അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഇതില്‍ നിര്‍ണായക റോള്‍ വഹിച്ചത് മലയാളി താരം സഞ്ജു സാംസണ്‍ ആയിരുന്നു. ടൂര്‍ണമെന്റിലെ താരമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ - ബാറ്റര്‍ സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ സഞ്ജു സാംസണുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെക്കുറിച്ച് ക്യാപ്ടന്‍ സൂര്യകുമാര്‍ യാദവിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധനേടുകയാണ്.

'മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന കീപ്പറാണ് സഞ്ജു സാംസണ്‍. ഒരിക്കല്‍ അദ്ദേഹം എന്നോടുവന്ന് ചോദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു, ടീമില്‍ എന്നില്‍ നിന്ന് എന്താണ് വേണ്ടതെന്ന് പറയൂ എന്നായിരുന്നു അവന്റെ ചോദ്യം. ആക്രമണങ്ങളെ തകര്‍ത്തെറിയുന്ന അതേ സഞ്ജു സാംസണെ ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞു. അപ്പോളദ്ദേഹം ടീമംഗങ്ങളോടായി പറഞ്ഞു 'നമ്മള്‍ക്കെന്താണോ വേണ്ടത് എന്നതിനപ്പുറം ടീമിനെന്താണോ വേണ്ടത്, നമ്മള്‍ അങ്ങനെ തന്നെ കളിക്കും. അപ്പോള്‍ മാത്രമേ പ്രത്യേകമായി നമുക്കെന്തെങ്കിലും നേടാനാകൂ 'എന്ന്.

കളിക്കാനിറങ്ങാത്ത സമയത്തും ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഇത് ബുദ്ധിമുട്ടേറിയ സമയമാണെന്നും അത് സധൈര്യം അംഗീകരിക്കണമെന്നും പറഞ്ഞു. ദൈവം എന്താണോ എഴുതിയിരിക്കുന്നത് അത് ലഭിക്കുമെന്ന് പറഞ്ഞു. അവസരം ലഭിക്കുകയാണെങ്കില്‍ അത് പിടിച്ചെടുക്കാനും ആ നിമിഷം ലോകം മുഴുവന്‍ സാക്ഷിയാകാനും അദ്ദേഹം സ്വയം തയ്യാറെടുക്കുകയായിരുന്നു'- എന്നാണ് സൂര്യകുമാര്‍ യാദവ് സഞ്ജുവുമൊത്തുള്ള സംഭാഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.