട്ടു പന്തില്‍ രണ്ട് സിക്‌സ് സഹിതം 17 റണ്‍സാണ് അഭിഷേകിന്റെ സമ്പാദ്യം. നാലാം ഓവറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (5) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി.എങ്കിലും ഒരറ്റത്ത് തിലക് വര്‍മ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. എട്ടാം ഓവറില്‍ അക്സറും(21 പന്തില്‍ 21) വീണതോടെ ഇന്ത് 67-4ലേക്ക് വീണു.
കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ആയ ഹാര്‍ദ്ദിക് ആയിരുന്നു പിന്നീട് ക്രീസിലെത്തിയത്. എന്നാല്‍ പാണ്ഡ്യക്ക് താളം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഇന്ത്യ കിതച്ചു. ഒരറ്റത്ത് തിലക് തകര്‍ത്തടിച്ചെങ്കിലും മറുവശത്ത് ഹാര്‍ദ്ദിക്കിന് റണ്ണടിക്കാനാവാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 27 പന്തില്‍ തിലക് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്‌കോറിംഗ് നിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ ഹാര്‍ദ്ദിക്കും മടങ്ങി. ഒരു ലൈഫ് ലഭിച്ചതിന് തൊട്ടു പിന്നാലെ സിംപാലയുടെ പന്തില്‍ ബ്രെവിസിന് ക്യാച്ച് നല്‍കിയാണ് ഹാര്‍ദ്ദിക്(23 പന്തില്‍ 20) പുറത്തായത്.
ജിതേഷേ ശര്‍മ തകര്‍പ്പനടികളോടെ ഫിനിഷ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. 17 പന്തില്‍ 27 റണ്‍സെടുത്ത ജിതേഷ് വീണതോടെ 157ന് അഞ്ച് എന്ന നിലയിലായി ഇന്ത്യ.പിന്നീടുള്ള അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. 162-ല്‍ നില്‍ക്കേ അവസാന മൂന്ന് വിക്കറ്റുകളും വീണു.ഒട്നീല്‍ ബാര്‍ട്മാന്റെ ഒരോവറില്‍ ശിവം ദുബെ(1), അര്‍ഷ്ദീപ് സിംഗ്(4), വരുണ്‍ ചക്രവര്‍ത്തി(0) എന്നിവര്‍ പുറത്തായി.ഒടുവില്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മയും(34 പന്തില്‍ 62) വീണതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി.ലുങ്കി എന്‍ഗിഡി, മാര്‍ക്കോ ജാന്‍സണ്‍, ലുതോ സിപംല എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി.
ഡികോക്കിന്റെ 'തിരിച്ചുവരവ്'
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ക്വിന്റന്‍ ഡികോക്കിന്റെ (90) കരുത്തിലാണ് 213/4 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഫോമിലല്ലായിരുന്ന ഡികോക്ക് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. 46 പന്തില്‍ 7 സിക്‌സും 5 ഫോറും ഉള്‍പ്പെടെയാണ് ഡികോക്ക് 90 റണ്‍സ് നേടിയത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്താണ് ഡികോക്കിനെ പുറത്താക്കിയത്.
ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (29), അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡൊനോവന്‍ ഫെരേര (30*), ഡേവിഡ് മില്ലര്‍ (20*) എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി 2 വിക്കറ്റ് നേടിയപ്പോള്‍ മറ്റുള്ളവര്‍ ധാരാളം റണ്‍സ് വഴങ്ങി.
വിജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയ്യാറാകാതിരുന്നതോടെ മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും ബെഞ്ചിലിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം 14-ന് ധരംശാലയില്‍ നടക്കും.




