ദുബായ്: സൂപ്പര്‍ ഫോര്‍ റൗണ്ടിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഹതാരങ്ങള്‍ക്ക് സുപ്രധാന സന്ദേശം വ്യക്തമായിരിക്കുകയാണ്. മാധ്യമ സമ്മേളനത്തില്‍ ''നിങ്ങളുടെ റൂം പൂട്ടി അകത്തിരിക്കുക. ഫോണ്‍ ഓഫ് ചെയ്ത് സുഖമായി ഉറങ്ങുക'' എന്നും, മത്സരത്തിനായി ഒരോരുത്തരും ശ്രദ്ധകേന്ദ്രീകരിക്കണമെന്നും സൂര്യ അറിയിച്ചു. ''പറയാന്‍ എളുപ്പമാണ്, പക്ഷേ ഫോണ്‍ ഓഫ് ചെയ്ത് റൂമിലേക്ക് പോകുക അത്ര എളുപ്പമല്ല എന്ന് എനിക്ക് അറിയാം. പുറത്തുനിന്നുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും ഒഴിവാക്കാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം. മത്സരത്തിനായി തയ്യാറാകുമ്പോള്‍ മറ്റൊന്നും നിങ്ങളെ അലട്ടരുത്. ജയം മാത്രമേ ലക്ഷ്യം'' സൂര്യ പറഞ്ഞു.

അതേസമയം, ഏഷ്യാകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ഇന്ത്യപാക്കിസ്ഥാന്‍ 'വിവാദ' മത്സരം നിയന്ത്രിച്ച റഫറി ആന്‍ഡി പൈക്റോഫ്റ്റ് സൂപ്പര്‍ ഫോര്‍ റൗണ്ടിലും ഇന്ത്യപാക്ക് മത്സരത്തിന് മേല്‍നോട്ടം വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഐസിസിയുടെ എലീറ്റ് പാനലിലെ സിംബാവെക്കാരനായ പൈക്റോഫ്റ്റ് മത്സരത്തിന് എത്തുമെന്ന് ഉറപ്പ്. അതേസമയം മത്സരത്തിന് മുന്‍പായ നടത്തുന്ന മാധ്യമ സമ്മേളനം പാകിസ്ഥാന്‍ ടീം ഉപേക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സുനില്‍ ഗാവസ്‌കര്‍.

''വാര്‍ത്താസമ്മേളനങ്ങള്‍ നിര്‍ബന്ധമാണ്. അതില്‍ പങ്കെടുക്കാതിരുന്നാല്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുമോ, എനിക്കറിയില്ല. എങ്കിലും, മാധ്യമങ്ങളെ വിവരപകര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നത് അനിവാര്യമാണ്. ഊഹാപോഹങ്ങള്‍ ആശ്രയിക്കാതെ, ടീമുകള്‍ നേരിട്ട് കാഴ്ചപ്പാട് പങ്കുവെക്കുന്നത് എപ്പോഴും മികച്ചതാണ്'' ഗാവസ്‌കര്‍ പറഞ്ഞു. ഇങ്ങനെ ചെയ്തതിനാല്‍ പാകിസ്ഥാന്‍ ടീമിന് പിഴ ചുമത്താനോ പോയിന്റ് കുറയ്ക്കാനോ അദ്ദേഹം നിര്‍ദ്ദേശിച്ചു. ''വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാണെങ്കില്‍, അത് പാലിക്കാത്ത ടീമിന് ഒരു പോയിന്റ് കുറയ്ക്കുന്നത് ഒരു പ്രായോഗിക മാര്‍ഗമായിരിക്കും'' എന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.