ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യൻ ടീം സെലക്ഷനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത് വീണ്ടും രംഗത്ത്. യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്ത ശ്രീകാന്ത്, നിതീഷ് ഓൾറൗണ്ടറെങ്കിൽ താനും ഒരു മികച്ച ഓൾറൗണ്ടറാണെന്ന് പരിഹാസരൂപേണ പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലായ 'ചീക്കി ചീക്ക'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതീഷിന്റെ ബൗളിംഗ് കഴിവിനെ ചോദ്യം ചെയ്ത ശ്രീകാന്ത്, "ആരാണ് നിതീഷ് റെഡ്ഡിയെ ഒരു ഓൾറൗണ്ടർ എന്ന് വിളിക്കുന്നത്? അവന്റെ ബൗളിംഗ് കണ്ടിട്ട് ആർക്കെങ്കിലും അവനൊരു ഓൾറൗണ്ടറാണെന്ന് പറയാൻ കഴിയുമോ? അവൻ എം.സി.ജിയിൽ ഒരു സെഞ്ച്വറി നേടി, പക്ഷെ അതിനുശേഷം അവൻ എന്ത് ചെയ്തു? നിതീഷ് ഒരു ഓൾറൗണ്ടറെങ്കിൽ ഞാനുമൊരു മികച്ച ഓൾറൗണ്ടറാണ്" ശ്രീകാന്ത് തുറന്നടിച്ചു.

പരിശീലകൻ ഗൗതം ഗംഭീറിന്റെ സെലക്ഷൻ നയങ്ങളെയും ശ്രീകാന്ത് വിമർശിച്ചു. സ്ഥിരതയില്ലാത്ത മാറ്റങ്ങൾ വരുത്തുന്നതിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. "ഓരോ മത്സരം കഴിയുമ്പോഴും ഓരോരുത്തർ അരങ്ങേറ്റം കുറിക്കുകയാണ്. അവർക്ക് അതിനെ 'ട്രയൽ ആൻഡ് എറർ' എന്ന് വിളിക്കാം. ഗൗതം ഗംഭീറിന് എന്ത് വേണമെങ്കിലും പറയാം, ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. ഞാനൊരു മുൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്നു. എനിക്ക് സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണെന്ന് അറിയാം. ടീമിൽ സ്ഥിരത വേണം," ശ്രീകാന്ത് പറഞ്ഞു.

അക്സർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെയും, ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ ഷോട്ട് സെലക്ഷനെയും അദ്ദേഹം ചോദ്യം ചെയ്തു. ഗുവാഹത്തി ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചക്ക് പിന്നാലെയാണ് ശ്രീകാന്തിന്റെ രൂക്ഷ വിമർശനം.