വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ (ആര്‍ആര്‍) നയിക്കാന്‍ സഞ്ജു സാംസണ്‍ ഒരുങ്ങുന്നു. 2013 ല്‍, ഒരു കളിക്കാരനെന്ന നിലയില്‍ സാംസണ്‍ റോയല്‍സിനൊപ്പം തന്റെ യാത്ര ആരംഭിച്ചു. അന്ന് ടീമിനെ നയിച്ചിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ തനിക്ക് അവസരം ലഭിച്ചതെങ്ങനെയെന്ന് അദ്ദേഹം അടുത്തിടെ ഓര്‍മ്മിച്ചു. 2013 ലെ ട്രയല്‍സ് സമയത്ത് തന്നെ കണ്ടതിന് ശേഷം, ദ്രാവിഡ് തന്നോട് ടീമിനായി കളിക്കാന്‍ ആവശ്യപ്പെട്ടതെങ്ങനെയെന്ന് സഞ്ജു സാംസണ്‍ ഓര്‍മ്മിച്ചു.

''കാര്യങ്ങള്‍ എങ്ങനെ മാറി എന്നത് രസകരമാണ്. എന്റെ ആദ്യ സീസണില്‍, ട്രയല്‍സ് സമയത്ത് എന്നെ കണ്ടെത്തിയത് രാഹുല്‍ സാറായിരുന്നു. അന്ന് അദ്ദേഹം ക്യാപ്റ്റനായിരുന്നു, യുവ പ്രതിഭകളെ അദ്ദേഹം അന്വേഷിച്ച സമയം ആയിരുന്നു അത്. എന്നെ നോക്കിയ ശേഷം അദ്ദേഹം എന്റെ അടുത്തേക്ക് വന്നു ചോദിച്ചു, 'ശരി, നിങ്ങള്‍ക്ക് എന്റെ ടീമില്‍ കളിക്കാമോ?''' ജിയോഹോട്ട്സ്റ്റാറില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

എന്തായാലും കാലം സഞ്ജുവിനെ ടീമിന്റെ നായകനാക്കി. പുതിയ സീസണിന് മുമ്പ് ദ്രാവിഡ് മുഖ്യ പരിശീലകനായി ഫ്രാഞ്ചൈസിയില്‍ തിരിച്ചെത്തി. 2024 ടി20 ലോകകപ്പ് നേടിയതിന് ശേഷം ദ്രാവിഡിന്റെ പുതിയ അസൈന്‍മെന്റ് ആണ്. രാജസ്ഥാന്റെ പരിശീലക സ്ഥാനം. ''അന്നുമുതല്‍ ഇന്നുവരെ, അത് അവിശ്വസനീയമായി തോന്നുന്നു. ഇപ്പോള്‍, ഞാന്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാണ്, രാഹുല്‍ സര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിനെ പരിശീലിപ്പിക്കാന്‍ തിരിച്ചെത്തിയിരിക്കുന്നു എന്നത് സന്തോഷമുണ്ടാക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ അവരുടെ ഐപിഎല്‍ 2025 ലെ ആദ്യ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേടും.