- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സെഞ്ച്വറിയെങ്കിലും അടിക്കണമെന്ന് സഞ്ജുവിനോട് പറഞ്ഞു; താരത്തിന്റെ മറുപടി തന്നെ അമ്പരപ്പിച്ചു; തുറന്നുപറച്ചിലുമായി ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക്
ഒരു സെഞ്ച്വറിയെങ്കിലും അടിക്കണമെന്ന് സഞ്ജുവിനോട് പറഞ്ഞു

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ താരമായത് സഞ്ജു സാംസണായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അവസരം കിട്ടിയില്ലെങ്കിലും അവസാന മത്സരങ്ങളില്‍ സഞ്ജു നടത്തിയ മിന്നല്‍ പ്രകടനമാണ് ഇന്ത്യയെ കിരീടം നിലനിര്‍ത്താന്‍ സഹായിച്ചത്. തുടര്‍ച്ചയായ മൂന്ന് അര്‍ദ്ധസെഞ്ച്വറികളുമായി ടൂര്‍ണമെന്റിലെ മികച്ച താരമായി സഞ്ജു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വെസ്റ്റ് ഇന്‍ഡീസിനേതിരായ സൂപ്പര്‍ 8 മത്സരത്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവിന് നേരിയ വ്യത്യാസത്തില്‍ സെഞ്ചുറി നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 89 റണ്‍സില്‍ നില്‍ക്കെ കൂറ്റനടിക്ക് ശ്രമിച്ച് സഞ്ജുവിന് വീണ്ടും വിക്കറ്റ് നഷ്ടമായി. ഫൈനലിലും 89 റണ്‍സിലെത്തി താരം മടങ്ങി.
സഞ്ജുവിനോട് ഒരു സെഞ്ച്വറിയെങ്കിലും നീ നേടണമെന്ന് ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ സഞ്ജു പറഞ്ഞ മറപടി അപ്രതീക്ഷിതമായിരുന്നുവെന്നും ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക് പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് കോട്ടക് ഈ സംഭവം വിവരിച്ചത്.
സഞ്ജു, നീ ഒരു സെഞ്ച്വറി എങ്കിലും നേടണം എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു അവന്റെ മറുപടി: 'കോട്ടക് ഭായ്, ഒരു വശത്ത് ടീമിന് വ്യക്തിഗത നേട്ടങ്ങളല്ല പ്രധാനം എന്ന് നിങ്ങള്‍ പറയുന്നു, മറുവശത്ത് എന്നോട് സെഞ്ച്വറി അടിക്കാനും പറയുന്നു. ഇത് രണ്ടും എങ്ങനെ ഒരേസമയം സാധ്യമാകുമെന്നായിരുന്നു സഞ്ജു തിരിച്ചു ചോദിച്ചത്.
സഞ്ജുവിന്റെ ഈ പക്വതയാര്‍ന്ന മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോട്ടക് കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് സഞ്ജു ആ വാക്കുകളിലൂടെ വ്യക്തമാക്കുകയായിരുന്നു. ടൂര്‍ണമെന്റിന് മുന്‍പ് മോശം ഫോമിലായിരുന്ന സഞ്ജു, നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിന് ആവശ്യമായ പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും കോട്ടക് പറഞ്ഞു. ടീമിന് എപ്പോള്‍ എന്നെ ആവശ്യമുണ്ടോ, അപ്പോള്‍ ഞാന്‍ എന്റെ സംഭാവന നല്‍കും എന്നായിരുന്നു സഞ്ജു എപ്പോഴും പറഞ്ഞിരുന്നതെന്നും കൊട്ടക് ഓര്‍ത്തെടുത്തു.


